മഞ്ഞിൽ പൊതിഞ്ഞുനിൽക്കുന്ന അബൂദബി ശൈഖ്​ സായിദ്​ ഗ്രാൻഡ്​ മോസ്ക്​

ദുബൈ: മഞ്ഞിൽ പൊതിഞ്ഞുനിൽക്കുന്ന അബൂദബി ശൈഖ് സായിദ് ഗ്രാൻഡ് മോസ്കും എമിറേറ്റ്സ് പാലസും ഫെറാറി വേൾഡും! കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി ഈ ചിത്രങ്ങൾ. ഈ സ്ഥലങ്ങളൊക്കെ ഇങ്ങനെ കാണാനായിരുന്നെങ്കിൽ എന്ന് എല്ലാവരും ആഗ്രഹിക്കുന്ന തരത്തിൽ മരുഭൂമിയിൽ 'മഞ്ഞ് പൊഴിയിച്ചത്' മലയാളിയായ വിഷ്വൽ ആർട്ടിസ്റ്റാണ്. എറണാകുളം പറവൂർ സ്വദേശി ജ്യോൺ ജോ മുല്ലൂർ. മാർച്ചിലെ ഒരു പുലർകാലവേളയിൽ ജ്യോൺ കണ്ട സ്വപ്നമാണ് ഇപ്പോൾ യാഥാർഥ്യമെന്ന് തോന്നുംവിധമുള്ള ഇമേജുകളായി മാറിയിരിക്കുന്നത്.


ഇതാദ്യമായല്ല ജ്യോൺ യു.എ.ഇയിൽ 'മഞ്ഞ് പെയ്യിക്കുന്നത്'. മുമ്പ് ദുബൈയെ 'മഞ്ഞണിയിക്കുകയും' ഹത്തയെ 'പച്ച പുതപ്പിക്കുക'യുമൊക്കെ ചെയ്തിട്ടുണ്ട് ഈ 38കാരൻ. ദുബൈയിലെ ഐക്കണുകളായ ബുർജ് ഖലീഫയും ഡൗൺ ടൗൺ ദുബൈയും ദുബൈ ഫ്രെയിമും ഫ്യൂചർ മ്യൂസിയവും ബുർജുൽ അറബും അറ്റ്ലാന്‍റിസുമൊക്കെ മഞ്ഞിൽ കുളിച്ച് നിൽക്കുന്ന ദൃശ്യങ്ങളാണ് ജ്യോ ആദ്യം ആവിഷ്കരിച്ചത്.


ജ്യോ കണ്ട സ്വപ്നത്തിന് പിന്നാലെ ദുബൈയെ സ്നേഹിക്കുന്നവർ സഞ്ചരിക്കുന്നതാണ് പിന്നീട് കണ്ടത്. 'ദുബൈ സ്നോ' ഇമേജുകളെല്ലാം വൈറലായി. ദുബൈയിൽ വന്ന നാളുകളിൽ താമസിച്ചിരുന്ന റൂമിന്‍റെ ജനാലയിലൂടെ നോക്കുമ്പോൾ കാണുമായിരുന്ന സബീൽ പാർക്കിലും പരിസരങ്ങളിലും മഞ്ഞ് നിറഞ്ഞുകിടക്കുന്ന ദൃശ്യമാണ് ജ്യോ സ്വപ്നത്തിൽ കണ്ടത്. ഭാര്യ ഡിംപിളിനോടും മകൾ ജൊവാനയോടും ഇക്കാര്യം പങ്കുവെച്ച ജ്യോ ഈ സ്വപ്നത്തിന് പിന്നാലെയുള്ള യാത്രയിലായിരുന്നു പിന്നീട്.


ഇതിനായി രാവും പകലും സമയം കണ്ടെത്തി മൂന്ന് പുതിയ ത്രിഡീ സോഫ്റ്റ്വെയറുകൾ പഠിച്ചു. ഇടക്ക് പദ്ധതി ഉപേക്ഷിക്കാൻ വരെ ആലോചിച്ചെങ്കിലും കുടുംബവും കൂട്ടുകാരും പ്രോത്സാഹിപ്പിച്ചതോടെ ആദ്യ സീരീസ് പൂർത്തിയാക്കുകയായിരുന്നു.അത് ഹിറ്റായതോടെയാണ് ഹരിതാഭമായ ദുബൈയെ ആവിഷ്കരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയത്.


