ജിതിൻ ജോർജ്

നാരുപോലെ നന്നേ നേർത്ത ഒരൊറ്റ ഊടുവഴിയേ ഉള്ളൂ, നെല്ലിയാമ്പതിക്കാട്ടിലെ കാടരുടെ ഊരായ ചെറുനെല്ലിയിലേക്ക്​. അതാകട്ടെ, കുത്തനെയിറങ്ങി, വെള്ളച്ചാട്ടമൊക്കെ ചാടിക്കടന്ന് പണിപ്പെട്ടു മാത്രം എത്താൻ കഴിയുന്ന ദുർഘടമായ തും. വെളുത്ത വരയായിപ്പോലും പുറത്തുകാട്ടാതെ, വഴിയേറെയും പടർന്ന പച്ചപ്പൊന്തകൾ മൂടിയിടും. പലതരം വന്യമൃഗങ്ങൾ സ്വൈരവിഹാരം നടത്തുന്ന കാടകത്തെ ആ കഷ്​ടവഴി വകഞ്ഞ് നിത്യവും ഊരിൽ ഇറങ്ങിക്കയറുന്നുണ്ട് ഒരു ചെറുപ്പക്കാരൻ. ഊരി​െൻറ മക്കളിൽ കൊളുത്താനുള്ള വിദ്യയുടെ വെളിച്ചവുമായാണ് ജിതിൻ ജോർജെന്ന മുപ്പത്തൊന്നുകാരൻ എന്നും കാടിറങ്ങിവരുന്നത്. അക്ഷരപുണ്യം പകരാനുള്ള ഈ വരവ് തുടങ്ങിയിട്ട് ആണ്ടുകൾ പതിനാല് പിന്നിട്ടു.

കാടിനുള്ളിലെ പള്ളിക്കൂടം

മൺതറക്കു മീതെ, തകരഷീറ്റു മേഞ്ഞുണ്ടാക്കിയ ചെറിയൊരു ഷെഡ്. അതാണ് റിസർവ് വനത്തിനുള്ളിലെ ഊരി​െൻറ വിദ്യാലയം. ക്ലാസ്​ നടത്താൻ ബോർഡും ബെഞ്ചും മറ്റുമായി ചില്ലറ സാമഗ്രികൾ മാത്രമുള്ള ഒരിടം. 2006ൽ ആരംഭിച്ചതാണ് ഈ ഏകാധ്യാപക വിദ്യാലയം. അന്നു തൊട്ടേ ജിതിൻ തന്നെയാണ് ആ ഒറ്റയാൻ മാഷ്. ഷെഡിൽനിന്ന് മോചിപ്പിച്ച്, സൗകര്യങ്ങൾ ഇത്തിരി കൂട്ടി ഇതിനെ മെച്ചപ്പെട്ടൊരു അക്ഷരപ്പുരയാക്കാൻ ശ്രമങ്ങൾ കുറെ ഉണ്ടായെങ്കിലും ഒന്നുമിനിയും ഫലം കണ്ടിട്ടില്ല. നിർമാണ സാമഗ്രികൾ ഇങ്ങോട്ടെത്തിക്കൽ തന്നെയാണ് പ്രധാന വൈതരണി.

ഒന്നു മുതൽ നാലുവരെയുള്ള ക്ലാസിലെ കുട്ടികൾക്ക് ഒരുമിച്ചാണ് ക്ലാസ്. നിലവാരത്തിനനുസരിച്ച് കുട്ടികളെ ഗ്രൂപ്പാക്കിയാണ് പ്രവർത്തനങ്ങൾ നൽകുന്നത്. തുടക്കത്തിൽ ഇരുപതോളം കുട്ടികളാണുണ്ടായിരുന്നത്. ഇന്നത് വിരലിലെണ്ണാനാവുംവിധം കുറഞ്ഞിരിക്കുന്നു. ക്ലാസിലെത്തിയാൽ കാര്യങ്ങൾ എളുപ്പം പഠിച്ചെടുക്കാനുള്ള മിടുക്കുണ്ട് കുട്ടികൾക്ക് എന്നാണ് മാഷി​െൻറ സാക്ഷ്യം. നാലാം ക്ലാസ് കഴിഞ്ഞാൽ തുടർപഠനത്തിന് ഇവർക്ക് ദൂരെയുള്ള ട്രൈബൽ സ്കൂളുകളാണ് ശരണം. അവിടെ താമസിച്ചു പഠിക്കാൻ അത്ര തൽപരരല്ല ഇവർ. അതിനാൽ കൊഴിഞ്ഞുപോക്ക് കൂടുതലാണ്.

