കായിപ്പുറത്ത് എത്തിയാല്‍ കവലക്ക് സമീപം പ്രകൃതിയുടെ ഒരു ‘ശ്രീകോവില്‍’ കാണാം. ശ്രീകോവില്‍ എന്ന വീട്ടില്‍ മരം നട്ടുവളര്‍ത്തി വനമുണ്ടാക്കി അതിന് നടുവിലാണ് പരിസ്ഥിതി പ്രവര്‍ത്തകനും ജൈവകൃഷി പ്രചാരകനുമായ കെ.വി. ദയാലിന്റെ താമസം. കാല്‍നൂറ്റാണ്ടിലേറെ നീണ്ട ഗവേഷണത്തിലൂടെയാണ് ഒന്നരയേക്കര്‍ പുരയിടം വനഭൂമിയാക്കി മാറ്റിയത്
സ്വതവേ തിരക്കേറിയ ആലപ്പുഴ-തണ്ണീര്‍മുക്കം റോഡില്‍ മുഹമ്മ കായിപ്പുറം കവല എത്തിയാല്‍ കാഴ്ചകള്‍ പൊടുന്നനെ മാറിമറിയും. ആലപ്പുഴ ജില്ലയുടെ മുഖമുദ്രയായ പരന്നുനീളുന്ന നെൽപ്പാടങ്ങള്‍ താണ്ടി കായിപ്പുറത്ത് എത്തിയാല്‍ കവലക്ക് സമീപം പ്രകൃതിയുടെ ഒരു ‘ശ്രീകോവില്‍’ കാണാം. അതു തുറക്കുന്നത് ഒരു നിബിഡ വനത്തിന്റെ കുളിര്മയിലേക്കാണ്. കായ്കനികള്‍ വിളഞ്ഞുനിറയുന്ന ഈ വനത്തിന്റെ സ്രഷ്ടാവും അധിപനുമെല്ലാം ഒരു എഴുപത്തെട്ടുകാരനാണ്. കായിപ്പുറം കവലക്ക് സമീപത്തെ ‘ശ്രീകോവില്‍’ എന്ന സ്വന്തംവീട്ടില്‍ മരം നട്ടുവളര്‍ത്തി വനമുണ്ടാക്കി അതിന് നടുവിലാണ് പരിസ്ഥിതി പ്രവര്‍ത്തകനും ജൈവകൃഷി പ്രചാരകനുമായ കെ.വി. ദയാലിന്റെ താമസം. കാല്‍നൂറ്റാണ്ടിലേറെ നീണ്ട ഗവേഷണത്തിലൂടെയാണ് ഒന്നരയേക്കര്‍ പുരയിടം വനഭൂമിയാക്കി മാറ്റിയത്.
ഒരേക്കർ സ്വാഭാവിക വനവും അരയേക്കർ ഭക്ഷണം വിളയുന്ന കാടുമാണ്. വിദേശികളായ അവക്കാഡോ, ദൂരിയാൻ, മാംഗോസ്റ്റീൻ മുതൽ നാടൻ മത്തിപ്പുളിവരെയുള്ള 250 ഇനം മരങ്ങളുണ്ട്. കാട്ടിലെ പഴങ്ങൾ കഴിക്കണമെങ്കിൽ അതും കിട്ടും. പടർന്നേറിയ വള്ളിച്ചെടികൾ, അതിൽ ഊഞ്ഞാലാടുന്ന പക്ഷികൾ, ആർത്തുവളരുന്ന പാഷൻ ഫ്രൂട്ട്, റംബുട്ടാൻ അടക്കമുള്ള ഫലവൃക്ഷങ്ങൾ, കുന്നും കുളവും ഒത്തുചേരുന്ന കാടിന്റെ നിശ്ശബ്ദതയും, ശബ്ദങ്ങളും വെള്ളവും ഓക്സിജനും തണലും തണുപ്പും തിരിച്ചുപിടിക്കാൻ കഴിയുന്ന കാടിന് പറയാൻ കഥകളേറെയാണ്.
