മധുരാപുരിയെ പുണർെന്നാഴുകുന്ന വൈഗ നദിയുടെ തടങ്ങൾ പൊന്നുവിളയുന്ന കാർഷിക മേഖലകളാണ്. കരിമ്പും പരുത്തിയും നെല്ലും കാലമില്ലാതെ വിള നൽകും. തങ്കത്തമിഴിെൻറ ഇൗ ഹൃദയഭൂമിയിലെ മണ്ണിൽനിന്ന് മുല്ലയും പിച്ചിയും ചെമ്പകവും കുങ്കുമവും കദംബവും സുഗന്ധം വീശുന്നത് കണ്ണകിയുടെ ദുരന്തകഥ പറഞ്ഞ ചിലപ്പതികാരത്തിലും വായിക്കാം. മഹാകാവ്യങ്ങൾ പിറന്നതും സാമ്രാജ്യങ്ങൾ പടർന്നതും തളർന്നുവീണതും ഇവിടത്തെ ചെമ്മണ്ണിലാണ്. ഇൗ ചെമ്മണ്ണിനെ കുഴച്ചെടുത്ത് ഉരുട്ടി കലമായി രൂപപ്പെടുത്തി മുട്ടി നോക്കിയാൽ ചരിത്രത്തിെൻറയും സംസ്കാരത്തിെൻറയും പ്രതിധ്വനി കേൾക്കും. വൈഗയുടെ തടങ്ങളിൽനിന്ന് ശേഖരിക്കുന്ന ചെമ്മൺ ചളിയിലുണ്ടാക്കുന്ന ഘടങ്ങളാണ് തമിഴകത്തെ ക്ഷേത്രങ്ങളെയും അരങ്ങുകളെയും സംഗീത മുഖരിതമാക്കുന്നത്. കുഴച്ചുപരുവപ്പെടുത്താൻ കഴിയുന്ന ഏതു മണ്ണിൽ നിന്നും ഘടമുണ്ടാക്കാമെങ്കിലും വൈഗയുടെ മണ്ണിെൻറ മേന്മ മറ്റൊന്നിനും അവകാശപ്പെടാനില്ല.
അനന്യമായ മാനാമധുര ഘടത്തിൽ മുട്ടുേമ്പാൾ അബ്ദുൽ ഹലീം അനുഭവിക്കുന്നതും ഇൗ അവാച്യമായ അനുഭൂതിതന്നെ. കൊട്ടിക്കയറുേമ്പാൾ ഹലീം പരിസരം മറക്കും, കാഴ്ച നിലക്കും, ഗന്ധം അകലും. പിന്നെ ആകെയുണ്ടാകുന്നത് നിലക്കാത്ത ആ മാസ്മര ശബ്ദം. മേഘമലയിൽ നിന്ന് ആർത്തലച്ച് വരുന്ന വൈഗയുടെ ശബ്ദം, തമിഴിെൻറ ശബ്ദം. അതു പെയ്തൊഴിയുേമ്പാൾ തവിലിെൻറ ഉൗഴമായി. വലംതലയിൽ കോലുവീഴുേമ്പാൾ ഇടംതലയിൽ വിരലുകളിലണിഞ്ഞ കൂടുകൾ കൊട്ടിക്കയറും. ഒരേസമയം രണ്ട് ആവൃത്തിയിലുള്ള നാദം ഒഴുകിപ്പരക്കും.
കാലം മറന്ന് അതിങ്ങനെ നീളുേമ്പാൾ റെക്കോഡുകൾ ഒന്നിനുപിറകെ ഒന്നായി വരും. അതിൽ ഗിന്നസ് റെക്കോഡുണ്ട്, ലിംക ബുക് ഒാഫ് വേൾഡ് റെക്കോഡുണ്ട്, ജോർജിയൻ സർക്കാറിെൻറ പരമോന്നത കലാ ബഹുമതിയുണ്ട്, ഫിലിപ്പീൻസിലെ ഗുസി പ്രൈസുണ്ട്. പക്ഷേ, പെെട്ടന്ന് ശ്രുതി മുറിയും, താളം തെറ്റും. മംഗളവാദ്യമാണ് തവിലെങ്കിലും അത്ര മംഗളമല്ല ഹലീമിെൻറ സംഗീതജീവിതം. വേദികളിലേക്ക് മതവിദ്വേഷം അധിനിവേശം നടത്തുേമ്പാൾ ഹലീം നിരായുധനാകും. വേദികളിൽനിന്ന് നിഷ്കാസിതനാകും. പ്രകടനങ്ങൾക്ക് അവസരമില്ലാതെ, കൈകൾ തരിക്കുേമ്പാൾ വടക്കൻകുളത്തെ ചെറിയ വീടിെൻറ ചുവരുകളെ പ്രകമ്പനം കൊള്ളിക്കുംവിധം അയാൾ കൊട്ടിക്കയറും.
