ജിദ്ദ: മാപ്പിളപ്പാട്ടിന്റെ ഇശൽ തേൻകണവുമായി കണ്ണൂർ ശരീഫ് ജിദ്ദയിലെത്തുന്നു. ‘ഗൾഫ് മാധ്യമ’വും ‘മീ ഫ്രണ്ട് ആപ്പും’ സംയുക്തമായി ഈ മാസം 24ന് ജിദ്ദ ഉസ്ഫാനിലെ ഇക്വസ്ട്രിയൻ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ‘ഹാർമോണിയസ് കേരള’ മഹോത്സവത്തിലാണ് മാപ്പിളപ്പാട്ടിന്റെ രാജകുമാരൻ ഇശൽമധുരം ഒഴുക്കാനെത്തുന്നത്. സ്വതഃസിദ്ധമായ ആലാപനമാധുര്യത്തോടെ സംഗീതപ്രിയരുടെ ഹൃദയം പിടിച്ചടക്കും ചലച്ചിത്ര പിന്നണി ഗായകൻകൂടിയായ ശരീഫ്. പ്രിയ ഗായകരുടെ പാട്ടുകൾ നേരിൽ കേൾക്കാനും അനുഗൃഹീത ഗായകരെ ഒരുനോക്ക് കാണാനും കാത്തിരിക്കുകയാണ് ജിദ്ദയിലെയും പരിസര പ്രദേശങ്ങളിലെയും സംഗീതാസ്വാദകർ.
മലയാളി സംഗീതപ്രേമികൾക്കിടയിൽ ഏറെ ആരാധകരുള്ള ഗായകനാണ് കണ്ണൂർ ശരീഫ്. ആത്മാവുള്ള മാപ്പിളപ്പാട്ടുകൾ സമ്മാനിച്ചിട്ടുള്ള ഇദ്ദേഹം ഏറെ ഹിറ്റായി മാറിയ റിയാലിറ്റി ഷോകൾ നാട്ടിലും മറുനാട്ടിലും അരങ്ങുതകർത്തിരുന്നു. മാപ്പിളപ്പാട്ടുപ്രേമികൾ എന്നും മനസ്സിൽ കാത്തുസൂക്ഷിക്കുന്ന കത്ത് പാട്ടുകൾ, എത്രകേട്ടാലും മതിവരാത്ത ജനപ്രിയ ഗാനങ്ങൾ കോർത്തിണക്കി പുതുമയാർന്ന ഒരു സംഗീതവിസ്മയം തന്നെയായിരിക്കും ജിദ്ദയിൽ അരങ്ങേറുക.
മൂന്നു പതിറ്റാണ്ട് മുമ്പുതന്നെ സ്റ്റേജ് ഷോകളിലൂടെയും ആൽബങ്ങളിലൂടെയും സംഗീതസപര്യ ആരംഭിച്ച കണ്ണൂർ ശരീഫിന്റെ ഗാനങ്ങൾ ജനലക്ഷങ്ങൾ ഹൃദയത്തിലേറ്റിയിട്ടുണ്ട്. റിയാലിറ്റി ഷോയായ ‘മൈലാഞ്ചി’യിലും മറ്റനവധി പരിപാടികളിലും വൈവിധ്യമാർന്ന ഗാനാലാപനത്തിലൂടെ പ്രേക്ഷകരെ രസിപ്പിച്ച വിധികർത്താക്കളിൽ ഒരാളായിരുന്നു ശരീഫ്.
സീ കേരളം ചാനലിലെ സംഗീതപരിപാടിയായ ‘സരിഗമപ കേരളം’ മത്സരാർഥികളെ പരിശീലിപ്പിക്കുന്ന 12 ഉപദേശകരിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. അയ്യായിരത്തിലധികം വേദികളിൽ പാടിയ ശരീഫിനെ കേരളത്തിലെയും വിദേശ രാജ്യങ്ങളിലെയും നിരവധി പുരസ്കാരങ്ങൾ തേടിയെത്തിയിട്ടുണ്ട്. കേരള ഫോക്ലോർ അക്കാദമിയുടെ മികച്ച മാപ്പിളപ്പാട്ട് ഗായകനുള്ള പുരസ്കാരം, ‘ഫോം ഖത്തർ’ എരഞ്ഞോളി മൂസ പ്രഥമ കലാപുരസ്കാരം എന്നിവ അവയിൽ ചിലതാണ്.
ഗോഡ് ഫോർ സെയിൽ, പാവം പരമശുദ്ധൻ, നിക്കാഹ്, കറുത്ത സൂര്യൻ തുടങ്ങിയ സിനിമകളിൽ പാടി. പുറമെ സമൂഹമാധ്യമങ്ങളിലും വലിയ ആരാധകരുള്ള പാട്ടുകാരനാണ്. മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രക്ക് ആദരമായി ‘മാധ്യമം’ കോഴിക്കോട്ട് ഒരുക്കിയ ‘ചിത്രവർഷങ്ങൾ’ പരിപാടിയിലും സൗദി പ്രവാസികൾക്കായി ‘ഗൾഫ് മാധ്യമം’ ഓൺലൈൻ സംഗീതാനുഭവമായ ‘ഹബീബി ഹബീബി’ പരിപാടിയിലും കണ്ണൂർ ശരീഫ് പാടിയത് പ്രവാസലോകം വമ്പിച്ച ആവേശത്തോടെയാണ് ഏറ്റെടുത്തത്.
സൗദിയിലെ സംഗീതാസ്വാദകർക്കുവേണ്ടി സൗഹൃദവും സംഗീതവും സമന്വയിക്കുന്ന ആഘോഷവേദിയിൽ വീണ്ടും കണ്ണൂർ ശരീഫ് എത്തുമ്പോൾ ഹൃദയത്തോട് ചേർത്തുപിടിച്ച തങ്ങളുടെ പ്രിയ ഗായകനെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ് ജിദ്ദയിലെയും പരിസരപ്രദേശങ്ങളിലെയും കലാസ്വാദകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.