ഒരു ചിത്രം ആയിരം വാക്കുകളേക്കാൾ കൂടുതൽ സംസാരിക്കുമെന്നാണ് പറയാറ്. മനസ്സിൽ തോന്നുന്ന ആശയങ്ങൾ മറ്റുള്ളവരെ എളുപ്പത്തിൽ മനസ്സിലാക്കിക്കാൻ ചിത്രകലയോളം പോന്ന മറ്റൊരു ഭാഷയുമില്ല. ഇവിടെ ചിത്രങ്ങളുടെ ഭാഷയിൽ തന്റെ ആശയങ്ങളെ ചുമരുകളിൽ കോറിയിടുകയാണ് ആലപ്പുഴ സ്വദേശിയായ കെ.പി. ശ്രീജിത്ത്. സ്പ്രേ പെയിന്റിങ്ങിലാണ് ശ്രീജിത്ത് മിനിറ്റുകൾക്കകം ചിത്രങ്ങൾക്ക് ജീവൻ നൽകുന്നത്.
25 വർഷമായി ഉപജീവനമാർഗംകൂടിയായി ചിത്രരചനയെ കൂടെക്കൂട്ടിയിരിക്കുകയാണ് ശ്രീജിത്ത്. നൽകുന്ന ഏതു ചിത്രവും അതേ തിളക്കത്തോടെ ചുവരുകളിൽ വരച്ചുനൽകും. ചെറുപ്പം മുതൽ ചിത്രരചന ശ്രീജിത്തിനൊപ്പമുണ്ട്. പത്താംതരത്തോടെ പഠനം ഉപേക്ഷിച്ചു. പിന്നീട് ചിത്രരചനതന്നെ ജീവിതമാര്‍ഗം എന്നുറപ്പിച്ച് കൂടുതല്‍ സമയം അതിനായി ചെലവഴിച്ചു. നാട്ടില്‍തന്നെ ഹൗസ് പെയിന്റിങ്ങും ബോര്‍ഡ് എഴുത്തും ചിത്രരചനയുമൊക്കെയായി ജീവിതം മുന്നോട്ടുപോയി. ഇതിനിടെ പ്രവാസിയുമായി. ഷാര്‍ജയിലെ ഷിപ് യാർഡിലും യു.എ.ഇയിലെ പ്രമുഖ കമ്പനികളിലുമായി 11 വര്‍ഷം ജോലി ചെയ്തു. പിന്നീട് ജോലി ഉപേക്ഷിച്ചു. പിന്നീട് നാട്ടിൽ തിരിച്ചെത്തി വിവിധ ജില്ലകളിൽ ടൂറിസ്റ്റ് ബസുകളിലും ലോറികളിലും ചിത്രങ്ങള്‍ വരക്കുന്ന ജോലിചെയ്തു. വാഹനങ്ങളിൽ ഡിസൈനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ തൊഴിൽ നഷ്ടപ്പെട്ടു. തുടർന്ന് ചുമർചിത്രങ്ങളിൽ കരവിരുത് തെളിയിക്കുകയായിരുന്നു.
സാധാരണ ചിത്രംവരക്കുന്ന രീതിയില്‍നിന്നു വ്യത്യസ്തമായി പെന്‍സിലോ ബ്രഷോ ഉപയോഗിച്ച് ദിവസങ്ങളോളം സമയമെടുത്തു വരക്കേണ്ട ചിത്രങ്ങള്‍ എങ്ങനെ വേഗത്തില്‍ വരക്കാമെന്ന ചിന്തയാണ് ശ്രീജിത്തിനെ സ്പ്രേ പെയിന്റിങ്ങിലേക്ക് എത്തിച്ചത്. എളുപ്പത്തില്‍ ഗണ്‍ ഉപയോഗിച്ച് വരക്കാന്‍ സാധിക്കുന്നതിനാൽ ഇപ്പോള്‍ ചിത്രം വരക്കാനായി ബ്രഷോ പെന്‍സിലോ ഉപയോഗിക്കാറേയില്ല.
ഏറ്റവും ബുദ്ധിമുട്ടുള്ള ചിത്രം വരക്കാന്‍ മൂന്നു മണിക്കൂര്‍ മാത്രമാണ് എടുക്കുന്നതെന്ന് ശ്രീജിത്ത് പറയുന്നു. ചിത്രരചനയില്‍ മ്യൂറല്‍, കാര്ട്ടൂണുകള്, ഓയില്‍ പെയിന്റിങ്, ഫിംഗര്‍ പെയിന്റിങ് തുടങ്ങിയ പല പരീക്ഷണങ്ങളും ശ്രീജിത്ത് നടത്തിയിട്ടുണ്ട്. സിമന്റിലും പ്ലാസ്റ്റർ ഓഫ് പാരിസിലും ശില്പങ്ങൾ ചെയ്യും. ശില്പങ്ങള് ചെയ്യാന്‍ ടൂള്‍സ് ഒന്നുംതന്നെ ഉപയോഗിക്കാറില്ല. കൈയില്‍ കിട്ടുന്നതെന്തും ശ്രീജിത്തിന് ടൂള്‍സാണ്. ഒരു ദിവസം നാലു ചിത്രങ്ങള്‍വരെ വരക്കാൻ കഴിയുമെന്നും ശ്രീജിത്ത് പറയുന്നു.
കേരളത്തിലെ എല്ലാ ജില്ലകളിലും ചിത്രം വരച്ചിട്ടുണ്ട് ശ്രീജിത്ത്. ക്രിസ്ത്യൻ ദേവാലയങ്ങളിലെ മദ്ബഹകളിലെ ഡിസൈനിങ്ങിലായിരുന്നു തുടക്കം. മണാര്‍ക്കാട് പള്ളി ഉള്‍പ്പെടെ നിരവധി പള്ളികളുടെ മദ്ബഹയിലെ ചിത്രങ്ങള്‍ വരക്കാനും ഭാഗ്യം ലഭിച്ചു. വീടിന്റെ അകത്തളങ്ങളിൽ ചാരുതയോടെ ചിത്രം വരച്ചെടുക്കാനുള്ള ശ്രീജിത്തിന്റെ കഴിവ് മനസ്സിലാക്കി ഹൈദരാബാദ്, ആഗ്ര തുടങ്ങിയ ഇടങ്ങളിൽനിന്നും ശ്രീജിത്തിനെ തേടി ആളുകൾ എത്താറുണ്ട്. ഇനിയുള്ള കാലം ചിത്രംവരയില്തന്നെ തുടരാനാണ് ആഗ്രഹമെന്നും ജോലിയില്‍ സംതൃപ്തിയുണ്ടെന്നും ശ്രീജിത്ത് പറയുന്നു. ആലപ്പുഴ ജില്ലയിലെ മാന്നാര്‍ പാവുകര കുറക്കോട്ട് വഞ്ചിയില്‍ പഞ്ചമന്റെയും രാജമ്മയുടെയും മകനാണ് കെ.പി. ശ്രീജിത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.