തുറവൂർ : കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജപുരസ്കാരം സെയ്ഫ് മംഗലത്തിന്. കഴിഞ്ഞ 50 വർഷത്തിലേറെയായി ഹാർമ്മോണിയം, ബുൾബുൾ, ഗിറ്റാർ എന്നീ ഉപകരണങ്ങൾ വായിച്ച് കലാരംഗത്തുനിൽക്കുന്ന എം.എം.സൈഫുദീൻ കുത്തിയതോട് മംഗലത്ത് വീട്ടിൽ മുഹമ്മദാലിയുടെയും നഫീസാ ബീവിയുടെയും മകനാണ്.
നാടകങ്ങളിൽ പശ്ചാത്തല സംഗീതം റെക്കോഡിംഗ് ആകുന്നതിന് മുൻപ് 70 കളിൽ കെ.പി.എ.സി, വൈക്കം മാളവിക എന്നീ നാടക സമിതികളിലും, കഥാപ്രസംഗം, ഗാനമേള എന്നീ പരിപാടികളിലും പല പ്രമുഖരോടൊപ്പവും ഹവായൻ ലാപ് സ്റ്റീൽ ഗിറ്റാർ, സ്പാനിഷ് ഗിറ്റാർ എന്നീ സംഗീതോപകരണങ്ങൾ വായിച്ചിട്ടുണ്ട്. ഹവായൻ ലാപ് സ്റ്റീൽ ഗിറ്റാർ വായിക്കുന്ന കേരളത്തിലെ അപൂർവ്വം കലാകാരന്മാരിൽ ഒരാളാണ് സെയ്ഫ്. കെ.രാഘവൻ മാസ്റ്റർ, ജി. ദേവരാജൻ മാസ്റ്റർ, എം. കെ.അർജ്ജുനൻ എന്നിവരുടെ നിർദ്ദേശാനുസരണം നാടകങ്ങളിലും നാടക പശ്ചാത്തല റെക്കോഡിംഗുകളിലും ലാപ്സ്റ്റീൽഗിറ്റാർ, സ്പാനിഷ് ഗിറ്റാർ, ബാസ് ഗിറ്റാർ ഇവ വായിച്ചിട്ടുണ്ട്.
അനേകം ടി.വിഷോകളിലും, റേഡിയോ പരിപാടികളിലും സോളോ പ്രകടനങ്ങൾ നടത്തി. 1987 ൽ ഇൻഡ്യൻ എയർഫോഴ്സ് ബാൻഡിൽ ടെണർ സാക്സോഫോണിസ്റ്റായും ജോലി നോക്കിയിട്ടുണ്ട്. ഐ.എ.എഫ് സേവനത്തിൽ നിന്നും വോളന്ററി റിട്ടയർമെന്റ് വാങ്ങി തിരിച്ചെത്തുകയായിരുന്നു. 70 കാരനായ സെയ്ഫ് കുത്തിയതോട് സ്ഥിതി ചെയ്യുന്ന സ്പ്രിംഗ് ഓഫ് ആർട്ട്സ് അക്കാദമിയുടെ ഡയറക്ടറും അക്കാദമിയിലെ ഗിറ്റാർ അധ്യാപകനുമാണ്. റിഫിയാസ്, സൈഫുദീൻ, ഹാഫിയ അനീഷ് എന്നിവർ മക്കളും, ആരിഫാബീവി ഭാര്യയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.