നേമം: മരണംവരെ വായനയെ വളർത്തുക, മരിക്കുമ്പോൾ തന്റെ ദേഹം മെഡിക്കൽ വിദ്യാർഥികൾക്ക് പഠിക്കാൻ നൽകുക -തലമുറകൾക്ക് മാതൃകയാക്കാവുന്ന അധ്യാപകന്റെ തീരുമാനം മാതൃകയാകുന്നു. തിരുവനന്തപുരം പേട്ട ‘ദിവ്യ’യിൽ കെ. കുമാരദാസാണ് (56) അധ്യാപനത്തിനൊപ്പം സാമൂഹിക സേവനവും കടമയാക്കിയിരിക്കുന്നത്.
പാൽക്കുളങ്ങര സർക്കാർ യു.പി സ്കൂൾ, നേമം യു.പി സ്കൂൾ, ആറ്റിങ്ങൽ നഗരൂർ സ്കൂൾ എന്നിവിടങ്ങളിൽ സംസ്കൃത അധ്യാപകനായിരുന്നു. കഴിഞ്ഞ വർഷം വിരമിച്ചു. അനാഥാലയങ്ങൾ, യാചക പുനരധിവാസ കേന്ദ്രം, നിരാലംബരുടെയും രോഗികളുടെയും വീട്ടുമുറ്റം എന്നിവിടങ്ങളിലൊക്കെ ദാസൻ മാഷ് പഠിപ്പിച്ച നന്മ അന്നമായി എത്തുന്നുണ്ട്.
ക്ലാസ് മുറികളിൽ ഗ്രന്ഥപ്പുര ഒരുക്കാൻ വേറിട്ട വഴി തെരഞ്ഞെടുത്ത അധ്യാപകൻകൂടിയാണ് ഇദ്ദേഹം. മഹാകവി അക്കിത്തം, ലളിതാംബിക അന്തർജനം, സുഗതകുമാരി തുടങ്ങിയ നൂറുകണക്കിന് എഴുത്തുകാരുടെ വസതിയിലേക്ക് അദ്ദേഹം യാത്ര ചെയ്യും. അവരിൽനിന്ന് നേരിട്ട് വാങ്ങുന്ന പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക്. പാൽക്കുളങ്ങര സ്കൂളിൽ ഇങ്ങനെ 750 പുസ്തകങ്ങൾ എത്തിച്ചു.
നേമം സ്കൂളിലെ ക്ലാസ് ലൈബ്രറിയിലും 250 പുസ്തകങ്ങൾ ശേഖരിച്ചുനൽകി. പുസ്തകങ്ങൾ തേടി, വിശക്കുന്നവർക്ക് ഭക്ഷണമെത്തിച്ച്, രോഗികൾക്ക് മരുന്നുമായി ഇപ്പോഴും യാത്രയിലാണ് ദാസൻ മാഷ്. മരണത്തോടെ മണ്ണിൽ അലിഞ്ഞുചേരുന്ന പാഴ്വസ്തുവാകരുത് ദേഹമെന്നതാണ് അദ്ദേഹത്തിന്റെ പക്ഷം.
മരണശേഷം ശരീരം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിന് ഏറ്റെടുത്തുകൊള്ളാൻ 2016ൽ സമ്മതപത്രം നൽകി. ഭർത്താവിന്റെ നല്ല തീരുമാനത്തിന് ഒപ്പം നിൽക്കുക മാത്രമല്ല, തന്റെ മൃതദേഹവും പഠനത്തിന് വിട്ടുനൽകാൻ സമ്മതപത്രത്തിൽ ഒപ്പിട്ടുനൽകിയെന്ന് ഭാര്യ ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ജീവനക്കാരി ശൈലജ എസ്. നായർ പറയുന്നു. ജീവിതം അറിവു പകരാനും ജീവിതശേഷം അറിവിന് പാത്രമാകാനും നിശ്ചയിച്ചുറപ്പിച്ച ദമ്പതികൾ മാതൃകയാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.