ബ്രസീലിയൻ ഇതിഹാസം പെലെയെ നേരിൽ കാണാൻ ആഗ്രഹിക്കാത്തവരായി ഏത് ഫുട്ബാൾ ആരാധകനാണ് ഉണ്ടാവുക. എന്നാൽ, സാക്ഷാൽ പെലെയുടെ കൈയൊപ്പ് പതിഞ്ഞ റിയാൽ അദ്ദേഹത്തിൽ നിന്ന് നേരിട്ട് കൈപ്പറ്റിയ മലയാളിയുണ്ട് അൽ ഐനിൽ. കോട്ടയം കൂട്ടിക്കൽ സ്വദേശി ഷിഹാബുദീൻ പക്രുദീൻ.
ഒന്നര പതിറ്റാണ്ട് മുൻപ് ഖത്തറിൽ ജോലിചെയ്തുകൊണ്ടിരിക്കെയാണ് പെലെയെ കാണാനും അദ്ദേഹത്തിന്റെ ഒപ്പ് വാങ്ങാനും സൗഭാഗ്യം ലഭിച്ചത്. ഈ നോട്ട് ഇപ്പോഴും നിധിപോലെ കാത്തുസൂക്ഷിക്കുകയാണ് അദ്ദേഹം. ലോകമാമാങ്കത്തിന് ഖത്തറിൽ ആരവം ഉയരാനിരിക്കെ ഖത്തറിൽ നിന്നുണ്ടായ അനുഭവം ഓർമിക്കുകയാണ് ഷിഹാബുദീൻ.
ഖത്തറിൽ ഫുഷോൺ എന്ന ഫ്രഞ്ച് കാറ്ററിംഗ് കമ്പനിയിൽ കാറ്ററിങ് സൂപ്പർവൈസറായി ജോലി ചെയ്തിരുന്ന കാലത്താണ് ഈ അസുലഭ അവസരം ലഭിക്കുന്നത്. 2007ൽ ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനിയുടെ ഭരണത്തിൽ ആഭ്യന്തര മന്ത്രിയായിരുന്ന ശൈഖ് അബ്ദുല്ല ബിൻ ഖാലിദ് അൽത്താനിയുടെ അതിഥികളായി അദ്ദേഹത്തിന്റെ പാലസിൽ പെലെയും ഖത്തർ അമീറും എത്തിയിരുന്നു.
ആസ്പയർ കോളജ് ഓഫ് ഫുട്ബാൾ അക്കാദമിയുടെ ഉദ്ഘാടനത്തിന് മറഡോണക്കൊപ്പം എത്തിയപ്പോഴാണ് പെലെ ശൈഖിന്റെ അഥിതിയായി പാലസിൽ എത്തുന്നത്. ഫുഷോൺ എന്ന കാറ്ററിംഗ് കമ്പനിക്കായിരുന്നു ഇവർക്കുള്ള ഭക്ഷണം ഒരുക്കാനുള്ള അവസരം ലഭിച്ചത്. കമ്പനി നിർദേശപ്രകാരം വിശിഷ്ട അതിഥികൾക്ക് ഭക്ഷണം ഒരുക്കാൻ പാലസിൽ എത്തിയപ്പോഴാണ് അന്നത്തെ ഖത്തർ അമീറും പെലെയുമാണ് അവിടെയുള്ളത് എന്നറിയുന്നത്.
രണ്ടു വിശിഷ്ട അതിഥികൾ ഉണ്ട് എന്നല്ലാതെ അവർ ആരൊക്കെയാണെന്ന് കമ്പനി അറിയിച്ചിരുന്നില്ല. ആ കാലത്ത് ഖത്തർ അസോസിയേഷൻ, ക്യു ടെൽ, ഫുട്ബാൾ അസോസിയേഷൻ, വോളിബാൾ അസോസിയേഷൻ, പ്രധാന രാജ്യങ്ങളിലെ എംബസികളിലെ പരിപാടികൾ തുടങ്ങി ഖത്തറിലെ പ്രമുഖ പരിപാടികളിലെല്ലാം ഭക്ഷണ വിതരണം ചെയ്യാൻ അവസരം ലഭിച്ചിരുന്നത് ഈ കമ്പനിക്കാണ്. എന്നിട്ടും ഖത്തർ അമീറിനെ നേരിട്ട് കാണാൻ അവസരം ലഭിച്ചിരുന്നില്ല.
പാലസിലേക്ക് കയറുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ പേഴ്സ് അടക്കമുള്ള മുഴുവൻ വസ്തുക്കളും വാങ്ങി വച്ചിരുന്നതിനാൽ പെലെയുടെ ഒപ്പ് വാങ്ങാൻ കൈയിൽ ഒരു വസ്തുവും ഉണ്ടായിരുന്നില്ല. ശൈഖ് അബ്ദുല്ല ബിൻ ഖാലിദിന്റെ മകന്റെ കയ്യിൽ നിന്ന് ഒരു ഖത്തർ റിയാൽ വാങ്ങിയാണ് പെലെയുടെ ഒപ്പ് വാങ്ങിയത്. അന്ന് കൂടെ ജോലിക്ക് ശ്രീലങ്കൻ സ്വദേശിയായ മോഹനനും ഉണ്ടായിരുന്നു. ഫോട്ടോയോ വീഡിയോയോ എടുക്കാൻ സാധിച്ചിരുന്നില്ല.
അൽ ജസീറ ചാനൽ ഫോട്ടോഗ്രാഫർ മാത്രമാണ് ഇവരുടെ ഫോട്ടോ എടുത്തിരുന്നത്. പെലയോടും അന്നത്തെ ഖത്തർ അമീറിനോടും ഒപ്പമുള്ള ഫോട്ടോ അൽ ജസീറ ഫോട്ടോഗ്രാഫർ ഇദ്ദേഹത്തിന്റെ റെഡിഫ് മെയിലിലേക്ക് അയച്ചുകൊടുത്തിരുന്നുവെങ്കിലും ആ മെയിൽ ഐ.ഡി നഷ്ടപ്പെട്ടതിനാൽ ആ ഫോട്ടോകൾ വീണ്ടെടുക്കാൻ സാധിച്ചതുമില്ല. അത് വലിയൊരു നഷ്ടമായി കാണുകയാണ് ഷിഹാബുദ്ദീൻ.
അൽഐനിൽ ഗാർഡൻ ലാൻഡ് ലാൻഡ്സ്കേപ്പ് എന്ന കമ്പനി നടത്തുകയാണ് അദ്ദേഹം. കുടുംബസമേതം അൽഐനിലാണ് താമസം. ഭാര്യ സൗമ്യ ഷിഹാബുദീൻ. ഫഹറുദീൻ, നേഹ ഫാത്തിമ, ഹയ ഫാത്തിമ എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.