ബംഗളൂരു: തിങ്കളാഴ്ച 154ാമത് ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിജിക്ക് വ്യത്യസ്ത പ്രണാമം അർപ്പിക്കുകയാണ് പ്രശസ്ത ചിത്രകാരനും മലയാളിയുമായ ധനരാജ് കീഴറ. 154 അടി നീളത്തിലുള്ള കാൻവാസിൽ 154 മിനിറ്റുകൊണ്ട് 154 ഗാന്ധി ചിത്രങ്ങൾ വരക്കും.
ഗാന്ധിജിയുടെ തത്ത്വങ്ങളും കാലാതീതമായ ആദർശങ്ങളും കലയുമായി ബന്ധപ്പെടുത്തി സമൂഹത്തിൽ എത്തിക്കുകയാണ് ലക്ഷ്യം. തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 വരെ എം.ജി റോഡിലെ രംഗോലി മെട്രോ ആർട്ട് സെന്ററിലാണ് ‘െഫ്ലയിംസ് ഓഫ് വിസ്ഡം’ പരിപാടി. 154 അടി നീളത്തിൽ, ഗാന്ധിജിയുടെ 154 വ്യക്തിഗത ചിത്രങ്ങളാണ് വരക്കുക. ഓരോന്നും ഗാന്ധിയുടെ ജീവിതസന്ദേശവും അദ്ദേഹത്തിന് ലോകത്തിലുള്ള സ്വാധീനത്തിന്റെ ആഴം അടയാളപ്പെടുത്തുന്നതുമായിരിക്കും.
ഗാന്ധിയൻ മൂല്യങ്ങളുടെ ശാശ്വതമായ പ്രസക്തി അറിയിക്കുകയാണ് ലക്ഷ്യമെന്ന് ധനരാജ് കീഴറ പറഞ്ഞു. അഹിംസ, സാമൂഹിക നീതി, പരിസ്ഥിതി സുസ്ഥിരത, ധാർമികത എന്നിവയിലൂടെ സമകാലിക പ്രശ്നങ്ങൾ പരിഹരിക്കാം. ഇവ പ്രചരിപ്പിക്കുന്നതിന് ഇന്നത്തെ കാലത്ത് വലിയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ വിവിധ മേഖലകളിലുള്ളവർ പങ്കെടുക്കും. കണ്ണൂർ കണ്ണപുരം കീഴറ സ്വദേശിയായ ചിത്രകാരൻ 31 വർഷമായി ബംഗളൂരുവിൽ കലാമേഖലയിൽ പ്രവർത്തിക്കുന്നു. വെബ്സൈറ്റ്: dhanrajkeezhara.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.