പകുതി മലയാളിയാണ് അബ്ദുൽ ഹലീം. തിരുവനന്തപുരം കരമനയിലെ അമ്മവീട്ടിൽ ജനിക്കുേമ്പാൾ പേര് രാജരാജൻ എന്നായിരുന്നു. ചോള ചക്രവർത്തിയായ രാജരാജ ചോളെൻറ നാമം. അമ്മ ഹേമലതയുടെയും കന്യാകുമാരി ജില്ലയിലെ കുളച്ചൽ സ്വദേശിയായ പിതാവ് നടരാജന്റെയും കുടുംബം ചെണ്ട കലാകാരന്മാരായിരുന്നു. ക്ഷേത്രങ്ങളിലും മറ്റു വേദികളിലും അവർ ചെണ്ട വായിച്ചുവന്നു. ബാല്യത്തിൽതന്നെ കൊട്ടുന്നതിനോടായിരുന്നു രാജരാജെൻറ കമ്പം. എന്തെങ്കിലും കൊട്ടി ശബ്ദമുണ്ടാക്കിയാലേ ഉറങ്ങുകയുള്ളൂ. വെള്ളംവെച്ചിരിക്കുന്ന പ്ലാസ്റ്റിക് കുടത്തിലെ വെള്ളം കമിഴ്ത്തിക്കളഞ്ഞ് അതിൽ കൊട്ടിക്കൊണ്ടിരിക്കും. കുറച്ചുവളർന്നപ്പോൾ അമ്മ ഹേമലത കീർത്തനങ്ങൾ വായിക്കുന്നതിനൊപ്പം താളംപിടിച്ച് കൊട്ടാൻ തുടങ്ങി. തബലയിലും മൃദംഗത്തിലും പിന്നാലെ കൈവെച്ചു. പഠനത്തിൽ സംഗീതം മാത്രമായി.
അണ്ണാമൈല സർവകലാശാലയിൽനിന്ന് മൃദംഗത്തിൽ ബിരുദം നേടി. അവിടെ വെച്ചാണ് പ്രശസ്ത ഘടം കലാകാരൻ സുരേഷ് വൈദ്യനാഥനെ പരിചയപ്പെടുന്നത്. ലോകമറിയുന്ന ഘടം മാന്ത്രികൻ വിക്കു വിനായക്രമിെൻറ ശിഷ്യനാണ് പോളിയോ േരാഗത്തെ അതിജീവിച്ച സുരേഷ്. ഘടം സുരേഷ് എന്നറിയപ്പെടുന്ന അദ്ദേഹമാണ് ഘടത്തിെൻറ ബാലപാഠങ്ങൾ രാജരാജനെ പഠിപ്പിച്ചത്. പിന്നീട് അദ്ദേഹത്തിെൻറ ശിക്ഷണത്തിൽ ചെന്നൈയിൽ എട്ടുവർഷം കഠിനമായ ഘടം പഠനം. അതിനിടക്ക് തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിൽ നിന്ന് മൃദംഗത്തിൽ എം.എ പൂർത്തിയാക്കി. അപ്പോഴേക്കും ശ്രദ്ധ പൂർണമായും ഘടത്തിലേക്കായിരുന്നു. അങ്ങനെ തഞ്ചാവൂർ തമിഴ് സർവകലാശാലയിൽ നിന്ന് ഘടത്തിൽ എം.ഫിൽ നേടി. ഒപ്പം മംഗളവാദ്യമായ തകിലിലും പ്രാവീണ്യം നേടി. കേരളത്തിലുൾപ്പെടെ വലിയ കച്ചേരികൾ അവതരിപ്പിക്കുന്ന നാഞ്ചിൽ രാമദാസ്, നാഞ്ചിൽ മണികണ്ഠൻ എന്നിവരുടെ കീഴിൽ ഇന്നും തുടരുന്ന പഠനം. കേരളത്തിലെ ഒരുവിധമുള്ള എല്ലാ പ്രധാന ക്ഷേത്രങ്ങളിലും കച്ചേരി അവതരിപ്പിച്ചു. തെക്ക് കന്യാകുമാരി മുതൽ വടക്ക് പയ്യന്നൂർ വരെ കച്ചേരികൾ.
