ഔ​സേ​ഫ് ജോ​ർ​ജ്​, ആ​ഗ​സ്തി മ​ത്താ​യി

ഓർമകൾ പങ്കുവെച്ച് സ്വാതന്ത്ര്യ സമര സേനാനികളായ ഔസേഫ് ജോർജും ആഗസ്തി മത്തായിയും

ക്വിറ്റ് ഇന്ത്യ സമരവും പിന്നെ ജയിൽവാസവും

തൊടുപുഴ: നാട് 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ കരിമണ്ണൂര്‍ പള്ളിക്കാമുറി മണിമല വീട്ടില്‍ ഔസേഫ് ജോർജിന്‍റെ മനസ്സിൽ ഓർമകളുടെ കൊടികൾ പാറുന്നു. സ്വാതന്ത്ര്യസമര ഭടന്മാർക്കൊപ്പം തെരുവിലിറങ്ങിയതും നിയമലംഘന സമരത്തിന് നേതൃത്വം നൽകിയതും അതിന്‍റെ പേരിൽ ലോക്കപ്പിൽ കിടക്കേണ്ടിവന്നതുമെല്ലാം 94ാം വയസ്സിലും ഔസേഫിന് ചെറുപ്പം വിടാത്ത ഓർമകളാണ്.

ഔസേഫിന്‍റെ മാതൃസഹോദരനായിരുന്നു സ്വാതന്ത്ര്യസമരത്തിന്‍റെ നേതൃനിരയിൽ പ്രവർത്തിച്ച, പിന്നീട് അസംബ്ലി സ്പീക്കറായ ആർ.വി. തോമസ്. ഇദ്ദേഹത്തിന്‍റെ പാത പിന്തുടർന്നാണ് പാലാ സെന്‍റ് തോമസ് കോളജിൽ വിദ്യാർഥിയായിരിക്കെ ഔസേഫ് രാഷ്ട്രീയത്തിൽ ഇറങ്ങിയത്. പാലാ തന്നെ ആയിരുന്നു പ്രവർത്തനകേന്ദ്രം.

മീനച്ചിൽ താലൂക്ക് വിദ്യാർഥി കോൺഗ്രസിന്‍റെ മുഖ്യ സംഘാടകനായിരുന്നു. തിരുവിതാംകൂറിലെ പ്രധാന നേതാക്കളായ പട്ടം താണുപിള്ള, ടി.എം. വർഗീസ്, ചെറിയാൻ കാപ്പൻ തുടങ്ങിയവർ അറസ്റ്റ് വാറന്‍റിനെത്തുടർന്ന് പൊൻകുന്നത്തിന് സമീപം കുരുവിനാക്കുന്നേൽ തറവാടിന്‍റെ തെങ്ങിൻതോപ്പിലെ തേങ്ങാക്കൂടിനടിയിലായിരുന്നു അന്ന് ഒളിവുജീവിതം. ഇവർക്ക് ഭക്ഷണസാധനങ്ങൾ എത്തിക്കുകയും അവരുടെ സന്ദേശങ്ങൾ നാട്ടിൽ പ്രചരിപ്പിക്കുകയുമായിരുന്നു ഔസേഫിന്‍റെ നേതൃത്വത്തിലുള്ള സംഘം ചെയ്തുവന്നത്.

1942ൽ ക്വിറ്റ് ഇന്ത്യ സമരത്തിന് ആഹ്വാനം ഉയർന്നപ്പോൾ ഇവർ വിദ്യാലയം വിട്ടിറങ്ങി പ്രകടനം നടത്തി. നിയമം ലംഘിച്ച് കോടതികളും സർക്കാർ ഓഫിസുകളും പിക്കറ്റ് ചെയ്ത ഔസേഫിനെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്ത് പാലായിലെ ലോക്കപ്പിൽ പാർപ്പിച്ചു. മറ്റുള്ളവരെ ചൂരലിന് അടിക്കുകയും തലമുണ്ഡനം ചെയ്ത് നടത്തുകയും ചെയ്തെങ്കിലും വിദ്യാർഥികളായ ഇവരോട് പൊലീസ് അൽപം ദയ കാണിച്ചു. വൈകാതെ പുറത്തിറങ്ങിയെങ്കിലും ഇവർ പൊലീസ് നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന്, ഏറെക്കാലം ഒളിവില്‍ പോകേണ്ടി വന്നു. സ്വാതന്ത്ര്യദിനത്തിലെ ആഹ്ലാദപ്രകടനവും രാപ്പകൽ നീണ്ട ആഘോഷങ്ങളുമൊന്നും ഔസേഫിന് മറക്കാനാവില്ല.

ഇന്‍റർമീഡിയറ്റിനുശേഷം തൃശൂർ കേരളവർമ കോളജിൽ ബി.എക്ക് ചേർന്ന ഔസേഫ് പൂങ്കുന്നത്തെ ഹോസ്റ്റലിലായിരുന്നു താമസം. അക്കാലത്ത് രണ്ട് വർഷത്തോളം ലീഡർ കെ. കരുണാകരനൊപ്പം സജീവമായി പ്രവർത്തിച്ചു. കെ.എം. മാണി ഇദ്ദേഹത്തിന്‍റെ സഹപാഠിയായിരുന്നു. 1966ൽ വെള്ളിയാമറ്റത്തും പിന്നീട് 1972ൽ പള്ളിക്കാമുറിയിലും താമസമാക്കി.തങ്ങൾ സ്വപ്നം കണ്ട രീതിയിൽ രാജ്യം മുന്നോട്ടുപോയില്ല എന്നതിൽ ഖേദമുണ്ടെന്ന് ഔസേഫ് പറയുന്നു. റോസക്കുട്ടിയാണ് ഭാര്യ. മക്കൾ: വിമല, ജോസ്, ഗീത, സീത, സുരേഷ്, കൊച്ചുറാണി, ജോർജ്കുട്ടി. 