ആദിവാസികളിലെ സവിശേഷ വിഭാഗമായ കാടർ കൂട്ടമായി അധിവസിക്കുന്ന, നെല്ലിയാമ്പതിയിലെ ഒരേയൊരു ഊരാണ് ചെറുനെല്ലി. ഒമ്പതു വീടുകൾ, പതിനാല് കുടുംബങ്ങൾ, അമ്പത്തിനാലു പേർ. ഇങ്ങനെയാണ് ഊരി​െൻറ ആൾക്കണക്ക്. ഇവരിൽ പാതിയോളം പേരാണ് എഴുത്തും വായനയും വശമുള്ളവർ. അവരത്രയും ജിതി​െൻറ ശിഷ്യരുമാണ്.

മുടങ്ങാതെ കോവിഡ് കാലത്തും

കോവിഡ് കാലത്തെ പഠനം ഓൺലൈനിലേക്ക്​ മാറിയപ്പോൾ ചില പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട് ഊരിലെ കുട്ടികൾ. ഒരു സ്മാർട്ട് ഫോണാണ് ഇപ്പോൾ അവിടെ ആകെയുള്ളത്. അതിലേക്ക്​ അയക്കുന്ന പഠനസംബന്ധിയായ വിവരങ്ങൾ എല്ലാവർക്കുമായി പങ്കുവെക്കുകയാണ് നിലവിലെ രീതി. കൂടുതൽ ഫോണുകൾ ലഭ്യമാക്കാൻ ശ്രമങ്ങൾ നടക്കുന്നു.ചില മനുഷ്യസ്നേഹികൾ സഹായിക്കാൻ മുന്നോട്ടുവന്നിട്ടുണ്ട്. വൈകാതെ ഫോൺ അപര്യാപ്തതയുടെ പ്രശ്നം തീരുമെന്നാണ് പ്രതീക്ഷ. വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന 'ഫസ്​റ്റ്​ ബെൽ' ക്ലാസുകൾ കാണാൻ ടി.വിയുള്ളതി​െൻറ ആശ്വാസം ഊരിനുണ്ട്.

ആദിവാസി ഊരിലെ ക്ലാസിൽ ജിതിൻ

ക്ലാസ് ഓൺലൈനിലായെങ്കിലും ഊരു സന്ദർശനം മുടക്കുന്നില്ല ജിതിൻ. ഇടവിട്ട ദിവസങ്ങളിൽ കാടിറങ്ങി വരുന്നുണ്ടിയാൾ. കുട്ടികൾ പഠിച്ചത് വിലയിരുത്തും; നോട്ടുകൾ പരിശോധിക്കും. അച്ഛനമ്മമാരോട് കുട്ടികളുടെ പഠനം ഉൾപ്പെടെയുള്ള കാര്യങ്ങൾ തിരക്കും. മുഖാമുഖം കണ്ട് കാര്യങ്ങൾ ഉണർത്തിച്ചില്ലെങ്കിൽ കുട്ടികൾ പഠനത്തിൽ ഉഴപ്പിപ്പോകുമെന്നാണ് ജിതി​െൻറ നിരീക്ഷണം.

ക്ലാസ്​ കുടുംബങ്ങൾക്കും

കുട്ടികൾക്കുള്ള പുസ്തകാഭ്യാസത്തിൽ മാത്രമായി ഒതുക്കുന്നില്ല ജിതിൻ ത​െൻറ അധ്യാപനത്തി​െൻറ പരിവൃത്തം. ഊരിലെ മൊത്തം മനുഷ്യജീവിതത്തെ ഗുണപരമായി ഉണർത്താനും ഉയർത്താനും വേണ്ട ഇടപെടലുകൾ നിരന്തരമുണ്ട് ഈ യുവാവിൽ നിന്ന്. ആരോഗ്യ വിദ്യാഭ്യാസ കാര്യങ്ങളിൽ അനിവാര്യമായ അറിവും അവബോധവും ഓരോ കുടുംബത്തിലേക്കും പകരാൻ ശ്രദ്ധ വെക്കുന്നുണ്ട് ജിതിൻ.

