പ്രവാസ ലോകത്ത് വിത്തിട്ട സൗഹൃദം രാജസ്ഥാനില്‍ തെങ്ങായി വളരും. അജ്മാനിലെ ഒരു സ്വകാര്യ ഫാര്‍മസിയിലെ ഫാര്‍മസിസ്റ്റാണ് പാലക്കാട് പട്ടാമ്പി സ്വദേശി നസീഫ്. അവിടുത്തെ അക്കൌണ്ടന്‍റാണ് രാജസ്ഥാന്‍ സ്വദേശി പുരുഷോത്തം ശര്‍മ്മ. പുരുഷോത്തമിന്‍റെ സ്ഥലമായ ജുന്‍ജൂനു മരുഭൂ പ്രദേശമാണ്. നസീഫാകട്ടെ പച്ചപ്പിന്‍റെ കേരളത്തില്‍ നിന്നും.
സൗഹൃദ നിമിഷങ്ങള്‍ പങ്ക് വെക്കുന്നതിനിടെ പലപ്പോഴായി മനസ്സിലാക്കിയ കേരളത്തിന്‍റെ പ്രകൃതി രമണീയത പുരുഷോത്തമിന്‍റെ മനസ്സിനെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. കേരം തിങ്ങും കേരള നാടിന്‍റെ കല്പക വൃക്ഷം തന്‍റെ വീട്ടുമുറ്റത്തും നട്ടു വളര്‍ത്തണമെന്ന മോഹം മനസ്സില്‍ കൊണ്ട് നടക്കുകയായിരുന്നു പുരുഷോത്തം. ആയിടക്കാണ് നസീഫ് അവധിക്കായി നാട്ടിലേക്ക് പോകുന്നത്. ഈ വിവരം അറിഞ്ഞ പുരുഷോത്തം തന്‍റെ ആഗ്രഹം നസീഫിനോട് പങ്കുവെക്കുകയായിരുന്നു.
തെങ്ങിന്‍ തൈ യു.എ.ഇയിലേക്ക് കൊണ്ട് വരാന്‍ കഴിയുമോ എന്നതിനെക്കുറിച്ച് നസീഫിന് വലിയ ധാരണയില്ലായിരുന്നു. എന്നാലും വേണ്ടില്ല, സുഹൃത്തിന്‍റെ ആഗ്രഹമല്ലേ എന്ന് കരുതി നസീഫ് തെങ്ങിന്‍ തൈ കൊണ്ടുവരാമെന്ന് പുരുഷോത്തമിനോട് ഏറ്റു. വിമാനത്താവളത്തില്‍ കടത്തി വിടില്ലെന്ന് പലരും പറഞ്ഞപ്പോഴും നസീഫ് ഉദ്യമം ഉപേക്ഷിച്ചില്ല.
അവധിക്ക് നാട്ടില്‍ പോയി മടങ്ങുന്നതിന് മുൻപായി അടുത്തുള്ള നഴ്സറിയില്‍ പോയി ഗംഗാ റാം എന്ന മികച്ച ഇനത്തില്‍പ്പെട്ട തെങ്ങിന്‍ തൈ സ്വന്തമാക്കി. കഴിഞ്ഞ ദിവസം കോഴിക്കോട് വിമാനത്താവളം വഴി ഷാര്‍ജയിലേക്കുള്ള യാത്രയില്‍ തെങ്ങിന്‍ തൈ കൂടെ കൊണ്ട് വന്നു. വിമാനമിറങ്ങി വീട്ടിലെത്തിയ നസീഫ് കൂട്ടുകാരന്‍റെ വീട്ടിലെത്തി തെങ്ങിന്‍ തൈ കൈമാറി.
പുരുഷോത്തം അടുത്ത ദിവസം നാട്ടിലേക്ക് തിരിക്കും. സൗഹൃദത്തിന്‍റെ സ്മരണകള്‍ പേറുന്ന തെങ്ങിന്‍ തൈ തന്‍റെ വീട്ടുമുറ്റത്ത് നടും. ദേശാന്തരങ്ങളുടേയും സൗഹൃദത്തിന്‍റെയും തളിരിലകള്‍ വളര്‍ന്ന് രാജസ്ഥാനിലെ ജുന്‍ജൂനുവില്‍ ആ തെങ്ങ് വളരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.