പാഠപുസ്തകങ്ങളുമായി ജി.എം.യു.പി സ്കൂളിലെ
വിദ്യാർഥികളോടൊപ്പം നിൽക്കുന്ന അഷ്റഫ് മോളയിൽ
അരീക്കോട്: താനെഴുതി എഡിറ്റ് ചെയ്ത് അന്തിമരൂപം നൽകിയ പാഠപുസ്തകങ്ങൾ തനിക്ക് തന്നെ പഠിപ്പിക്കാൻ അപൂർവ ഭാഗ്യം ലഭിച്ച സന്തോഷത്തിലാണ് ഒരു അധ്യാപകൻ. അരീക്കോട് ജി.എം.യു.പി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ അഷ്റഫ് മോളയിലിനാണ് ഈ വേറിട്ട അനുഭവം. മൂന്നാം ക്ലാസിലെ അഞ്ച് പാഠങ്ങളിൽ രണ്ടാമത്തേതും അഞ്ചാം ക്ലാസിലെ ഒന്ന്, രണ്ട്, നാല് പാഠങ്ങളും അഷ്റഫ് മാഷിന്റെ രചനകളാണ്.
ഓരോ പാഠവും ശിശുസൗഹൃദമാക്കുന്നതിലും ബാക്കിയുള്ള പാഠഭാഗങ്ങളുടെ എഡിറ്റിങ്ങിലും ഇദ്ദേഹം വഹിച്ച പങ്ക് വലുതാണ്. നേരത്തെ ഉണ്ടായിരുന്ന കട്ടിയായ പാഠഭാഗങ്ങൾക്ക് പകരം കുട്ടികൾക്ക് ആസ്വദിക്കാവുന്ന വിധം കഥകളും കവിതകളും ചിത്രകഥകളും മറ്റും നൽകിയതിനൊപ്പം ആധുനിക സാങ്കേതിക സംവിധാനങ്ങൾ വരെ ഉപയോഗപ്പെടുത്താവുന്ന പഠന പ്രവർത്തനങ്ങൾക്കും മറ്റും പ്രാമുഖ്യം നൽകുന്ന വിധത്തിലുമാണ് പുസ്തകങ്ങൾ സംവിധാനം ചെയ്തിരിക്കുന്നതെന്ന് അധ്യാപകനായ അഷ്റഫ് പറഞ്ഞു.
സംസ്ഥാനതല കോർ എസ്.ആർ.ജി അംഗം, വിജയസ്പർശം എന്ന പേരിൽ ജില്ലയിൽ നടപ്പിലാക്കി സംസ്ഥാന തലത്തിൽ അംഗീകാരം നേടിയ പഠന പരിശീലന പദ്ധതിയുടെ ഇംഗ്ലീഷ് മോഡ്യൂൾ നിർമാതാവ്, ഡി.ജി.ഇ സംഘടിപ്പിച്ച സംസ്ഥാനതല വിദ്യാഭ്യാസ സെമിനാറിൽ ജില്ലയെ പ്രതിനിധീകരിച്ച് റെസിപ്രോക്കൽ റീഡിങ് എന്ന വിഷയം അവതരിപ്പിച്ച അധ്യാപകൻ എന്നീ നിലകളിൽ സംസ്ഥാന തലത്തിലും ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് പാഠപുസ്തകങ്ങളിൽ കൂടി അഷ്റഫ് ശ്രദ്ധേയനാകുന്നു. പുതിയ പാഠപുസ്തകങ്ങളുടെ അധ്യാപക കൈപുസ്തക നിർമാണത്തിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാൻ അഷ്റഫിന് സാധിച്ചിട്ടുണ്ട്. താൻ നിർമിച്ച പുസ്തകം സ്വന്തം വിദ്യാലയത്തിലെ കുട്ടികളെ പഠിപ്പിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം ഉണ്ടെന്നും പറഞ്ഞു. ഈ വർഷം പഠിപ്പിക്കുന്ന അധ്യാപകൻ തന്നെ എഴുതിയ പുസ്തകങ്ങൾ പഠിക്കാൻ അവസരം ലഭിച്ചത് വിദ്യാർത്ഥികളും വലിയ സന്തോഷത്തോടെയാണ് കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.