ദുബൈ: യു.എ.ഇയിലെ ഏഴ് എമിറേറ്റുകളും സൈക്കിളിൽ കീഴടക്കിയിരിക്കുകയാണ് മലയാളി വിദ്യാർഥികളായ ഇർഫാൻ മുഹമ്മദും മുഹമ്മദ് ബിൻ ഷമീറും. നാലുവർഷം മുമ്പ് തുടങ്ങിയ യജ്ഞം ഈ വർഷമാണ് അവർ പൂർത്തിയാക്കിയത്. പല സമയങ്ങളിലായി 800 കിലോമീറ്ററാണ് ഇവർ താണ്ടിയത്. ഡി.എക്സ്.ബി റൈഡേഴ്സിനൊപ്പം ചേർന്ന് കേരളം മുഴുവൻ കറങ്ങാനാണ് അടുത്ത ലക്ഷ്യം. പ്രഫഷനൽ സൈക്ലിസ്റ്റുകളും സ്ഥിരമായി പരിശീലിക്കുന്നവരും എല്ലാ എമിറേറ്റുകളിലും ഇടക്കിടെ സൈക്കിളുമായി എത്താറുണ്ട്. എന്നാൽ, ആഗ്രഹംകൊണ്ട് മാത്രം യു.എ.ഇ മുഴുവൻ സൈക്കിളിൽ കറങ്ങുന്നത് അപൂർവമാണ്.
ഈ അപൂർവതയാണ് ഇർഫാനും മുഹമ്മദും സ്വന്തമാക്കിയത്. ഷാർജ അവർ ഓൺ ബോയ്സ് സ്കൂളിലെ 12ാം ക്ലാസ് വിദ്യാർഥിയായ ഇർഫാനാണ് ആദ്യം റൈഡ് തുടങ്ങിയത്. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമായിരുന്നു ഇതിനുപിന്നിൽ. പിന്നീട്, അജ്മാൻ സിറ്റി കോളജിലെ ഡിഗ്രി വിദ്യാർഥി മുഹമ്മദും ഒപ്പം ചേരുകയായിരുന്നു. ഏറ്റവും കൂടുതൽ സൈക്കിൾ ചവിട്ടിയത് അബൂദബിയിലൂടെയാണ്. ഇരുവശങ്ങളിലേക്കുമായ ഏകദേശം 300 കി.മീ. എന്നാൽ, കഠിനയാത്ര ഫുജൈറയിലേതായിരുന്നെന്ന് ഇവർ പറയുന്നു.
കുത്തനെയുള്ള കയറ്റവും ഇറക്കവുമെല്ലാം നന്നായി വിഷമിപ്പിച്ചു. എന്നാൽ, നിശ്ചയദാർഢ്യത്തോടെ ഇറങ്ങിയ ഇവർ ഫുജൈറയും കീഴടക്കുകയായിരുന്നു. അവധി ദിനങ്ങളിലായിരുന്നു കൂടുതലും യാത്ര. രാത്രിയും പകലും ചൂടുകാലത്തും തണുപ്പിലുമെല്ലാം സൈക്കിളുമായി ഇറങ്ങി. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നേതൃത്വത്തിൽ നടത്തുന്ന ദുബൈ ഫിറ്റ്നസ് ചലഞ്ചാണ് ഇവരുടെ പ്രചോദനം.
കോഴിക്കോട് ബേപ്പൂർ സ്വദേശി മുഹമ്മദ് ഇസ്മയിലിന്റെയും ജംഷിയുടെയും മകനാണ് ഇർഫാൻ. സഹ്വ, വസീം എന്നിവർ സഹോദരങ്ങളാണ്. തൃശൂർ നാട്ടിക സ്വദേശി അബു ഷമീറിന്റെയും റസിയയുടെയും മകനാണ് മുഹമ്മദ് ബിൻ ഷമീർ. മറിയം, ബാസിത്, ഫാത്തിമ എന്നിവർ സഹോദരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.