പുതുനഗരം: വാർധക്യത്തിലും ഊടും പാവും കൈവിടാതെ ജീവിതം നെയ്യുകയാണ് പെരുവെമ്പ് കല്ലൻചിറയിലെ തങ്കവേലു. 84 കഴിഞ്ഞും നെയ്ത്ത് കൈവിടാതെ രാവിലെ ആറ് മുതൽ ജോലി തുടരുകയാണ് തങ്കവേലു. പത്ത് വയസ്സ് മുതൽ അച്ഛൻ രാമനാഥനെ സഹായിക്കാൻ കൈത്തറി നെയ്ത്ത് മുറിയിലെത്തി.
പിന്നീട് വീട്ടിൽ അച്ഛനില്ലാത്ത ദിവസങ്ങളിൽ നെയ്ത്ത് യന്ത്രത്തിലിരുന്ന് പ്രാഥമികമായി നെയ്ത്ത് പഠനം. പിന്നീട് ഗുരുനാഥൻ കന്തസ്വാമിയിൽനിന്നും പരിശീലച്ച നെയ്ത്ത് ഏഴ് പതിറ്റാണ്ട് കഴിഞ്ഞും ജീവിതസപര്യയായി തുടരുകയാണ് തങ്ക വേലു. തുടക്കത്തിൽ ഒരു മുണ്ട് നെയ്തെടുത്താൽ രണ്ടണയായിരുന്നു കൂലി. നിലവിൽ ഒരു സാരിക്ക് 1000 രൂപ മുതൽക്കാണ് ലഭിക്കുന്നത്. കല്ലൻചിറയിൽ 700ൽ അധികം വസ്ത്രങ്ങൾ നെയ്യുന്ന തറികൾ ഉണ്ടായിരുന്നു. എന്നാൽ, കൂലി വർധനയില്ലാത്തതും ഓൺലൈൻ വ്യാപാരം വസ്ത്രമേഖലയിൽ കൈയടക്കിയതും പ്രതിസന്ധിയായെന്ന് തങ്കവേലു പറഞ്ഞു.
പുതുതലമുറ ഈ മേഖല ഏറ്റെടുക്കാൻ പ്രയാസപ്പെടുന്നതിനാൽ വീടുകളിൽ കൈത്തറി വസ്ത്രനിർമാണം കുറയുന്നത് വേദനയുണ്ടാക്കുന്നതായി തങ്കവേലു പറയുന്നു.കല്ലൻചിറയിൽ ഇപ്പോൾ 50ൽ താഴെ കൈത്തറികൾ മാത്രമാണുള്ളത്. കോയമ്പത്തൂർ, പൊള്ളാച്ചി, ഡിണ്ടിഗൽ, ഈറോഡ് എന്നിവിടങ്ങളിൽനിന്നും നൂൽവാങ്ങി പെരുവെമ്പ് കല്ലൻചിറയിലെത്തിച്ച് നെയ്തിരുന്നു പിന്നീട് ചൈന യുദ്ധത്തിൽ നെയ്ത്ത് മുടങ്ങി.
നൂൽക്ഷാമം ഇല്ലാതാക്കാൻ വിവിധ പ്രദേശങ്ങളിലെത്തി നൂൽ സംഘടിപ്പിച്ചാണ് അന്നത്തെ കാലത്ത് ഖാദി വസ്ത്ര മേഖലയെ നിലനിർത്തിയത്. വാർധക്യസഹജമായ പ്രയാസങ്ങൾ ഉണ്ടെങ്കിലും സാധ്യമാകുന്ന കാലത്തോളം കൈത്തറിയെ കൈവിടില്ലെന്ന് ഈ നെയ്ത്തുകാരൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.