എല്ലാവർക്കും ഒരു ദിവസമുണ്ട്. വനിതകൾക്ക്, അമ്മമാർക്ക്, കുട്ടികൾക്ക് തുടങ്ങി എലികൾക്ക് വരെയുണ്ട് അവരവരുടേതായ പ്രത്യേക ദിനം. വനിതാദിനത്തിലും മാതൃദിനത്തിലുമൊക്കെ നിങ്ങൾ വാട്സാപ്പ് വഴിയും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം വഴിയുമൊക്കെ നിരവധി ആശംസ സന്ദേശങ്ങളും അയച്ചിട്ടുണ്ടാകും. പക്ഷേ, നിങ്ങളിൽ എത്രപേർ ഇന്ന് പുരുഷന്മാർക്ക് ആശംസ അറിയിച്ചിട്ടുണ്ട്? ഇന്ന് പുരുഷദിനമാണെന്ന് എത്രപേർക്ക് അറിയാം?
മറ്റുള്ളവർക്കുള്ള പ്രത്യേക ദിനങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ആശംസകളുടെ പൊടിപൂരം കാണുന്ന ആണുങ്ങൾ ഒരുതവണയെങ്കിലും ആലോചിച്ചിട്ടില്ലേ ഞങ്ങൾക്കും ഒരു ദിവസം ഉണ്ടായിരുന്നെങ്കിൽ എന്ന്! പുരുഷന്മാരേ..., ആഘോഷിക്കാൻ നിങ്ങൾക്കുമുണ്ട് ഒരു ദിനം. അത് ഇന്നാണ്. നവംബർ 19. ലോകത്തിലെ എല്ലാ പുരുഷന്മാർക്കും വേണ്ടിയുള്ള അന്താരാഷ്ട്ര പുരുഷദിനം. ഇന്ത്യയിലൊക്കെ അടുത്തിടയേ ശ്രദ്ധിക്കപ്പെട്ടുള്ളു എങ്കിലും 1999 മുതൽ കക്ഷി കലണ്ടറിലുണ്ട്.
എല്ലാവർക്കുമുള്ള പോലെ പുരുഷന്മാർക്കായി ഒരു ദിനത്തിനുള്ള ശ്രമം 1992ൽ നടന്നിരുന്നു. ജീവിതത്തിന്‍റെ വിവിധ തലങ്ങളിൽ പുരുഷന്മാർ നൽകിയ സംഭാവനകളെ തുറന്നുകാട്ടുന്നതിനും അത് ഓർമ്മിക്കപ്പെടുന്നതിനുമായി 1992ൽ ഫെബ്രുവരി 7ന് തോമസ് ഓസ്റ്റർ അന്താരാഷ്ട്ര പുരുഷദിനം ആദ്യമായി ആചരിച്ചു. പക്ഷേ, പുരുഷന്മാരിൽ നിന്നുപോലും അതിന് വലിയ പിന്തുണ കിട്ടിയില്ലെന്നത് വേറെ കാര്യം.
1999 നവംബർ 19ന് വെസ്റ്റിൻഡീസ് യൂനിവേഴ്സിറ്റിയിലെ ഹിസ്റ്ററി പ്രഫസർ ഡോ. ജെറോം ടീലൂക്സിംഗ് ട്രിനിഡാഡിലും ടൊബാഗോയിലും ഈ ദിവസം വീണ്ടും ആഘോഷിക്കാൻ ആരംഭിച്ചു. അന്നതിന് വളരെ വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു. ലോകമെമ്പാടുംനിന്ന് ഇതിന് പിന്തുണ ലഭിക്കുകയും ഇത് മുന്നോട്ടുവെക്കുന്ന ആശയം ലോകം ഏറ്റെടുക്കുകയും ചെയ്തു. ഇന്ന് ഇന്ത്യയടക്കം അറുപതിൽപ്പരം രാജ്യങ്ങൾ അന്താരാഷ്ട്ര പുരുഷ ദിനം ആചരിക്കുന്നു. എല്ലാവർഷവും അന്താരാഷ്ട്ര പുരുഷദിനത്തിന് ഒരു വിഷയവുമുണ്ട്. 'പുരുഷന്മാരും സ്ത്രീകളും തമ്മിൽ മികച്ച ബന്ധം' എന്നതാണ് ഈ വർഷത്തെ വിഷയം.
