2021 ഫെബ്രുവരി 22, നിറഞ്ഞുപെയ്യുന്ന കണ്ണുനീരിനിടയിൽ അവർ മകനോട് ചോദിച്ചു-ഞാൻ ആരെന്ന് മനസ്സിലായോ? കണ്ണുതുടച്ചുകൊണ്ട് അവൻ പറഞ്ഞു, അമ്മ. അടുത്തിരുന്ന സ്ത്രീയെ ആദ്യമവൻ അപരിചിതയെപോലെ നോക്കി. പിന്നെ പറഞ്ഞു, ചേച്ചി. പിന്നെ അച്ഛനെ, ബന്ധുക്കളെ ഓരോന്നായി അന്വേഷിച്ചറിഞ്ഞു. രണ്ടര വർഷത്തിനുശേഷമുള്ള കണ്ടുമുട്ടലായിരുന്നു അത്. മരുഭൂമിയിലും ആശുപത്രിയിലും കൈവിട്ടുപോകുമെന്ന് കരുതിയ ഒരു ജീവിതം തിരകെയെത്തിയിരിക്കുകയാണ്. ഉള്ളിൽ സന്തോഷത്തിര ഉയരേണ്ട സന്ദർഭം. എന്നാൽ, എല്ലാവരുടെയും കണ്ണുകൾ തുളുമ്പുന്നുണ്ടായിരുന്നു. മോഹൻദാസിന് അപ്പോഴും അപരിചിത്വം വിട്ടുമാറിയിരുന്നില്ല. സ്നേഹവാത്സല്യങ്ങളുടെ നടുക്ക് തനിച്ചായവരെപ്പോലെ ആ 35 കാരൻ നിന്നു.
എല്ലാം പുതിയ കാഴ്ചകളായിരുന്നു അയാൾക്ക്. രക്തബന്ധുക്കളാണ് ചുറ്റുമെന്നറിഞ്ഞിട്ടും അതിലലിയാൻ കഴിയാതെ ഓരോ നിമിഷവും അയാൾ 'അസീസ്ക്കയെ' തിരഞ്ഞു, ആ കൈപിടിച്ചു. അസീസായിരുന്നു മോഹൻദാസിെൻറ എല്ലാം. ദീർഘനിദ്രക്കുശേഷം ബോധത്തിലേക്ക് ഉണർന്നപ്പോൾ ആദ്യം കണ്ടയാൾ, ഒരു സഹോദരനെപോലെ കൈപിടിച്ചയാൾ, മരുഭൂവിൽ അനാഥനായി അലയേണ്ടിവരുമെന്ന ഘട്ടത്തിൽ കൂടെ കൂട്ടിയയാൾ. പിന്നെ ബന്ധുക്കളുടെ സ്നേഹലാളനയിലേക്ക് തിരികെ എത്തിച്ചയാൾ. മോഹൻദാസ് വർഷങ്ങൾക്കുശേഷം നാടിനെയും രക്ഷിതാക്കളെയും കണ്ടുമുട്ടിയതിനേക്കാൾ, അതിേലക്ക് എത്തിച്ച വഴികളാണ് ഈ എഴുത്തിന്റെ പ്രമേയം. മരുഭൂമിയിൽ പൊലിഞ്ഞുപോയേക്കാവുന്ന ഒരു ജീവിതം സ്നേഹവും കരുതലും നൽകി പുതു ജന്മത്തിലേക്ക് കൈപിടിച്ചു നടത്തിയ കഥ. അതാകട്ടെ പാളം തെറ്റിയൊരു തീവണ്ടിയുടെ ക്രമരഹിതമായ യാത്രക്കൊടുവിൽ സുന്ദരമായ ഒടുക്കം പോലെ നടുക്കവും ആകുലതകളും നിറഞ്ഞതാണ്.
2018 ജൂലൈ 24. ഈ ദിവസത്തിൽ നിന്നാണ് തുടക്കം. അന്നാണ് പാലക്കാട് കല്ലടിക്കോടുനിന്ന് േമാഹൻദാസ് അബൂദബിയിലേക്ക് യാത്രതിരിച്ചത്. വീട്ടിലെ പ്രാരബ്ധങ്ങളിൽനിന്നുള്ള മറികടക്കലും പിതാവിെൻറ ചികിത്സക്ക് പണം കണ്ടെത്തലുമായിരുന്നു ലക്ഷ്യം. അബൂദബിയിൽ എത്തിയതിന് പിറകെ മോഹൻദാസ് വീട്ടിലേക്ക് വിളിച്ചു. പച്ചക്കറിക്കടയിൽ ചെറിയ ജോലികിട്ടിയെന്നറിയിച്ചു. നാടിെൻറ ശീതളിമയില്ലെങ്കിലും മരുഭൂമിയുമായി അയാൾ പൊരുത്തപ്പെട്ടുതുടങ്ങി. പുതിയ ജോലിയിലൂടെ വീടിനെയും കുടംബത്തെയും രക്ഷപ്പെടുത്തിയെടുക്കാം എന്നയാൾ കരുതി. വർഷം ഒന്ന് പിന്നിടാറായി. 2019 മാർച്ച് 27ന് പക്ഷേ, ആ ജീവിതം മാറിമറഞ്ഞു. ദുബൈ- അബൂദബി യാത്രയിലായിരുന്നു മോഹൻദാസ്. ഇടക്കുവെച്ച് വാഹനം അപകടത്തിൽ െപട്ട് ൈഡ്രവർ മരിച്ചു. തലക്ക് ഗുരുതര പരിക്കേറ്റ മോഹൻദാസ് ബോധം മറഞ്ഞ് രക്തമൊലിപ്പിച്ച് റോഡരികിൽ കിടന്നു. അയാളുടെ ഓർമകളുടെ നിറങ്ങളത്രയും ആ റോഡിൽ രക്തത്തിനൊപ്പം പുറത്തേക്കിറങ്ങിയത് അന്നേരമാരുമറിഞ്ഞില്ല. അങ്ങനെ അയാൾ എത്രനേരം കിടന്നുവെന്നോ, ആരാണ് ആശുപത്രിയിൽ എത്തിച്ചതെന്നോ ഇപ്പോഴും ഒരാൾക്കുമറിയില്ല.