ഒറ്റനോട്ടത്തിൽ ഭ്രാന്തമെന്ന് തോന്നുന്ന ‘ആശയം’ വീട്ടുമുറ്റത്ത് സാധ്യമാക്കാൻ പറ്റില്ലെന്നാണ് ആദ്യം വിചാരിച്ചത്. വരുംതലമുറക്കായി പ്രകൃതിയെ സംരക്ഷിക്കണമെന്ന തോന്നലാണ് ഇതിന് പ്രചോദനമായത്. ഇതിനായി കേരളത്തിലെ കാടുകളിൽ ദിവസങ്ങളോളം താമസിച്ചു. പ്രകൃതി ചെയ്യുന്നതെല്ലാം മനുഷ്യന് ചെയ്യാൻ പറ്റുമെന്ന് പഠനത്തിലൂടെ കണ്ടെത്തി. തുടക്കത്തിൽ എന്താണെന്ന് മനസ്സിലാകാതെ ആളുകൾ കളിയാക്കുമായിരുന്നു. ഇതെല്ലാം വെട്ടിക്കളഞ്ഞിട്ട് കൃഷി ചെയ്തുകൂടെ എന്നായിരുന്നു അവരുടെ പരിഹാസം. കാടായി മാറിയപ്പോഴാണ് പലരുടെയും സംശയങ്ങൾ തീർന്നത്.
കാട്ടിലെ പഞ്ചാരമണലിന്റെ നിറം കറുപ്പാണ്. കാട്ടിലെ ഇലകളും ചില്ലകളും വീണ് ഫലഭൂയിഷ്ഠമാണ്. വർഷങ്ങളായി പറമ്പ് കിളക്കാറില്ല. മണ്ണിന്റെ തനതായ സ്വഭാവം നിലനിർത്തുകയാണ്. ഒരു പ്രകൃതിദത്ത വനത്തിൽ എന്തുണ്ടോ അതെല്ലാം ഇവിടെയുണ്ട്. മണ്ണിന്റെ ജീവൻ തിരിച്ചറിഞ്ഞ്, കാലാവസ്ഥ തിരിച്ചുപിടിച്ച്, ജലസംരക്ഷണം നടത്തി, ജൈവവൈവിധ്യം സംരക്ഷിച്ച് ഏങ്ങനെ ജീവിക്കാമെന്ന് ഒന്നരയേക്കർ പുരയിടത്തെ പാഠശാലയാക്കിയാണ് ദയാലിന്റെ ജീവിതം. ഇടുക്കിയിലും വയനാട്ടിലും പ്രകൃതിയിൽതന്നെ രൂപപ്പെടുന്ന സ്വഭാവിക ‘കോടമഞ്ഞ്’ സ്വന്തം വനഭൂമിയിലേക്ക് എത്തിക്കാനുള്ള പരീക്ഷണത്തിലാണ്.
കായിപ്പുറത്തെ പഞ്ചാരമണലിൽ ‘തെങ്ങ്’ കൃഷിചെയ്യാനുള്ള ശ്രമത്തിൽ ചുവടുതെറ്റിയാണ് ദയാലിന്റെ പഠനം തുടങ്ങുന്നത്. എം.കോം പഠനകാലത്ത് കുടുംബപരമായി നടത്തിയ കയർ ബിസിനസിലേക്ക് തിരിഞ്ഞു. കയർ കയറ്റുമതിയിൽ മുന്നേറുമ്പോൾ തന്നെ വീടിനോട് ചേർന്ന് ഒന്നരയേക്കറിൽ 82 തെങ്ങിൻ തൈകൾ നട്ടു. പഞ്ചാരമണലിൽ കൃഷി വേരോടിയില്ല. പിടിച്ചുകിട്ടാൻ ആധുനിക കൃഷിരീതി പറയുന്ന എല്ലാ വളപ്രയോഗങ്ങളും കീടനാശിനികളും പ്രയോഗിച്ചു. ആറ് വർഷം ശ്രമിച്ചിട്ടും തെങ്ങ് പച്ചപിടിച്ചില്ല. ഇതിന്റെ കാരണം തേടിയുള്ള അന്വേഷണമാണ് ജൈവകൃഷിയിലേക്ക് എത്തിച്ചത്. തെങ്ങിന്റെ നാശത്തെക്കുറിച്ച് പഠിച്ചപ്പോഴാണ് കാടും കൃഷിയും തമ്മിലുള്ള ബന്ധമെന്താണെന്ന് മനസ്സിലായത്.
