സ്വർഗങ്ങൾ സ്വപ്നംകാണുന്ന മലയാളക്കരയിൽ ഒന്നാം രാഗം പാടി മലയാളികളുടെ ഹൃദയവാഹിനിയിൽ ഇടംപിടിച്ച ഗായകനാണ് ജി. വേണുഗോപാൽ. മലയാളമണ്ണിന്റെ സൗരഭ്യംചാലിച്ച, ഹരിതാഭകലർന്ന മലയാളക്കരയുടെ മുഴുവൻ സൗന്ദര്യവും ഗാനത്തിൽ സമംചേർത്ത് നിത്യഹരിത ഗാനങ്ങളായവയാണ് വേണുഗോപാൽ പാടിയ പാട്ടുകളോരോന്നും. തുമ്പപ്പൂ കോടിയുടുത്ത മലയാളിപ്പെണ്ണിന്റെ സൗന്ദര്യം ഗാനങ്ങളിലൂടെ സഹ്യാദ്രിയും കടന്ന് തമിഴ്, തെലുഗു, കന്നട, സംസ്കൃതം ഭാഷകളിലും വസന്തംതീർത്ത് കാതുകൾക്ക് ഇമ്പമേകിയവയാണ്.
ആർ. ഗോപിനാഥൻ നായരുടെയും സരോജത്തിന്റെയും മകനായി 1960 ഡിസംബർ 10ലാണ് വേണുഗോപാൽ എന്ന അതുല്യഗായകന്റെ ജനനം. ചെറുപ്പം മുതൽ മാസ്മരിക സംഗീതത്തിന്റെ അനന്തവിഹായസ്സിലേക്കായിരുന്നു കുഞ്ഞുവേണു കാലെടുത്തുവെച്ചത്. അതിന് കാരണവുമുണ്ട്, പറവൂർ സഹോദരിമാർ എന്നറിയപ്പെട്ടിരുന്ന ശാസ്ത്രീയ സംഗീതജ്ഞരായ രാധാമണി, ശാരദാമണി എന്നിവരുടെ അനുജത്തിയുടെ മകനായിരുന്നു ജി. വേണുഗോപാൽ.
സംഗീതത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചതും അവരിൽനിന്നാണ്. ഇംഗ്ലീഷ് സാഹിത്യത്തിലും പത്രപ്രവർത്തനത്തിലും ബിരുദാനന്ദര ബിരുദം നേടിയിട്ടുണ്ട്. സിനിമയിലെത്തുന്നതിനുമുന്നേ സർവകലാശാല യുവജനോത്സവങ്ങളിൽ ധാരാളം പുരസ്കാരത്തിന് അർഹനായിരുന്ന പ്രതിഭയായിരുന്നു. അഞ്ചുവർഷം തുടർച്ചയായി കേരള സർവകലാശാല കലാപ്രതിഭയായിരുന്നു. ദേവരാജൻ മാഷിന്റെയും രാഘവൻ മാഷിന്റെയും കൂടെ നാടകരംഗത്തും പാടി സാന്നിധ്യമറിയിച്ചു.
2000ൽ നാടകരംഗത്തെ മികച്ചഗായകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. കേരള സർക്കാറിന്റെ മികച്ച പിന്നണിഗായകനുള്ള 1990, 1998, 2004 വർഷങ്ങളിലെ പുരസ്കാരവും വേണുഗോപാലിന് സ്വന്തമാണ്. പാതിചാരിയ ചന്ദനമണിവാതിൽ തുറന്ന് വേണുഗോപാൽ നമ്മുടെ ഓരോരുത്തരുടേയും മനസ്സിലാണ് കുടിയേറിയത്. അദ്ദേഹം പാടിയ ഓരോ ഗാനവും നമ്രശിരസ്കയായ യുവതിയുടെ ഭാവമായിരുന്നു.
അതിൽ പ്രണയവും വിരഹവും മായാമഞ്ചലിലേറി വന്ന് നമ്മെ കോൾമയിർകൊള്ളിച്ചു. ഹൃദയംകൊരുത്ത മിഴിയിൽ താനേ പൂവിട്ട മോഹം പോലെ തളിരണിഞ്ഞുകൊണ്ട് ഇന്നും നമുക്ക് നവ്യാനുഭവമാകുന്നുണ്ട് ആ വേണുഗാനങ്ങൾ. മഴവിൽക്കാവടിയിലെ പള്ളിത്തേരുണ്ടോ എന്ന് തുടങ്ങുന്ന വരികൾ വേണുഗോപാലിന്റെ ശബ്ദമാധുരിയിൽ നാം കേൾക്കുമ്പോൾ മഞ്ഞിൻകണങ്ങൾ ഇറ്റുവീഴുന്ന, മാമലകൾ മഞ്ഞിൽ പുതച്ചുനിൽക്കുന്ന പുതുവസന്തത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ്.
