ജിദ്ദ: ഒരുമയുടെ ഉത്സവരാവിൽ ഇശലുകളുടെ തേന്മഴ പെയ്യിച്ച് മാപ്പിളപ്പാട്ടിന്റെ സുൽത്താൻ കണ്ണൂർ ശരീഫ്. ആസ്വാദക സഹസ്രങ്ങളുടെ മനസ്സിനെ കുളിരണിയിക്കുന്നതായി കാതുകളിൽ പതിഞ്ഞ ഓരോ പാട്ടും. മാപ്പിളപ്പാട്ടുകളിൽ മലയാളികൾ എന്നും കേൾക്കാൻ കൊതിച്ച പാട്ടുകൾ തന്റെ വശ്യവും ഇമ്പവുമാർന്ന ശബ്ദത്തിലൂടെ ശരീഫ് പാടിയപ്പോൾ ആവേശത്തോടെയാണ് സദസ്സ് നെഞ്ചേറ്റിയത്.
പരിപാടിക്ക് തുടക്കമിട്ട് പാടിയ ‘മുറാദീ...’ എന്ന് തുടങ്ങുന്ന ഗാനം പ്രേക്ഷക മനസ്സിൽ ആത്മീയ അനുഭൂതിയുണ്ടാക്കി. ‘മിസ്റിലെ രാജൻ, ഉണ്ടോ സഖീ’ തുടങ്ങിയ ഗാനങ്ങൾ മാപ്പിളപ്പാട്ടിന്റെ തനിമ ചോരാതെ ശരീഫിന്റെ ശബ്ദത്തിലൂടെ പെയ്തിറങ്ങിയപ്പോൾ തിങ്ങി നിറഞ്ഞ സദസ്സിന്റെ പ്രശംസ പിടിച്ചുപറ്റി. മുഴുവൻ സംഗീതപ്രേമികൾക്കും ഇശലുകളുടെ തേൻമധുരം മനം നിറയെ ആസ്വദിപ്പിച്ച മിന്നും പ്രകടനമാണ് നിരവധി സ്റ്റേജ് ഷോകളിലൂടെയും ആൽബങ്ങളിലൂടെയും മലയാളികളുടെ ആസ്വാദക മനസ്സിനെ കീഴടക്കിയ കണ്ണൂർ ശരീഫ് എന്ന ഗായകൻ ഹാർമോണിയസ് കേരളയിൽ കാഴ്ചവെച്ചത്.
ജിദ്ദ: എല്ലാതരം സംഗീതാസ്വാദകരെയും തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള സംഗീത മാമാങ്കം തന്നെയാണ് ജിദ്ദയിലെ ഹാർമോണിയസ് കേരള വേദിയിൽ അരങ്ങേറിയത്. പഴയ പാട്ടുകളോടൊപ്പം തന്നെ ന്യൂജൻ തലമുറക്കും പുതിയ പാട്ടുകൾ ഇഷ്ടപ്പെടുന്നവർക്കുമെല്ലാം ആസ്വദിക്കാനുതകുന്ന രീതിയിൽ വേദിയിൽ സന മൊയ്തുട്ടി, സൂരജ് സന്തോഷ്, ജാസിം ജമാൽ എന്നിവർ ആലപിച്ച ഗാനങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു.
‘ആരാധികേ’ എന്ന ഗാനം സദസ്സിനെക്കൊണ്ട് ഏറ്റുപാടിച്ച് സൂരജ് സന്തോഷും ‘മായാനദി’ എന്ന ഗാനത്തിനനുസരിച്ച് പ്രേക്ഷകരുടെ മൊബൈൽ ഫോണിൽ നിന്നുള്ള വെളിച്ചം തെളിയിപ്പിച്ച് ജാസിം ജമാലും തന്റെ ഏറ്റവും പുതിയ ഗാനങ്ങളിലൂടെ സന മൊയ്തുട്ടിയും സദസ്സിനെ ആവേശത്തിലാഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.