കുന്ദമംഗലം: സ്വന്തം കുടുംബത്തെയും ജീവനെയും കുറിച്ച് ചിന്തിക്കാതെ വെള്ളക്കുപ്പായത്തിനുള്ളില് മനസ്സും സങ്കടങ്ങളും ആശങ്കകളും മൂടിവെച്ച് ജീവന് കാവല്വിളക്കായി നില്ക്കുന്ന ദൈവദൂതന്മാരാണ് ഡോക്ടർമാർ. എന്നാൽ, ഡോക്ടർ-രോഗിബന്ധം പല കാരണങ്ങളാലും മാറിക്കൊണ്ടിരിക്കുന്ന കാലത്ത് രോഗികൾക്ക് ഏറെ പ്രിയപ്പെട്ടവരായ ഒരു ഡോക്ടർ കുടുംബമുണ്ട് കോഴിക്കോട് എരഞ്ഞിപ്പാലത്ത്. ഡോക്ടർ ദമ്പതികളായ ഡോ. എൻ.വി. ജയചന്ദ്രനും ഡോ. സന്ധ്യ കുറുപ്പും.
എവിടെ ജോലിചെയ്താലും അന്നാട്ടിലുള്ളവർക്ക് ഏറെ പ്രിയപ്പെട്ട ജനകീയ ഡോക്ടറാണ് സന്ധ്യ കുറുപ്പ്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽനിന്ന് ട്രാൻസ്ഫർ ആയ അവർ നിലവിൽ ബാലുശ്ശേരി ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്നു. കോവിഡിന്റെ ഭീതിപ്പെടുത്തുന്ന ദിവസങ്ങളിൽ നോഡൽ ഓഫിസറായും അല്ലാതെയും ഇവർ നടത്തിയ ഇടപെടൽ കൂടെയുണ്ടായിരുന്ന ജീവനക്കാർക്കും നാട്ടുകാർക്കും കോവിഡ് രോഗികൾക്കും ഏറെ ആശ്വാസമായിരുന്നു. ഔദ്യോഗിക ജീവിതത്തിനിടയിലും കല-സാംസ്കാരിക വേദികളിലും നിറസാന്നിധ്യമാണ് ഡോ. സന്ധ്യ കുറുപ്പ്. മേപ്പയൂർ, അരിക്കുളം, കാക്കൂർ, കുന്ദമംഗലം തുടങ്ങിയ സ്ഥലങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കുന്ദമംഗലത്തുണ്ടായിരുന്നപ്പോൾ ഇവരുടെ ഇടപെടൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കുന്ദമംഗലത്ത് ഇവരുടെ നന്മയുള്ള പ്രവർത്തനങ്ങൾക്ക് നാട്ടുകാരുടെയും രോഗികളുടെയും ജനപ്രതിനിധികളുടെയും മനസ്സറിഞ്ഞ പിന്തുണ ലഭിച്ചിരുന്നു. സേവന രംഗത്തെ മികവാർന്ന പ്രവർത്തനത്തിന് ഐ.എം.എ ഏർപ്പെടുത്തിയ അപ്രിസിയേഷൻ അവാർഡ് 2018, 19, 21, 22 വർഷങ്ങളിൽ കരസ്ഥമാക്കാൻ സന്ധ്യ കുറിപ്പിന് സാധിച്ചു. ഐ.എം.എ സംസ്ഥാന വനിത വിഭാഗം സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഐ.എം.എയുടെ കോഴിക്കോട് സെക്രട്ടറിയാണ്. അരിക്കുളത്ത് പ്രവർത്തിച്ച നാളുകളിൽ സമ്പൂർണ അന്ധത നിവാരണത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനം നടത്താൻ സാധിച്ചിട്ടുണ്ട്.
ഡോ. എൻ.വി. ജയചന്ദ്രൻ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത് തൃശൂർ മെഡിക്കൽ കോളജിൽ നിന്നാണ്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലും മഞ്ചേരി മെഡിക്കൽ കോളജിലും മറ്റും സേവനമനുഷ്ഠിച്ചു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ് യൂനിറ്റ് ചീഫ് ആണ്. റുമറ്റോളജി വിഭാഗം ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്. ഐ.എം.എയുടെ ഇന്ത്യൻ റുമറ്റോളജി അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റാണ്. 2016ൽ ഇന്ത്യൻ റുമറ്റോളജി അസോസിയേഷന്റെ സൈഡസ് ഒറേഷൻ അവാർഡും മറ്റ് അവാർഡുകളും ലഭിച്ചിട്ടുണ്ട്. റുമറ്റോളജിയിൽ നിരവധി പ്രസിദ്ധീകരണങ്ങൾ എഴുതിയിട്ടുണ്ട്.
ചികിത്സ ഭേദമായതിനുശേഷം രോഗികളുടെ മുഖത്തുള്ള ചിരിയും അവരുടെ സന്തോഷത്തോടെയുള്ള നോട്ടവുമാണ് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമെന്ന് ഡോക്ടർ ദമ്പതികൾ ‘മാധ്യമ’ത്തോട് പറഞ്ഞു. ഡോ. ജയചന്ദ്രൻ മാഹി പന്തക്കൽ സ്വദേശിയും ഡോ. സന്ധ്യ കുറുപ്പ് വടകര സ്വദേശിയുമാണ്. വർഷങ്ങളായി ഇവർ താമസിക്കുന്നത് എരഞ്ഞിപ്പാലത്ത് ‘കൃഷ്ണ’ വീട്ടിലാണ്. മകൻ സഞ്ജയ് ഡോക്ടറാണ്. മകൾ പാർവതി എം.ബി.ബി.എസ് മൂന്നാം വർഷ വിദ്യാർഥിനിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.