ജിദ്ദ: ‘ഗൾഫ് മാധ്യമ’വും ‘മീ ഫ്രണ്ട്’ ആപ്പും ഈ മാസം 24ന് ജിദ്ദ ഇക്വസ്ട്രിയൻ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ‘ഹാർമണിയസ് കേരള’ മെഗാ ഉത്സവത്തിൽ റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ നർത്തകനും അഭിനേതാവുമായ റംസാൻ എത്തുന്നു. ഡി ഫോർ ഡാൻസ്, ബിഗ് ബോസ് തുടങ്ങിയ പരിപാടികളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ചേക്കേറിയ റംസാൻ മുഹമ്മദ് എറണാകുളം സ്വദേശിയാണ്. സൂപ്പർ ഡാൻസർ എന്ന റിയാലിറ്റി ഷോയിലൂടെ ആയിരുന്നു റംസാൻ ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് മലയാളത്തിലെ മൂന്നാം സീസൺ മത്സരാർഥികൂടിയായിരുന്നു താരം. സൂപ്പർ ഡാൻസറിനുശേഷം മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലും ആരാധകരെ നേടി. വിവിധ സിനിമകളിലൂടെ റംസാൻ കഴിവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്.
സമൂഹ മാധ്യമങ്ങളിലും വളരെ സജീവമാണ് താരം. ഓരോ വിശേഷദിനവും ആരാധകർ ഏറ്റെടുക്കാറുണ്ട്. പലപ്പോഴും മനോഹരമായ നൃത്തച്ചുവടുകളുമായാണ് റംസാൻ എത്താറുള്ളത്. ബിഗ് ബോസ് മലയാളം സീസൺ മൂന്നിലേക്ക് 11ാം മത്സരാർഥിയായി എത്തിയ റംസാൻ അക്കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാളായിരുന്നു. കേരളത്തിലെ ഒരു റിയാലിറ്റി ഷോയിലും ഇനി മത്സരിക്കില്ല എന്നാണ് റംസാന് ഇപ്പോൾ പറയുന്നത്. അതിന് വ്യക്തമായ കാരണവും അദ്ദേഹത്തിനുണ്ട്. ഇനിയൊരു അവസരത്തിനുവേണ്ടി കാത്തിരിക്കുന്ന ഒരുപാട് കുട്ടികള്‍ ഉണ്ടാവുമെന്നും ഞാന്‍ പങ്കെടുത്ത് അവരുടെ അവസരം നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.
ചെറുപ്പത്തിൽതന്നെ സിനിമകളിലും സീരിയലുകളിലും ബാലതാരമായി എത്തിയ ഇദ്ദേഹം ‘ഭീഷ്മപർവം’ എന്ന ചിത്രത്തിലെ ഡാൻസിലൂടെയാണ് പ്രശസ്തി നേടിയത്. അഭിനയ ജീവിതത്തിലെ വഴിത്തിരിവാണ് ഭീഷ്മപർവത്തിലെ വേഷമെന്ന് ‘മാധ്യമം കുടുംബം’ മാസികക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നു. എൽ.കെ.ജിയിൽ പഠിക്കുമ്പോൾ ആന്വൽ ഡേക്ക് ഡാൻസ് ചെയ്താണ് കലാരംഗത്തേക്കുള്ള ആദ്യ ചുവടുവെപ്പ്.
മൂന്നാം ക്ലാസിലായപ്പോഴേക്കും ശാസ്ത്രീയ നൃത്തത്തിൽ അരങ്ങേറ്റം കഴിഞ്ഞു. അഞ്ചാം ക്ലാസിലും ഏഴാം ക്ലാസിലുമായപ്പോൾ ചാനലുകളിൽ ഡാൻസ് റിയാലിറ്റി ഷോ ചെയ്തു. ഒമ്പതിൽ പഠിക്കുമ്പോഴാണ് ‘ഡി ഫോർ ഡാൻസ്’ എന്ന റിയാലിറ്റി ഷോയിൽ വിജയിയായത്. അതിന് മുമ്പൊരു റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നെങ്കിലും വിജയിയാവാൻ കഴിഞ്ഞില്ല. ഡി ഫോർ ഡാൻസ് ചെയ്തപ്പോഴാണ് കൂടുതലായി ഡാൻസിനെപ്പറ്റി പഠിക്കാൻ കഴിഞ്ഞത്. അഞ്ചുവർഷത്തോളം സമയമെടുത്ത് ഡാൻസ് പഠിക്കുന്നത്ര സഹായകരമാണ് ഒരു റിയാലിറ്റി ഷോയിലൂടെ പരിശീലിക്കപ്പെടുന്നതെന്നും റംസാൻ പറഞ്ഞു.
മലയാളികൾക്ക് ഏറെ പരിചിതനായ ഡാൻസറും ആക്ടറുമായ റംസാൻ ജിദ്ദയിലെത്തുമ്പോൾ വമ്പിച്ച ആവേശത്തോടെയാണ് കലാപ്രേമികൾ വരവേൽക്കാനൊരുങ്ങുന്നത്. നാസർ പെരുംതാരക്കും റസീനക്കും ജനിച്ച നാല് മക്കളിൽ മൂന്നാമനാണ് റംസാൻ മുഹമ്മദ്. രണ്ടു മൂത്ത സഹോദരങ്ങളും ഒരു ഇളയ സഹോദരിയുമാണ് താരത്തിനുള്ളത്. ഡാൻസ് ഷോകളിലൂടെ താരമായി മാറിയ റംസാൻ ‘ഈ പട്ടണത്തിലെ ഭൂതം’, ‘ഡോക്ടർ ലവ്’, ‘ത്രീ കിങ്സ്’ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ച താരം ഒരു ‘മോഡൽ’ കൂടിയാണ്.
കൊച്ചുനാളിലെ ഡാൻസിൽ പ്രതിഭ തെളിയിച്ച റംസാൻ നിരവധി സ്കൂൾ കലോത്സങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. അങ്ങനെ ചുവടുവെച്ചാണ് മഴവിൽ മനോരമയുടെ ഡി ഫോർ ഡാൻസ് റിയാലിറ്റി ഷോയുടെ ടൈറ്റിൽ വിന്നർ ആയി മാറിയത്. നൃത്തകലയിൽ മികവ് തെളിയിച്ച റംസാൻ മോണോ ആക്ടിലും വൈദഗ്ധ്യം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രേക്ഷകരുടെ വർധിച്ച പിന്തുണയുള്ള റംസാൻ ജിദ്ദയിലെത്തുമ്പോൾ അദ്ദേഹത്തിന്റെ ബഹുമുഖ പ്രതിഭയുടെ ‘റിയൽ ഷോ’ നേരിൽ കാണാൻ കാത്തിരിക്കുകയാണ് ജിദ്ദയിലും പരിസരപ്രദേശങ്ങളിലുമുള്ള നൂറുകണക്കിന് ആരാധകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.