കച്ചേരികൾക്കൊപ്പം നിരവധി റെക്കോഡുകളും ഇതിനിടെ തേടിയെത്തി. ഘടത്തിലെ പ്രധാനപ്പെട്ട റെക്കോഡുകളെല്ലാം ഇന്ന് ഹലീമിെൻറ പേരിലാണ്. ഒരുമിനിറ്റിൽ 1,200 സ്ട്രോക്കുകൾ, അഞ്ചുമിനിറ്റിൽ 5310 സ്ട്രോക്കുകൾ, ഒരുമണിക്കൂറിൽ 57,600 സ്ട്രോക്കുകൾ, തുടർച്ചയായി എട്ടുമണിക്കൂർ 30 മിനിറ്റിെൻറ ചെണ്ട മേളം, 12 മണിക്കൂർ നീണ്ട ഘടം മാരത്തൺ, യൂറോപ്യൻ വാദ്യമായ താംബൂറിനിൽ ഒരുമിനിറ്റിൽ 732 സ്ട്രോക്, 100 വിദ്യാർഥികൾക്കൊപ്പം നടത്തിയ ഘടം കച്ചേരി, ലോകത്തിലെ ഏറ്റവും വലിയ ഘടം, അതിലെ പ്രകടനം തുടങ്ങി 10 ലോകറെക്കോഡുകളാണ് ഹലീമിെൻറ പേരിലുള്ളത്. ജോർജിയൻ സർക്കാർ നൽകുന്ന നൈറ്റ് (knight) ബഹുമതി, അമേരിക്കയിലെ കെൻറകി സംസ്ഥാനത്തിെൻറ 'കെൻറകി കേണൽ' പുരസ്കാരം എന്നിവക്കു പുറമേയാണ് സംഗീതംകൊണ്ട് സാമൂഹിക വിവേചനത്തിനെതിരെ പോരാടുന്നതിന് ഇൗവർഷത്തെ ഫിലിപ്പീൻസിലെ ഗുസി പീസ് പ്രൈസും. തിരുനെൽവേലിയിലെ വടക്കാംകുളം എസ്.എ.വി ബാലകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ സംഗീതാധ്യാപകനാണ് കഴിഞ്ഞ 10 വർഷമായി ഹലീം. ഘടം, തവിൽ, ഡ്രംസ് തുടങ്ങിയവ പഠിപ്പിക്കുന്നു.
പെരുങ്കാറ്റ് വീശുന്ന മുപ്പന്തലും പിന്നെ കാവൽക്കിണറും കടന്നുവേണം ഹലീമിെൻറ വടക്കൻകുളത്തെ വീട്ടിലെത്താൻ. പശ്ചിമഘട്ടത്തിെൻറ കിഴക്കേ താഴ്വരയിൽ ആയിരക്കണക്കായ കാറ്റാടികൾ കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്നു. പഴയ തിരുവിതാംകൂറിെൻറ അതിർത്തിയായിരുന്നു കാവൽക്കിണർ. ഇന്ന് തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിൽ. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ കാറ്റാടിപ്പാടമാണ് മുപ്പന്തലിലേത്. എവിടെ തിരിഞ്ഞാലും കാറ്റാടികൾ. നമ്മുടെ തലക്കു മുകളിലൂടെ അവയങ്ങനെ ഭ്രാന്തമായി കറങ്ങിക്കൊണ്ടിരിക്കുന്നു. കാറ്റിെൻറയും ഇൗ കറക്കത്തിെൻറയും ശബ്ദം സദാ അന്തരീക്ഷത്തിൽ. കാറ്റാടികൾക്കിടയിലൂടെ, ചെമ്മണ്ണ് പറക്കുന്ന ഇടുങ്ങിയ ഉൗരുപാത കടന്ന് ഹലീമിെൻറ വീട്ടിലെത്തി.