ഗൃഹാതുരത്വം നിറക്കുന്ന ഫീലിങ്ങാണ് വേണുഗോപാലിന്റെ ഗാനങ്ങൾ നമുക്ക് പകർന്നുതന്നത്. നന്മയുടെ വീഥികളിൽ കുളിർമഴ പെയ്യുന്നൊരു കാലമാണ് വേണുഗോപാൽ തീർത്തത്. നിത്യവസന്ത ഗാനങ്ങളെന്ന് തെളിമയാർന്ന് പറയാവുന്നവയായിരുന്നു ഒക്കെയും. സംഗീതപ്രേമികളുടെ മനസ്സിലെ നിത്യവസന്തമായിരുന്നു അദ്ദേഹം.
കേരളക്കര ഇഷ്ടത്തോടെ ‘മലയാളത്തിന്റെ മാണിക്യക്കുയിൽ’ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. മനോഹരമായ ശബ്ദവും, വരിയും അർഥവും ആഴവുമറിഞ്ഞുള്ള ഗാനാലാപനംകൊണ്ട് ഒരുപാട് ഗാനാസ്വാദകരുടെ മനംകവർന്ന ഗായകനാണ് അദ്ദേഹം. 1984ലെ ‘ഓടരുതമ്മാവാ ആളറിയാം’ എന്ന സിനിമയിൽ ചെറിയ ഹിന്ദിഭാഗം പാടിക്കൊണ്ടാണ് അദ്ദേഹം ചലച്ചി ത്രഗാനരംഗത്തേക്ക് കടന്നുവരുന്നത്. 1986ൽ പുറത്തിറങ്ങിയ ‘ഒന്നു മുതൽ പൂജ്യം വരെ‘ എന്ന ചിത്രത്തിലെ പൊന്നിൻ തിങ്കൾ പോറ്റും മാനേ... രാരീ രാരീരം രാരോ എന്ന പാട്ടുകളിലൂടെയാണ് വേണുഗോപാൽ മലയാളികൾക്ക് പ്രിയങ്കരനായത്.
ഒന്നാം രാഗം പാടി, ചന്ദന മണിവാതിൽ പാതി ചാരി, താനേ പൂവിട്ട മോഹം, കൈനിറയെ വെണ്ണ തരാം, പൂത്താലം വലം കൈയിൽ, കാണാനഴകുള്ള മാണിക്യക്കുയിലെ, ആടടീ ആടാടടീ, എന്തിത്ര വൈകി നീ സന്ധ്യേ.., ശ്യാമവാനിലേതോ കണിക്കൊന്ന തുടങ്ങി മുന്നൂറിലധികം ചലച്ചിത്രഗാനങ്ങളും 250ലേറെ മറ്റ് ഗാനങ്ങളും അദ്ദേഹത്തിന്റെ ശബ്ദത്തിൽ നാം കേട്ടവയാണ്. പാടുന്ന ഓരോ പാട്ടിനും അതിലലിഞ്ഞുചേർന്ന ഭാവങ്ങൾ ഉൾച്ചേർത്ത് കാമുകനായും വിരഹനായകനായും കേൾക്കുന്നമാത്രയിൽ അനുരാഗം തോന്നത്തക്കവിധം പാടി മുഴുമിപ്പിച്ചിരുന്നു.
കൈനിറയെ വെണ്ണ തന്ന് നമ്മെ പാട്ടിലാക്കിയ പാട്ടുകാരനാണ് വേണുഗോപാൽ. വെണ്ണപോലെ മൃദുലവും തെളിമയാർന്ന ശബ്ദവും കൂടി പാടുന്ന പാട്ടുകൾക്ക് അസാമാന്യ ഭംഗിയും ശ്രാവ്യസുഖവും പകർന്നുനൽകാൻ എന്തിത്ര വൈകി നീ സന്ധ്യേ എന്ന് മലയാളികൾ ഗായകനോട് ചോദിക്കുകയാണ്. ശ്യാമവാനിൽപൂത്ത കണിക്കൊന്ന കണ്ണിന് എങ്ങനെ ദൃശ്യചാരുത നൽകുന്നുവോ അതുപോലെ മനസ്സ് ഏകാന്തമായിരിക്കുമ്പോൾ ഒരു വേണുഗാനം കേട്ടാൽമതി, എല്ലാ വേദനയും മറന്ന് ആനന്ദത്തിന്റെ പൂത്താലം കൈയിലേന്തി വരാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.