പോരാട്ടം തന്നെ ജീവിതം

തൊടുപുഴ: പോരാടുക അല്ലെങ്കിൽ മരിക്കുക എന്ന സന്ദേശമാണ് സ്വാതന്ത്ര്യസമര സേനാനിയായ ആഗസ്തി മത്തായി 97ാം വയസ്സിലും പുതുതലമുറക്ക് നൽകുന്നത്. സ്വാതന്ത്ര്യത്തിന്‍റെ 75ാം വർഷത്തിലും ഈ വാക്കുകൾ ഉരുവിടുമ്പോൾ പഴയ സമരവീര്യം ആ മുഖത്തുണ്ട്. പാലാ മീനച്ചിൽ താലൂക്കിലും തൊടുപുഴ താലൂക്കിലും നടന്ന ഒട്ടേറെ സ്വാതന്ത്ര്യസമര പരിപാടികളിൽ സജീവമായിരുന്നു കരിങ്കുന്നം ഒറ്റല്ലൂർ കിഴക്കേമനക്കൽ ആഗസ്തി മത്തായി എന്ന കൊച്ചേട്ടൻ. യുവത്വം കത്തിനിൽക്കുന്ന കാലത്ത് മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു തുടങ്ങി ഉൾപ്പെടെ സ്വാതന്ത്ര്യ സമരസേനാനികളുടെ ജീവിതത്തിൽനിന്ന് ആവേശം ഉൾക്കൊണ്ടാണ് ആഗസ്തിയും സമരഭൂമിയിലിറങ്ങിയത്.

ക്വിറ്റ് ഇന്ത്യ സമരത്തിൽ സുഹൃത്തുക്കളോടൊപ്പം അണിചേർന്നതിനിടെ പൊലീസിന്‍റെ ക്രൂരമർദനങ്ങൾക്കും ജയിൽവാസത്തിനും പലതവണ ഇരയായി. ബ്രിട്ടീഷ് സർക്കാർ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചതിനെ തുടർന്ന് ഏറെക്കാലം ഒളിവിൽ കഴിയേണ്ടി വന്നു. നെല്ലാപാറ, ഇല്ലിചാരി, പുറപ്പുഴ എന്നിവിടങ്ങളിലെ ചെറുവനങ്ങളിൽ ഒളിവിൽ കഴിഞ്ഞിട്ടുണ്ട്. വെള്ളം മാത്രം കുടിച്ച് പൊലീസിനെ പേടിച്ച് കഴിഞ്ഞ ദിനങ്ങളും മറക്കാനാവില്ല.

സ്വാതന്ത്ര്യം കിട്ടിയ ശേഷമാണ് പരസ്യമായി പുറത്തേക്ക് ഇറങ്ങിത്തുടങ്ങിയത്. തൊടുപുഴയിലും പുറപ്പുഴയിൽനിന്നുമടക്കം നിരവധി സൃഹൃത്തുക്കൾ അന്ന് സമരവേദികളിൽ സജീവമായിരുന്നെന്നും ആഗസ്തി മത്തായി ഓർക്കുന്നു. വല്യപറമ്പിൽ മത്തായി, പുറപ്പുഴ നീലകണ്ഠൻ നായർ, കുട്ടി സാഹിബ്, എ.സി. ചാക്കോ, തെരുവത്ത് ആന്‍റണി, കാസിം എന്നിവരൊക്കെ അവരിൽ ചിലർ മാത്രം.

ഇപ്പോഴും ചിട്ടയായ ജീവിതമാണ് അച്ഛന്‍റേതെന്ന് മകൻ മാത്യു പറഞ്ഞു. ഏത് കാര്യത്തിൽ തീരുമാനമെടുക്കുമ്പോഴും നിലപാട് വേണമെന്നത് പിതാവിന് നിർബന്ധമായിരുന്നു. മക്കളായ ഞങ്ങളോടും അതെപ്പോഴും പറയുമായിരുന്നു. മുറിയിൽ ഇപ്പോഴും ഗാന്ധിജിയുടെ ചിത്രം സൂക്ഷിച്ചിട്ടുണ്ട്. മുമ്പ് ഡൽഹിയിൽ നടന്ന ക്വിറ്റ് ഇന്ത്യ ദിന ചടങ്ങുകളിൽ മൂന്ന് തവണ കേന്ദ്ര സർക്കാർ ക്ഷണപ്രകാരം പങ്കെടുത്തിട്ടുണ്ട്. പ്രധാനമന്ത്രി, രാഷ്ട്രപതി, ഗവർണർ, മുഖ്യമന്ത്രി എന്നിവരുടെയടക്കം ആദരവും ഏറ്റുവാങ്ങി. ഭാര്യ: പരേതയായ ത്രേസ്യാമ്മ. മക്കൾ: നിഷ, ലൂസി, ലാലി, അനിത, ബീന, കെ.എം. മാത്യു, ബെന്നി. 

Tags:    
News Summary - Freedom fighters ouseph George and Augusti Mathai share their memories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.