കഥകൾ പറഞ്ഞിരിക്കവെ, തനിക്ക് ലഭിച്ച പുരസ്കാരങ്ങളും സർട്ടിഫിക്കറ്റുകളും എടുത്തുകാട്ടാൻ തുടങ്ങി. മനോഹരമായി ഫ്രെയിം ചെയ്ത, ലാമിനേറ്റ് ചെയ്ത സർട്ടിഫിക്കറ്റുകൾ. 2017 വരെയുള്ള സർട്ടിഫിക്കറ്റുകളിൽ ആ അടുക്കുംചിട്ടയും കാണാം. അതിനടുത്ത വർഷം ലഭിച്ച ജോർജിയൻ സർക്കാറിെൻറ ബഹുമതിപത്രം കണ്ടപ്പോൾ അത്ഭുതപ്പെട്ടു. അപൂർവമായ ആ പുരസ്കാരപത്രം ചുളുങ്ങിയിരിക്കുന്നു. വശങ്ങൾ കീറി, അഴുക്കുപുരണ്ട മട്ടിൽ. പിന്നീടുള്ള കുറെ വലിയ പുരസ്കാരങ്ങളുടെ അവസ്ഥയും ഇങ്ങനെ തന്നെ. ഇതെന്താ അങ്ങനെയെന്ന് ചോദിച്ചപ്പോൾ ഹലീം തത്ത്വചിന്തകനായി: 'എെൻറ ഇപ്പോഴത്തെ ജീവിതത്തിെൻറ പ്രതിഫലനമാണിത്. ഇതൊന്നും ഭംഗിയായി സൂക്ഷിക്കാനുള്ള മാനസികാവസ്ഥയിലല്ല.'
ആ കഥ ഹലീം പറയുന്നു: ഏതാനും വർഷങ്ങൾക്കു മുമ്പാണ് സത്യാന്വേഷണങ്ങളുടെ ഭാഗമായി ഹലീം ഇസ്ലാം സ്വീകരിക്കുന്നത്. രാജരാജൻ അബ്ദുൽ ഹലീമായി. അമ്മ അടക്കം കുടുംബാംഗങ്ങൾ ഹലീമിനെ പിന്തുടർന്നില്ലെങ്കിലും വിശ്വാസത്തെ എതിർത്തില്ല. അങ്ങെന ഇരു വിശ്വാസധാരകൾ ഒരു കൂരക്കു കീഴിൽ സമാധാനത്തോടെ പുലർന്നു. ഹലീമിെൻറ കസേരക്ക് അപ്പുറത്തുള്ള പ്രാർഥനപീഠത്തിൽ ഒാടക്കുഴലേന്തിയ കൃഷ്ണനുണ്ട്, വിനായകനുണ്ട്, ലക്ഷ്മിയുണ്ട്, ഏഴുതിരിയിട്ട നിലവിളക്കുണ്ട്. 'അവെൻറ വിശ്വാസം അവന്, എെൻറ വിശ്വാസം എനിക്ക്'- അടുക്കളയിൽനിന്ന് തലനീട്ടി അമ്മ ഹേമലത തെളി മലയാളത്തിൽ പറഞ്ഞു. പക്ഷേ, കുടുംബത്തിലും സമൂഹത്തിലും ഇതായിരുന്നില്ല അവസ്ഥ. എതിർപ്പായി, നിസ്സഹകരണമായി. അങ്ങനെയാണ് തിരുനെൽവേലി വടക്കാംകുളത്തെ ഇൗ ഉൾപ്രേദേശത്ത് ഹലീമും കുടുംബവും താമസിക്കാനെത്തുന്നത്. അനുവാചകരെ ഘടത്തിലും തവിലിലും വിസ്മയിപ്പിച്ചിരുന്ന രാജരാജൻ ഹലീമായത് പലർക്കും ഉൾക്കൊള്ളാൻ ആയില്ല.