കൃഷിക്ക് ഒട്ടും അനുയോജ്യമല്ലാത്ത മേഖലയാണിതെന്ന തിരിച്ചറിവു കൂടിയായിരുന്നു അത്. പിന്നിടുള്ള 25 വർഷത്തെ കഠിനാധ്വാനത്തിൽ വീട്ടിലെ രണ്ടേക്കർ പറമ്പിൽ ഒന്നരയേക്കറും വനമാക്കി മാറ്റി. അതിൽത്തന്നെ അരയേക്കർ ഫലവൃക്ഷങ്ങളാൽ നിറച്ചു. തുടക്കത്തിൽ മൂന്നുനേരം നനച്ചായിരുന്നു പരിപാലനം. ഇതിനായി രണ്ട് കുളം കുത്തിയെടുത്തു. ചുറ്റോടും ചുറ്റും മരങ്ങൾ നിറച്ചതോടെ പ്രകൃതിയുടെ നിറക്കൂട്ട് വീട്ടുമുറ്റത്തെത്തി. ഇത് കോട്ടയം എം.ജി സർവകലാശാല പാഠ്യവിഷയമാക്കിയെന്നതാണ് മറ്റൊരു ചരിത്രം. കൃഷിയോട് താൽപര്യമുള്ളവർക്കായി മൂന്ന് കോഴ്സുകളും യൂനിവേഴ്സിറ്റി കാമ്പസിൽ ഇൻസ്റ്റിറ്റ്യൂഷനും തുടങ്ങി. കോഴ്സ് പഠിച്ചിറങ്ങിയവർക്ക് കാലാവസ്ഥ ഏങ്ങനെ തിരിച്ചുപിടിക്കാമെന്നും ലോകത്ത് പട്ടിണികിടക്കാതെ ജീവിക്കാൻ കഴിയുമെന്നുമുള്ള തിരിച്ചറിവാണ് സമ്മാനിച്ചത്.
ദയാൽ കോട്ടയം എം.ജി യൂനിവേഴ്സിറ്റിയിലെ ഓർഗാനിക് ഫാമിങ് സർട്ടിഫിക്കറ്റ് കോഴ്സ്, ഡിപ്ലോമ കോഴ്സ്, ആർട്ട് ഓഫ് ഹാപ്പിനസ് എന്നീ കോഴ്സുകളുടെ കോഓഡിനേറ്ററും അധ്യാപകനുമാണ്. ഭാര്യ: കെ.പി. ജയിത. മക്കൾ: അനിൽ ദയാൽ, കണ്ണൻ ദയാൽ (പുത്തനങ്ങാടി കയർ പ്രൊഡക്ട് ഫാക്ടറി).
കാടിനൊരു മാതൃകയുണ്ട്. ഏറ്റവും മുകളിൽ വളർന്നുനിൽക്കേണ്ടത് ഒരു വന്മരം തന്നെ. അതിന് താഴെ മറ്റൊന്ന്. ഏറ്റവും താഴെ ഒരു കുറ്റിച്ചെടി. അതായത്, ഓരോ ചെടിക്കും ആഹാരം പാകംചെയ്യാനുള്ള വെളിച്ചം സൂര്യൻ നേരിട്ട് പതിപ്പിക്കുകയാണ്. എന്തിനാണ് പുരയിടത്തെ കാടാക്കി മാറ്റിയതെന്ന് ചോദ്യത്തിന് ഒറ്റവാക്കിൽ ദയാലിൽ ഉത്തരമെത്തും. അത് സൂര്യപ്രകാശത്തെ സംരക്ഷിക്കാനാണ്. മണ്ണിലെത്തുന്ന സൂര്യപ്രകാശമാണ് മണ്ണിന്റെ ജീവൻ. പച്ചപ്പിലേക്ക് സൂര്യപ്രകാശം വീഴുമ്പോൾ മാത്രമാണ് അത് ദ്രവ്യമായി മാറുന്നത്. ചെടികൾ ചത്ത് മണ്ണിൽ ചേരുമ്പോൾ അവയിൽ സംഭരിക്കപ്പെട്ട ഈ ദ്രവ്യവും മണ്ണിലേക്ക് ചേർന്ന് മണ്ണിനു വളമാകുന്നു. ദയാലിന്റെ കാട്ടിലേക്ക് പതിക്കുന്ന ഇറ്റ് സൂര്യപ്രകാശംപോലും പാഴായിപ്പോകുന്നില്ലെന്നതാണ് സത്യം. സൗരോർജം ശേഖരിച്ച് കൃഷിക്ക് ഇന്ധനമാക്കാവുന്ന ഒരിടംകൂടിയാണിത്.
