കാലടി: കണ്ണ് തുറക്കാത്ത ദൈവങ്ങളെ-- കരയാനറിയാത്ത ചിരിക്കാനറിയാത്ത --- എന്ന എവർഗ്രീൻ ഗാനം ഉൾപ്പെടെ നിരവധി ഗാനങ്ങൾ മനോഹരമായി പാടും രമ. പിരാരൂരിൽ ഇടിഞ്ഞ് വീഴാറായ വീട്ടിലാണ് രമയും ഭർത്താവ് രാജനും താമസിക്കുന്നത്.
പൂർണമായും അന്ധരായ ഈ ദമ്പതികളുടെ വീടെന്ന സ്വപ്നം പൂവണിയുന്നു. അഞ്ച് വർഷത്തിലധികമായി ലൈഫ് ഭവന പദ്ധതിയിൽ ഉള്ള കാത്തിരിപ്പ് അവസാനിപ്പിക്കുന്നതിനുള്ള ഉത്തരവ് കഴിഞ്ഞ ദിവസം സർക്കാർ ഇറക്കി.
അങ്കമാലി പട്ടികജാതി വികസന ഓഫിസറുടെയും എസ്.സി പ്രമോട്ടറുടെയും സഹകരണത്തോടെ കൂവപ്പടി പഞ്ചായത്തിൽ ചെട്ടിനട പ്രദേശത്ത് ഇവർക്ക് വീട് നിർമിക്കുന്നതിന് നാല് വർഷം മുമ്പ് അഞ്ച് സെന്റ് സ്ഥലം ലഭ്യമാക്കി ആധാരം ചെയ്തു കൊടുത്തിരുന്നു.
പിന്നീട് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചില സാങ്കേതിക കാരണങ്ങൾ നിരത്തി പദ്ധതി വൈകിപ്പിച്ചു. അങ്കമാലി ബ്ലോക്ക് പരിധിയിലും കാലടി പഞ്ചായത്തിലെയും താമസക്കാരുമായ ഇവർക്ക് കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കൂവപ്പടി പഞ്ചായത്തിൽ സ്ഥലം ലഭിച്ചത് സാങ്കേതിക പ്രശ്നമായി ഉയർത്തിക്കാട്ടിയായിരുന്നു അവഗണന.
2021ൽ നല്ല ഗായിക കൂടിയായ രമ രാജനെ കൂവപ്പടി പഞ്ചായത്തിലെ ലൈഫ് ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെടുത്തി. എന്നാൽ, തദ്ദേശീയരായ ഗുണഭോക്താക്കൾക്ക് വീടുവെക്കാൻ മുൻഗണന കൊടുക്കണമെന്ന പ്രമേയം പഞ്ചായത്ത് സ്വീകരിക്കുകയും പദ്ധതി വീണ്ടും അട്ടിമറിക്കുകയും ആയിരുന്നു.
കൂവപ്പടി പഞ്ചായത്തുമായി ബന്ധപ്പെട്ട് വീട് വെക്കുന്നതിനുള്ള തുടർ നടപടികൾ വേഗത്തിലാക്കുമെന്ന് കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.പി. ആന്റണി, ബ്ലോക്ക് പഞ്ചായത്ത് അംഗം സിജോ ചൊവ്വരാൻ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.