2040ഓടെ ലോകത്തിന്‍റെ വിസ്മയനഗരത്തെ 60 ശതമാനം ഹരിതാഭമാക്കുകയെന്ന യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദിന്‍റെ 'വിഷൻ 2040' ആണ് തനിക്ക് ഇതിന് പ്രചോദനമായതെന്ന് ജ്യോ പറയുന്നു. ജനിച്ചുവളർന്ന നാടിന്‍റെ ആത്മാവിനെ 18 വർഷമായി ജീവിക്കുന്ന നാടിന്‍റെ ചലനങ്ങളിലേക്ക് ജ്യോ പറിച്ചുനട്ടപ്പോൾ പിറന്നത് വിസ്മയചിത്രങ്ങൾ. ഡൗൺടൗൺ ദുബൈയും പാം ജുമൈറയും ഹത്ത ഡാം തടാകത്തിന് ചുറ്റുമുള്ള മലകളുമൊക്കെ പച്ചപുതച്ചു നിന്നു. പച്ചപ്പിനിടയിലൂടെ മെട്രോ ട്രെയിൻ നീങ്ങി, മരുഭൂമിയിൽ മാത്രം കാണുന്ന അറേബ്യൻ ഓറിക്സ് കൊടുങ്കാട്ടിൽ പുല്ലുമേഞ്ഞുനിന്നു.


'മഞ്ഞിലും പച്ചപ്പിലും ദുബൈയുടെ വിവിധ ഭാഗങ്ങൾ ചിത്രീകരിച്ചപ്പോളാണ് ഞാൻ ഒരുകാര്യം ശ്രദ്ധിച്ചത്. വെള്ളയും പച്ചയും യു.എ.ഇയുടെ പതാകയിലുണ്ട്. അപ്പോൾ മറ്റൊരു ആശയം മനസ്സിലുദിച്ചു. പതാകയുടെ കളറുകൾ തീം ആക്കിയുള്ള യു.എ.ഇയെ ആവിഷ്കരിക്കാൻ. ഇതിന്‍റെ ഭാഗമായി ചുവപ്പും കറുപ്പും പ്രതിനീധീകരിക്കാൻ ചൊവ്വ, ശുക്രൻ എന്നീ ഗ്രഹങ്ങളിൽ യു.എ.ഇയുടെ ഐക്കണുകൾ വന്നാൽ എങ്ങിനെയുണ്ടാകും എന്ന ഇമേജുകളുടെ പണിപ്പുരയിലാണിപ്പോൾ' -ജ്യോ പറയുന്നു.

പച്ചപുതച്ചു നിൽക്കുന്ന പാം ജുമൈറ

തന്നെ ആളുകൾ അഭിനന്ദനം കൊണ്ട് മൂടുമ്പോൾ ജ്യോ നന്ദി പറയുന്നത് അബൂദബിയി ക്രിയേറ്റീവ് ചീഫായി ജോലി ചെയ്യുന്ന മൂത്ത സഹോദരൻ ബിനോയ് ജോണിനോടാണ്. അപ്ലൈഡ് ആർട്സ് പഠിച്ച ജ്യോയെ വിസ്മയചിത്രങ്ങളുടെ മാന്ത്രികലോകത്തേക്ക് എത്തിച്ചത് ബിനോയ് ആണ്.


കടുത്ത ചൂടിൽ വിഷമിക്കുന്ന പ്രവാസികളടക്കമുള്ളവരുടെ മനസ്സിൽ തന്‍റെ ഇമേജുകൾ കുളിർമ പകരുമെന്ന പത്യാശയും ജ്യോ പ്രകടിപ്പിക്കുന്നു. 'ചൊവ്വയിൽ ഒരു യു.എ.ഇ കോളനി എന്ന സങ്കൽപ്പത്തിലുള്ള വർക്കാണ് ഇപ്പോൾ ചെയ്യുന്നത്.


ഇതും മഞ്ഞുപെയ്യുന്ന, പച്ച പുതച്ചുകിടക്കുന്ന യു.എ.ഇയും ഒക്കെ സ്വപ്നമാണെന്ന് ഇപ്പോൾ നമുക്ക് പറയാം. പക്ഷേ, ഭാവിയിൽ ഇതൊക്കെ യാഥാർഥ്യമാകില്ലെന്ന് ആരുകണ്ടു. ഒന്നുമില്ലായ്മയിൽനിന്ന് സ്വർഗം പണിതവരാണ് യു.എ.ഇക്കാർ. ഈ സ്വപ്നങ്ങൾ അവർ യാഥാർഥ്യമാക്കിയാലും അത്ഭുതപ്പെടാനില്ല' -ഏറെ പ്രതീക്ഷയുണ്ട് ജ്യോയുടെ വാക്കുകളിൽ. 



Tags:    
News Summary - Here is the Malayali who 'snowed' in the UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.