മത്ര: മത്രയിലെ ആദ്യകാല പ്രവാസികളിലൊരാൾകൂടി പ്രവാസം നിര്‍ത്തി നാട്ടിലേക്ക് മടങ്ങുന്നു. കോട്ടയം എരുമേലി സ്വദേശി താഴത്തുവീട്ടില്‍ ഹസന് രാജന് എന്ന ഹസനിക്കയുടെ നാലര പതിറ്റാണ്ട് കടന്ന മത്ര ജീവിതമാണ് ഇതോടെ അവസാനിക്കുന്നത്. 1976ല്‍ അന്നത്തെ ബോംബെയില്‍നിന്ന് ‘അക്ബര്‍’ എന്ന കപ്പലിലേറി നാലുദിവസം നീണ്ട കടല്‍ യാത്രക്കുശേഷം മത്ര പോര്‍ട്ടില്‍ ഇറങ്ങിയതോടെ ആരംഭിച്ച പ്രവാസ ജീവിതം 47ാം വര്‍ഷത്തിലേക്ക് കടന്നതോടെയാണ് മടക്കയാത്ര. കുടുംബക്കാരും ബന്ധുക്കളും അടങ്ങുന്ന മത്ര കോര്‍ണീഷിലുള്ള ‘താഴത്ത് വീട്ടില്‍ തറാവാട്ടില്‍’ തന്നെയാണ് താമസിച്ചതും. അത് കൊണ്ടുതന്നെ പ്രവാസ ജീവിതം പ്രയാസമായി അനുഭവപ്പെട്ടില്ലെന്ന് ഹസന് പറയുന്നു.
വന്നെത്തിയ ആദ്യകാലത്ത് ഒമാന്‍ ശൈശവദിശയിലായിരുന്നു. നമ്മുടെയൊക്കെ നാട്ടിന്‍പുറത്തെ കുഗ്രാമം പോലെയാണ് പലസ്ഥലങ്ങളും.ടെലഫോണ്‍, ടി.വി, എ.സി പോലുള്ളവ അക്കാലത്ത് അപൂർവ കാഴ്ചയായിരുന്നു. ആശയ വിനിമയത്തിന് കത്തുകളെയാണ് ആശ്രയിക്കാറുള്ളത്. നാട്ടില്‍നിന്നുള്ള വിവരങ്ങള്‍ക്കുള്ള കത്തുകള്‍ വന്ന് മറുപടി കൈമാറുമ്പേഴേക്കും മാസങ്ങള്‍ പിന്നിട്ടിട്ടുണ്ടാകും.
പില്ക്കാലത്ത് നടന്ന ഒമാന്റെ വികസന കുതിപ്പുകള്‍ കണ്മുന്നില് കണ്ട് ആഹ്ലാദം കൊള്ളുകയായിരുന്നു. ഒമാനും ഇവിടത്തെ സ്നേഹ സമ്പന്നരായ ജനങ്ങളും മനസ്സില്‍ കയറിക്കൂടിയതിനാല്‍ ഇതൊരു അന്യരാജ്യമാണെന്ന തോന്നൽ ഇത്രയും കാലത്തിനിടക്ക് ഒരു നിമിഷംപോലും അനുഭവപ്പെട്ടിട്ടില്ലെന്ന് ഹസന് പറയുന്നു.
ജീവിതത്തിലെ നല്ലൊരു ഭാഗം ചെലവിട്ടത് ഇവിടെയാണ്. അത് കൊണ്ടുതന്നെ എന്നെ സംബന്ധിച്ചിടത്തോളം ഒമാനാണ് ഒന്നാം വീട്. ജന്മനാട് രണ്ടാം സ്ഥാനത്താണ് വരുന്നത്. ഒട്ടേറെ സൗഭാഗ്യങ്ങള്‍ നല്കിയ ഈ ഫലഭൂയിഷ്ഠമായ മണ്ണിനെ അത്രക്ക് സ്നേഹിക്കുന്നവരിലൊരാളാണെന്നും അദ്ദേഹം പറയുന്നു.കുടുംബത്തിലെ ഒട്ടിമിക്ക പേരും ഒമാനിലായിരുന്നു. എരുമേലിയിലെ അക്കാലത്തെ വലിയ കുടുംബമാണ് ഞങ്ങളുടേത്. ഒമ്പത് സഹോദരങ്ങള്‍ ജോലിയാവശ്യാർഥം ഇവിടെ എത്തി ഒരുമിച്ച് കഴിഞ്ഞ് കുടുംബം പണിയുകയായിരുന്നു.
ഒമാന്‍ ഡെവലപ്മെന്റ് എന്ന പേരിലുള്ള ബില്‍ഡിങ് മെറ്റീരിയല്‍ കമ്പനിയില്‍ ജോലി ചെയ്തശേഷം മത്രയിലുള്ള സ്വദേശി പ്രമുഖന്റെ ഉടമസ്ഥതയിലുള്ള ഗൃഹോപകരണ മൊത്ത വിതരണ സ്ഥാപനമായ സൈഫ് റാഷിദിലായിരുന്നു തുടര്‍ന്നുള്ള 36 വര്‍ഷങ്ങള്‍ ജോലി ചെയ്തിരുന്നത്. സ്ഥാപനവും സ്പോൺണ്സറും മടങ്ങിപ്പോകുന്നതിന് പച്ചക്കൊടി കാണിച്ചില്ല. ആരോഗ്യം അനുവദിക്കുംവരെ തുടരാമെന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. പ്രായം കൂടിവരുന്നതിനാല്‍ ശിഷ്ടകാലം നാട്ടില്‍ കഴിയണമെന്ന തീരുമാനം കൈക്കൊള്ളുകയായിരുന്നു. ഏക മകന് സലാലയിലുള്ള ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നതിനാല്‍ ഒമാനുമായുള്ള ബന്ധം അറ്റുപോകാതെ നിലനില്ക്കും.ഞായറാഴ്ച പുലർച്ച കൊച്ചിക്കുള്ള ഫ്ലൈറ്റിൽ ഇദ്ദേഹം നാട്ടിലേക്ക് തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.