ഒരു വ്യാഴവട്ടത്തിലേറെ കാടരുമായി ഇഴുകി ജീവിച്ച ജിതിന് ഊരിെൻറ ഭാഷയും ജീവിത സ്പന്ദനങ്ങളും നന്നായറിയും. പിള്ളേരുടെ മാഷ് എന്ന നിലയിൽ നിന്നുയർന്ന്, പുറംലോകത്ത് അവർക്കുള്ള ബന്ധുവും സുഹൃത്തും വഴികാട്ടിയും രക്ഷിതാവും ഒക്കെയാണ് ഇന്ന് ഇദ്ദേഹം. ഊരിലെ ചടങ്ങുകളിലും വിശേഷ ദിവസങ്ങളിലും പുറത്തുനിന്ന് ക്ഷണിക്കപ്പെടുന്ന ഏക അതിഥി എന്നനിലയിൽ അവരിൽ ഒരാളായി ജിതിൻ മാറിക്കഴിഞ്ഞിരിക്കുന്നു.

ആദ്യം കയ്ച്ചു; പിന്നെ മധുരിച്ചു

മറ്റേത് ഏകാധ്യാപക വിദ്യാലയത്തിലും അധ്യാപകരായി എത്തുന്നവർ ഏറെക്കാലമത് തുടരാറില്ല. അതിൽനിന്ന് താനെങ്ങനെ വ്യത്യസ്തനായി എന്ന്​ ജിതിൻ തന്നെ പറയും: 'തുടക്കത്തിലെ പഠിപ്പിക്കൽ നല്ല പാടായിരുന്നു ഇവിടെ. ഞാനവർക്കും അവരെനിക്കും എല്ലാം കൊണ്ടും അപരിചിതർ. ആശയ വിനിമയത്തിന് പരിമിതി തീർത്ത് പിടികിട്ടാത്ത ഗോത്രഭാഷ. കുട്ടിക​െളല്ലാം പല പ്രായക്കാർ. ചിലർ വല്ലാതെ മുതിർന്നവർ. കുറെ പേർ പതിവായി ക്ലാസിൽ വരില്ല, വന്നാൽ തന്നെ മുഴുസമയം നിൽക്കില്ല. അടുത്തു വരാനോ മിണ്ടാനോ പോലും മിക്കവരും കൂട്ടാക്കിയിരുന്നില്ല.


അങ്ങനെ നൂറു കൂട്ടം പ്രശ്നങ്ങൾ. ഈ പണി എത്രയും വേഗം കളഞ്ഞിട്ടു പോകാൻ തോന്നിയ നിരാശയുടെ കാലമായിരുന്നു അന്ന്. കുട്ടികളെ ഇണക്കിയെടുക്കുക എന്ന വെല്ലുവിളി വൈകാതെ മറികടക്കാനായി. കളിച്ചും ചിരിച്ചും പാട്ടുപാടിയും ഒക്കെയാണ് അവരെ വശത്താക്കിയത്. അതോടെ ഞങ്ങൾക്കിടയിലെ മഞ്ഞുരുകി. ക്ലാസ് അവർക്കും എനിക്കും ഒരുപോലെ ഹരമായി. നിഷ്കളങ്കരായ ഈ കുഞ്ഞുങ്ങളുടെ സ്നേഹത്തിെൻറ മാറ്ററഞ്ഞിപ്പോൾ എന്നും ഈ കാടിറങ്ങിവരാതെ വയ്യ എന്ന നിലയായി.'

വഴിമുടക്കാൻ അട്ട മുതൽ ആന വരെ

പോത്തുണ്ടി ചെക്ക് പോസ്​റ്റ്​ കടന്ന് പ്രധാന പാതയിൽ പത്തു കിലോമീറ്റർ പിന്നിടണം ചെറുനെല്ലി ഊരിലേക്കുള്ള കാട്ടുവഴി തിരിയാൻ. റോഡോരത്തുള്ള ആദ്യത്തെ വാച്ച് ടവർ എത്തുന്നതിന് രണ്ടു കിലോമീറ്റർ മുമ്പാണിത്. നെല്ലിയാമ്പതിയിലെ ചെറിയ അങ്ങാടിയായ കൈകാട്ടിയിലേക്ക്​ ഇവിടെ നിന്ന് പതിനഞ്ചു കിലോമീറ്ററുണ്ട് ദൂരം. കാട്ടിനുള്ളിലേക്ക്​ മഴവെള്ളം ഒഴുകുന്ന ചാലാണ് ഊരിലേക്കുള്ള നടവഴിയായി രൂപപ്പെട്ടിട്ടുള്ളത്. അതിനാൽതന്നെ നീളെ അട്ടശല്യമാണ്. പതിവായി ആനയിറങ്ങുന്ന സ്ഥലം. മറ്റു കാട്ടുമൃഗങ്ങളും കണ്ടേക്കാം.

