അമ്പലപ്പുഴ: നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും ജെ.കെ എന്ന ജയകൃഷ്ണൻ കലാരംഗത്ത് എത്തിപ്പെടാത്ത മേഖലകൾ കുറവാണ്. ചിത്ര രചനയിൽ തുടങ്ങിയ കലാ വൈഭവം ശിൽപി, തിരക്കഥാകൃത്ത്, ഛായാഗ്രാഹകൻ, ഇന്റീരിയർ ഡിസൈനർ, റേഡിയോ അവതാരകൻ, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിലെല്ലാം എത്തിനിൽക്കുന്നു. പുന്നപ്ര വടക്ക് പഞ്ചായത്ത് 14 ാം വാർഡിൽ മിഥിലയിൽ റിട്ട.പോസ്റ്റ്മാസ്റ്റർ ആർ. മണിയന്റെയും പുന്നപ്ര ബീച്ച് എൽ.പി.എസിലെ റിട്ട. അധ്യാപിക എൽ. പൊന്നമ്മയുടെയും മകനാണ് ജയകൃഷ്ണൻ. നീർക്കുന്നം എസ്.ഡി.വി സ്കൂളിലും കാക്കാഴം ഹൈസ്കൂളിലുമായിരുന്നു പ്രാഥമിക പഠനം. കുട്ടിക്കാലം മുതൽ ചിത്രരചനയിൽ മികവ് കാണിച്ചിരുന്ന ജയകൃഷ്ണന് സ്കൂൾ തലത്തിലെ മത്സരങ്ങളിൽ വിജയത്തിന്റെ മധുരം നുകരാനായിട്ടുണ്ട്. പിന്നീട് ആലപ്പുഴ എസ്.ഡി കോളജിലും തന്റേതായ കലാവൈഭവം കാട്ടിയിരുന്നു. നാലുവർഷത്തോളം വിദേശത്ത് പരസ്യകമ്പനിയിൽ ക്രീയേറ്റീവ് ഡയറക്ടർ ആയിരുന്നു.
നിലവിൽ എഫ്.എം റേഡിയോ അവതാരകനാണ്. ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ്. പരസ്യ ചിത്രങ്ങൾക്കാണ് ഏറ്റവും കൂടുതൽ ശബ്ദം നൽകിയിട്ടുള്ളത്. പരസ്യ ചിത്രങ്ങളുടെ ഛായാഗ്രാഹകനുമാണ്. പല പ്രമുഖ ബ്രാൻഡുകളുടെയും പരസ്യചിത്രങ്ങൾക്കും ടെലിവിഷൻ പരമ്പരകൾക്കും കാമറ ചലിപ്പിച്ചിട്ടുണ്ട്. ചില ടെലിവിഷൻ പരമ്പരകൾക്ക് തിരക്കഥയും ഒരുക്കി. ശിൽപ കലയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ആലപ്പുഴ എക്സൈസ് ഓഫീസിന്റെ മതിലുകളിൽ തീർത്ത വിമുക്തി ശിൽപങ്ങൾ ജയകൃഷ്ണന്റെ കരവിരുതിൽ രൂപമെടുത്തവയാണ്. പൂച്ചാക്കൽ നെഹ്റു പാർക്കിലെ നെഹ്റു ശിൽപം, ആലപ്പുഴ വിജയപാർക്കിലെ ഫൈബർ ഗ്ലാസിൽ തീർത്ത ശിൽപങ്ങൾ ഇവയെല്ലാം ജയകൃഷ്ണന്റെ സംഭാവനകളാണ്. നവകലാമേഖലകളായ ഡിജിറ്റൽ ആർട്ടിലും അനിമേഷനിലുമാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ നൽകുന്നത്. വെബ്സൈറ്റ് രൂപകൽപനയും ജയകൃഷ്ണന്റെ ഇഷ്ട മേഖലയാണ്. മൾട്ടി മീഡിയ ട്രെയിനറായും പ്രവർത്തിക്കുന്നു. കൊച്ചിയിൽ ഉടൻ ആരംഭിക്കുന്ന ചിത്രപ്രദര്ശനത്തിനുള്ള പണിപ്പുരയിലാണ് ജയകൃഷ്ണൻ. ജേണലിസം വിദ്യാർഥിയായ ദേവദർശനും പ്ലസ് ടു വിദ്യാർഥി നന്ദഗോപനും ആണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.