പുരുഷാധിപത്യത്തിന്‍റെ പേരിൽ ഏറ്റവും കൂടുതൽ ക്രൂശിക്കപ്പെടുന്നവർക്ക് ആശ്വാസമേകാൻ ഒരു ദിവസമെങ്കിലും മാറ്റിവെക്കാമെന്നാണ് പുരുഷദിനം ആഘോഷമാക്കുന്നവർ പറയുന്നത്. സമൂഹത്തിനും കുടുംബത്തിനും കുട്ടികൾക്കും പരിസ്ഥിതിക്കുമൊക്കെ വേണ്ടി പുരുഷന്മാർ നൽകുന്ന സംഭാവനകൾ അംഗീകരിക്കപ്പെടേണ്ടതും ആദരിക്കപ്പെടേണ്ടതുമുണ്ടെന്നതാണ് പുരുഷദിനത്തിന്‍റെ അടിസ്ഥാന ശിലകളിലൊന്ന്.
പുരുഷന്മാരുടെ ആരോഗ്യക്ഷേമത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതും വ്യക്തിസമത്വം പ്രോത്സാഹിപ്പിക്കുന്നതുമെല്ലാം ഇതിന്‍റെ ലക്ഷ്യമാണ്. സമൂഹത്തിൽ പുരുഷന്മാർ നേരിടുന്ന പ്രശ്നങ്ങൾക്കെതിരെ അവബോധം സൃഷ്ടിേകണ്ടേതിെന്റയും സമൂഹത്തിൽ നല്ല മാറ്റങ്ങൾക്ക് കാരണമാകുന്ന പുരുഷന്മാരെ ബഹുമാനിക്കേണ്ടതിന്‍റെയും പ്രാധാന്യത്തെ തുറന്നുകാട്ടണമെന്നാതാണ് ഈ ദിനത്തിന്‍റെ സന്ദേശം.
സമൂഹത്തിൽ നല്ല മാറ്റങ്ങൾക്ക് കാരണമാകുന്ന പുരുഷന്മാരെ ആദരിക്കുക എന്നത് മാത്രമല്ല പുരുഷന്മാരുടെയും ആൺകുട്ടികളുടെയും മാനസികാരോഗ്യത്തിൽ അവബോധം സൃഷ്ടിക്കുക, പുരുഷന്മാരുടെ നേട്ടങ്ങളും വിജയങ്ങളും ആഘോഷിക്കുക, എല്ലാ മേഖലകളിലുമുള്ള ലിംഗസമത്വം ഉറപ്പാക്കുക, പുരുഷന്മാർക്കെതിരായ വിവേചനത്തെ ഒഴിവാക്കുക എന്നിവയെല്ലാം ഇതിന്‍റെ ലക്ഷ്യങ്ങളിൽപ്പെടുന്നു. മിക്ക രാജ്യങ്ങളിലും പുരുഷദിനത്തിൽ പ്രമുഖ നേതാക്കന്മാരും സെലിബ്രിറ്റികളും അടക്കം ധാരാളം ആളുകൾ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ഒത്തുചേരുകയും പുരുഷ ക്ഷേമത്തെക്കുറിച്ചും അവർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും സംസാരിക്കുകയും ചെയ്യാറുണ്ട്.
വനിതാദിനത്തിലൊക്കെ ആശംസകൾ പങ്കുവെക്കലും സമ്മാനങ്ങൾ കൈമാറലുമൊക്കെ സർവസാധാരണമാണല്ലോ. നമ്മുടെ ജീവിതത്തോട് ചേർന്നുനിൽക്കുന്ന എത്ര പുരുഷന്മാരുണ്ട്. അത് അച്ഛനാകാം, ഭർത്താവാകാം, സഹോദരനാകാം, മകനാകാം, സുഹൃത്താകാം... അവർക്ക് ഇന്നെങ്കിലും ഒരാശംസ കൊടുക്കേണ്ടതല്ലേ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.