മൂവാറ്റുപുഴ: മണ്ഡല കാലം ആയതോടെ ആട്ടായംചിറയുടെ സമീപത്തെ ഗോപി ആശാന്റ വീട് സംഗീതസാന്ദ്രമായി. ശാസ്താംപാട്ടിന്റെയും ചിന്തുപാട്ടിന്റെയും ശീലുകൾ സായാഹ്നങ്ങളിൽ കിലോമീറ്ററുകൾ ചുറ്റളവിൽ ഉടുക്കിന്റെ താളത്തോടെ ഒഴുകിപ്പരക്കുകയാണ്.
മാറ്റങ്ങളുടെ മലവെള്ളപ്പാച്ചിലിൽ ആട്ടായം ചിറയും ഗ്രാമാന്തരീക്ഷവും ജനങ്ങളും ജീവിതവും വലിയ മാറ്റങ്ങൾക്ക് വിധേയമായെങ്കിലും മാറ്റമില്ലാതെ ഇന്നും ഉടുക്കിന്റെ താളവും ശാസ്താംപാട്ടും പതിവു തെറ്റാതെ തുടരുകയാണ്. തലമുറകളായി കൈമാറിക്കിട്ടിയ പാരമ്പര്യ കല നാല് പതിറ്റാണ്ടായി മുന്നോട്ടു കൊണ്ടുപോകുകയാണ് ആശാൻ. ഉടുക്കിൽ താളമിട്ട് ഗോപിയാശാൻ പാടി തുടങ്ങിയാൽ അയ്യപ്പ ചരിതം ഭക്തരുടെ ഹൃദയത്തിലേക്ക് നിറഞ്ഞൊഴുകും. മണ്ഡലക്കാലമായാൽ മറ്റെല്ലാം മാറ്റി വച്ച് ശാസ്താംപാട്ടിനായി ഒരുങ്ങുന്ന ആട്ടായം ചിറയ്ക്കൽ ഗോപിയാശാന് ഇതൊരു കലാസമർപ്പണമാണ്. മുമ്പ് അനുഷ്ഠാനംപോലെ നടന്ന പതിവ് ഇപ്പോഴില്ല. ശബരിമലക്ക് കെട്ടുനിറയ്ക്കുന്ന ദിവസം വീടുകളിൽ നടക്കുന്ന പാനകത്തിലും ക്ഷേത്രങ്ങളിൽ നടക്കുന്ന മണ്ഡലപൂജകളിലുമാണ് ഇപ്പോൾ ശാസ്താംപാട്ട് നടക്കുന്നത്.
സന്ധ്യക്ക് വിളക്കുകൊളുത്തിയാൽ ഗുരുവന്ദനത്തോടെയാണ് തുടക്കം. പത്തോ പന്ത്രണ്ടോ പേരുള്ള സംഘം അഭിമുഖമായിരുന്നാണ് പാടുന്നത്. രാത്രി 12ന് എതിരേൽപ്പിന് കാളിസ്തുതികൾ പാടും. അതിന് ശേഷമാണ് അയ്യപ്പചരിതം പാടുക. നേരം പുലരുംവരെയായിരുന്നു മുമ്പ് ദാഹംവയ്പ്. മലക്ക് പോയാലും ഇല്ലെങ്കിലും ശാസ്താംപാട്ടുകാർ മണ്ഡലക്കാലത്ത് നോമ്പെടുക്കും.
നിരവധി പേരെ ശാസ്താംപാട്ട് പഠിപ്പിച്ചയാളാണ് ഗോപി ആശാൻ. എന്നാൽ വളരെ കുറച്ചു പേർ മാത്രമാണിന്ന് രംഗത്തുള്ളത്. ഈ പാരമ്പര്യ കലാകാരനെ സാംസ്കാരിക കൂട്ടായ്മ പുരസ്കാരം നൽകി ആദരിച്ചിരുന്നു. ഭാര്യയും രണ്ട് ആൺ കുട്ടികളുമടങ്ങുന്നതാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.