നൂറ്റമ്പതടി താഴ്ചയിലാണ് കാടരുടെ ഊര്. ഇറങ്ങിപ്പോകാൻ വേണ്ട സമയവും കഷ്​ടപ്പാടും പോരാ, അവിടെനിന്ന് തിരികെക്കയറാൻ. ഒരു മണിക്കൂറെങ്കിലും വേണം കിലോമീറ്ററുകൾ നീണ്ട മലഞ്ചെരിവ് കയറി റോഡിലെത്താൻ. വെള്ളം കുത്തിയൊഴുകുന്ന മഴക്കാലത്ത് നടത്തത്തിന് ദുരിതമേറും. ആനയിറങ്ങിയാൽ, ഊരിൽനിന്ന് ജിതിന് ഫോണിൽ മുന്നറിയിപ്പ് വരും. ആന വഴിമാറിയാൽ വരാനുള്ള ഗ്രീൻ സിഗ്​നലും അവർ കൊടുക്കും. അതിലൊതുങ്ങുന്നില്ല മാഷോടുള്ള ഊരുകാരുടെ കരുതൽ. വഴിയിറങ്ങി വരുമ്പോൾ കൂട്ടിക്കൊണ്ടുപോകാൻ റോഡിൽ ആളെ നിർത്തും. തിരികെ റോഡിലെത്തിക്കാനും ആരെയെങ്കിലും ഒപ്പം വിടും.

ഉണരുന്നുണ്ട് ഊര്

എല്ലാറ്റിൽ നിന്നും ഉൾവലിയുന്ന സ്വഭാവമായിരുന്നു പണ്ടിവർക്ക്. മക്കളുടെ പഠനവും വലിയ കാര്യമാക്കിയിരുന്നില്ല. ഉൾക്കാട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോകുമ്പോൾ സ്കൂളിൽ പോകേണ്ട കുട്ടികളെയും കൂടെ കൂട്ടുമായിരുന്നു. അത്രയേ ഉണ്ടായിരുന്നുള്ളൂ പഠനത്തിനുള്ള പരിഗണന. ഇപ്പോൾ അതെല്ലാം പഴങ്കഥയായി. പുറം ലോകത്തുള്ളവരോട് സങ്കോചമില്ലാതെ സംസാരിക്കാനുള്ള ആത്മവിശ്വാസം നേടിയിട്ടുണ്ട് ഇന്നീ ഗോത്ര സമൂഹം. ദൂരെപ്പോയി പഠിക്കാനുള്ള വിമുഖതക്കും മാറ്റമുണ്ട്. ആവശ്യം വന്നാൽ പുറത്ത് ആധുനിക ചികിത്സ തേടാൻ ഇവരാരും ഇന്ന് മടിക്കുന്നില്ല. ചിന്തയിലും കാഴ്ചപ്പാടിലും അറിവ് അവരിൽ വിപ്ലവം സൃഷ്​ടിച്ചിരിക്കുന്നു.

ശുചിത്വ പരിചരണങ്ങളിലും വേഷവിധാനത്തിലും ഒക്കെ കാണാം പ്രകടമായ മാറ്റങ്ങൾ. അക്ഷരാഭ്യാസം നേടിയ പുതുതലമുറയാണ് ഊരി​െൻറ ജീവിതമാകെ പുതുക്കിപ്പണിതുകൊണ്ടിരിക്കുന്നത്. ആ മുന്നേറ്റങ്ങൾക്കെല്ലാം കാരണമാകാനും സാക്ഷ്യം വഹിക്കാനും സാധിച്ചത് ജീവിതത്തിലെ ഭാഗ്യമായാണ് ജിതിൻ കരുതുന്നത്. ത​െൻറ കൗമാരകാലത്താണ് ജിതിൻ ഇവിടെ അധ്യാപകനായി എത്തുന്നത്. ടി.ടി.സിക്കു ശേഷം ഇംഗ്ലീഷിൽ ബിരുദപഠനം കൂടി പൂർത്തിയാക്കിയിട്ടുണ്ട് ജിതിൻ ഇപ്പോൾ. പതിനെട്ട് കിലോമീറ്റർ അകലെ പാടഗിരിയിലാണ് ഈ അവിവാഹിത​െൻറ വീട്.

Tags:    
News Summary - Jithin George Single Teacher School in Nelliyampathy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.