ആയിടക്ക് ഒരുക്ഷേത്രത്തിൽ ഹലീമിന് കച്ചേരിക്ക് ക്ഷണം കിട്ടി. പതിവുപോലെ തകിലും ഘടവുമായി ഹലീം നേരേത്തതന്നെ എത്തി. രാത്രി 7.30 നാണ് ഹലീമിെൻറ പരിപാടി പറഞ്ഞിരുന്നത്. ഹലീമിെൻറ സമയമായപ്പോൾ വേറെ ഒരാളുടെ പ്രകടനം. പിന്നെ മറ്റൊരാളുടെ. അതങ്ങനെ നീണ്ടു. ഒമ്പതുമണിയായപ്പോൾ ഹലീം സംഘാടകെര ചെന്നുകണ്ടു. തന്നെ വിളിക്കാത്തതെന്താണെന്ന് ചോദിച്ചു. പരുഷമായിരുന്നു മറുപടി. ഇതര മതവിശ്വാസിയെന്ന നിലയിൽ കച്ചേരി അനുവദിക്കാനാകില്ലെന്ന് അവർ തീർത്തു പറഞ്ഞു. സംസാരം വഷളായി. ഹലീമിനെ പിടിച്ചു പുറത്താക്കി, ആട്ടിയോടിച്ചു. പിന്നെ പലയിടത്തും ഇതാവർത്തിച്ചു. ഹലീമിന് വേദികളില്ലാതായി.
ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടതല്ലാത്ത ചടങ്ങുകളിൽനിന്നുപോലും ഒഴിവാക്കപ്പെട്ടു. വലിയ ശിഷ്യ സമ്പത്തുണ്ടായിരുന്നു ഒരുകാലത്ത് ഹലീമിന്. അവരിലെ ഉയർന്ന ജാതിയിലുള്ള വിദ്യാർഥികളെ രക്ഷിതാക്കൾ പിന്നീട് അയക്കാതായി. ഹലീം മാനസികമായി തളർന്നു. ഫേസ്ബുക്കിലും യൂട്യൂബിലും ഹലീം അപ്ലോഡ് ചെയ്യുന്ന സംഗീത പ്രകടന വിഡിയോകൾക്കുകീഴിൽ വിദ്വേഷ കമൻറുകൾ വന്നുനിറയാൻ തുടങ്ങി. അന്യമതസ്ഥനായ താനെന്തിനാണ് ക്ഷേത്ര വാദ്യങ്ങൾ വായിക്കുന്നതെന്നാണ് ചോദ്യം. ഇൗ ഭീഷണികളിൽ ഹലീം ഇന്ന് ഭയപ്പാടിലാണ്. ജീവനൊപ്പം താൻ സ്നേഹിക്കുന്ന ഘടത്തിലും തവിലിലും താളം പിടിക്കുേമ്പാൾ മനസ്സ് പിടക്കും. നാളെയെന്താകുമെന്ന് ഒരു നിശ്ചയവുമില്ല. പക്ഷേ, ഒരിക്കലും ഇൗ രംഗം വിടില്ലെന്ന നിശ്ചയദാർഢ്യം ആ മുഖത്ത് കാണാം.
അധ്യാപക ജോലി മാത്രമാണ് ഹലീമിനെ ഇന്ന് നിലനിർത്തുന്നത്. കോവിഡ്കാലത്ത് സ്കൂൾ പ്രവർത്തിക്കാത്തതിനാൽ വരുമാനവും നിലച്ചു. മേയ് ആദ്യവാരം മനിലയിൽ നടക്കുന്ന ഗുസി പീസ് പ്രൈസ് ചടങ്ങിലേക്ക് പോകാനുള്ള വിമാന ടിക്കറ്റിനായി പോലും അലയുകയാണ് ഇന്ന് ഹലീം. വേദികളില്ല, വിദ്യാർഥികളില്ല. മാനംമുട്ടുന്ന കാറ്റാടിക്കു കീഴിൽ, വടക്കാംകുളത്തെ ചുവന്നമണ്ണിലിരുന്ന് തവിലിൽ കൊട്ടിക്കയറുേമ്പാൾ ഹലീമിെൻറ കണ്ണുകൾ നിറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.