പഞ്ചസാരപോലെ വെളുത്ത, പുല്ലുപോലുമില്ലാത്ത ഭൂമിയായിരുന്നു ഇത്. ഇവിടെ കാട് വളർത്തിയെടുത്തതിന് പിന്നിലും ഒരു ശാസ്ത്രമുണ്ട്. അതാണ് കോട്ടയം എം.ജി യൂനിവേഴ്സിറ്റിയിൽ പഠിതാക്കളായി എത്തുന്നവർക്ക് പകർന്നുകൊടുക്കുന്നത്. യഥാർഥ പ്രകൃതിവിഭവം സൂര്യപ്രകാശമാണ്. അതാണ് ശരിക്കും ഭൂമിയുടെ മൂലധനം. ഇത് പിടിച്ചെടുക്കാൻ സസ്യജാലങ്ങൾക്ക് മാത്രമേ കഴിയൂ. സസ്യജാലങ്ങളെ ഉപയോഗിച്ച് സൂര്യപ്രകാശം ശേഖരിച്ച് മണ്ണിലേക്ക് ചേർത്തുകൊടുക്കുന്നതാണ് രീതി. അപ്പോൾ എന്ത് സംഭവിക്കുമെന്ന പരീക്ഷണത്തിന്റെ വിജയംകൂടിയാണ് സ്വഭാവിക കാടിന്റെ രൂപപ്പെടൽ. പ്രകൃതിയിലെ സകലജീവജാലങ്ങൾക്കും ചേക്കേറാനുള്ള സ്വാതന്ത്ര്യം ഈ കാട്ടിലുണ്ട്. ഉള്ളിലായി കാവുപോലൊരു സ്ഥലമുണ്ട്. ഒരു കുന്നും അതിനു താഴെയായി വലിയൊരു കുളവുമുണ്ട്. കുളത്തിലെ ജലം സംരക്ഷിച്ചാണ് കൃഷിക്ക് ഉപയോഗിക്കുന്നത്.
വീട്ടുമുറ്റത്ത് വനഭൂമിയുണ്ടാക്കിയ ജീവിതപാഠത്തിൽനിന്ന് മരുഭൂമിയെയും കാടാക്കി മാറ്റാനുള്ള വിദ്യ ദയാലിന്റെ കൈകളിലുണ്ട്. സാമ്പത്തികമാണ് അതിന് പ്രധാനതടസ്സം. ആരെങ്കിലും സന്നദ്ധമായി വന്നാൽ ഇത്രയും കാലതാമസമില്ലാതെ ഗൾഫ് മേഖകളിലെ മരുഭൂമിയിൽ പച്ചത്തുരുത്തുകളുണ്ടാക്കാൻ കഴിയും. 2016ൽ ദുബൈ സന്ദർശിച്ച് ഇതിന് ആവശ്യമായ പഠനങ്ങൾ നടത്തിയിരുന്നു.
അവിടത്തെ ഭൂമി പച്ചപ്പാക്കി മാറ്റാൻ റാസൽഖൈമ മുതൽ അൽഐൻ വരെയുള്ള സ്ഥലങ്ങളിലൂടെ യാത്രനടത്തി മരുഭൂമിയിൽ വളരുന്ന ചെടികൾ കണ്ടെത്തിയിരുന്നു. മാലിന്യം വളമാക്കി ഈ ചെടികളിലൂടെ ഏത് മരുഭൂമിയിലും കേരളത്തിലേതുപോലെ കാടുകൾ രൂപപ്പെടുത്താനാകും. വലിയ സാധ്യതയുള്ള ഈ പദ്ധതിയിലൂടെ വലിയ ജോലിസാധ്യതയും തെളിയും. അഞ്ചു വർഷത്തിനുള്ളിൽ പ്രകൃതിദത്ത വനമുണ്ടാക്കാൻ കഴിയുമെന്നാണ് ദയാലിന്റെ വിലയിരുത്തൽ. ഏത് ഉണക്കിനെയും അതിജീവിക്കാൻ കഴിയുന്ന മാതളം, നെല്ലി, മുരിങ്ങ, പേര തുടങ്ങിയവ മരുഭൂമിയിൽ വളരും. ഇതിലൂടെ പച്ചിലയുടെ എണ്ണംകൂട്ടി താപനില കുറച്ചാണ് വനഭൂമിയാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.