കാളികാവ്: പരിമിതിക്കുള്ളിൽനിന്ന് സ്കൂളിലെ ജമ്പിങ് പിറ്റിൽ പരിശീലിക്കുന്ന ലബീബിനെ ചേർത്തുനിർത്തി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അടക്കാകുണ്ട് ക്രസൻറ് ഹയർ സെക്കൻഡറിയിലെ പ്ലസ് വൺ വിദ്യാർഥിയായ പുല്ലാണി ലബീബ്, കായികാധ്യാപകരായ ലൗലി ബേബി, ഇ.പി. ആഷിക് എന്നിവർക്കൊപ്പം ലോങ്ജമ്പ് പരിശീലിക്കുന്നതിന്റെ വിഡിയോ വിദ്യാഭ്യാസമന്ത്രി തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചു. അതോടൊപ്പം ഇങ്ങനെ എഴുതി:
''അടക്കാകുണ്ട് ക്രസന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥി ലബീബിന്റെ ഈ ദൃശ്യങ്ങൾ ഏറെ അഭിമാനത്തോടെയാണ് കണ്ടത്. ദൃഢനിശ്ചയം ഉണ്ടെങ്കിൽ ഏത് പരിമിതിയെയും മറികടക്കാൻ ആകുമെന്ന് ലബീബ് തെളിയിക്കുന്നു. ലബീബിനും പിന്തുണ നൽകിയ കായികാധ്യാപിക ലൗലി ടീച്ചർക്കും ആഷിക്കിനും അഭിനന്ദനങ്ങൾ.
നമ്മുടെ പൊതുവിദ്യാഭ്യാസ മേഖല ഇത്തരത്തിലുള്ള പിന്തുണയിലൂടെയാണ് മുഖവും കരുത്തും ആർജിക്കുന്നത്''. കാളികാവ് പുറ്റംകുന്നിലെ പുല്ലാണി റസാഖിന്റെ മകനും ഭിന്നശേഷിക്കാരനുമായ ഷിജു എന്ന ലബീബ് അടക്കാകുണ്ട് ക്രസൻറ് ഹയർ സെക്കൻഡറിയിൽ ഈ വർഷമാണ് പ്ലസ് വണിന് ചേർന്നത്. സ്കൂളിലെ കായിക മത്സരത്തിന് മുന്നോടിയായുള്ള ലബീബിന്റെ പരിശീലന വിഡിയോ ശനിയാഴ്ച സ്കൂളിലെ അധ്യാപകർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇത് ശ്രദ്ധയിൽപെട്ട മന്ത്രി വിഡിയോ അയച്ച് നൽകാൻ ആവശ്യപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.