മോഹൻദാസ് അപകടത്തിൽപെട്ടെന്ന അറിയിപ്പ് മാത്രമാണ് വീട്ടിലെത്തിയത്. ദിവസങ്ങൾ പിന്നെയും കഴിഞ്ഞു. പാലക്കാട്ടെ വീട്ടിൽ ആധിയുയർന്നുതുടങ്ങി. മാസങ്ങളായി മോഹൻദാസിനെക്കുറിച്ച് ഒരു വിവരവുമില്ല. ഫോണിൽ വിളിച്ചിട്ട് കിട്ടുന്നുമില്ല. വിവരങ്ങൾ അന്വേഷിക്കാൻ ആരുമില്ല. മോഹൻദാസ് ഈ ഭൂമിയിൽ നിന്ന് മാഞ്ഞുപോയോ എന്നവർ പേടിച്ചു. പിതാവ് വേലായുധെൻറ അസുഖം കൂടി, മാതാവ് മാലതിയുടെ കണ്ണുനിർത്താതെ പെയ്ത്താരംഭിച്ചു. ഏതെങ്കിലുമൊരു നിമിഷം നിനച്ചിരിക്കാതെ മകൻ വന്നുചേരുമെന്ന് അവരൊക്കയും കരുതി. ഒന്നുമുണ്ടായില്ല. ഇനിയെന്ത് ചെയ്യണമെന്നറിയാത്ത നാളുകൾ. അന്യദേശത്ത് മകന് എന്തുപറ്റി എന്നുപോലുമറിയാതെ ആ കുടുംബം ദുരന്തമുഖത്തെന്ന പോലെ നിന്നു. അങ്ങനെയിരിക്കെയാണ് നാട്ടിലെ കെ.എം.സി.സി പ്രവർത്തകരോട് മോഹൻദാസിനെ കുറിച്ച് പറഞ്ഞത്. കെ.എം.സി.സി പ്രവർത്തകരായ ഉമ്മറും മജീദും റിയാസും ഖമറുവുമൊക്കെ വിഷയം ഏറ്റെടുത്തു. അവർ അബൂദബിയിലെ സാമൂഹിക പ്രവർത്തകനും കെ.എം.സി.സി സീനിയർ വൈസ്പ്രസിഡൻറുമായ അസീസ് കാളിയാടനെ ബന്ധപ്പെട്ടു.
മോഹൻദാസിനെ തിരഞ്ഞ് അസീസും സുഹൃത്തുക്കളും ഇറങ്ങിത്തിരിച്ചു. പല ആശുപത്രികളിലും അവരെത്തി. ഒരു സൂചനയും കുറെ നാളേക്ക് ലഭിച്ചില്ല. അങ്ങനെയിരിക്കെ, അബൂദബി അൽറഹ്ബ് ആശുപത്രിയിൽ മലയാളിയെന്ന് തോന്നിപ്പിക്കുന്ന ഒരാൾ ചികിത്സയിലുണ്ടെന്ന് വിവരംകിട്ടി. ആശുപത്രി രേഖകളിൽ പേരുണ്ടായിരുന്നില്ല. അസീസ് ആശുപത്രിയിലെത്തി. ഒരുപാട് ഉപകരണങ്ങൾക്കിടയിൽ പ്രതീക്ഷയറ്റ് കിടക്കുകയായിരുന്നു മോഹൻദാസ്. തലക്കേറ്റ ഗുരുതര പരിക്കുകാരണം മരിച്ചെന്ന് പലതവണ ഡോക്ടർമാർ സംശയ മുനമ്പിലെത്തിയ ദേഹം. തലയോട്ടിയുടെ മുകൾഭാഗം നീക്കം ചെയ്ത് ശസ്ത്രക്രിയ നടത്തിയതിനാൽ വെൻറിലേറ്ററിെൻറ സഹായത്താലാണ് ജീവൻ നിലനിർത്തിയത്. മോഹൻദാസ് ആശുപത്രിയിലെത്തിയിട്ട് ഒരു മാസം പിന്നിട്ടിരുന്നു അപ്പോൾ. ആശുപത്രിയിലെത്തിയ അസീസ് കൈയിലുള്ള ഫോട്ടോയിലും അജ്ഞാതെൻറ മുഖത്തും മാറിമാറി നോക്കി. ഒടുവിൽ തിരിച്ചറിഞ്ഞു -മോഹൻദാസ് തന്നെ. വിവരം മോഹൻദാസിെൻറ വീട്ടുകാരെ അറിയിച്ചു. മാഞ്ഞുപോയൊരു മകനെ തിരികെ കിട്ടിയ സന്തോഷത്തിൽ വീടപ്പോൾ ആഹ്ലാദാരവത്തിലായി. എന്നാൽ, അത്ര ലളിതമായിരുന്നില്ല കാര്യങ്ങൾ. മോഹൻദാസപ്പോൾ പഴ മോഹൻദാസായിരുന്നില്ല. ഓർമകളെല്ലാം നഷ്ടമായി അക്ഷരങ്ങൾ മാഞ്ഞുപോയ പുസ്തകം പോലെയായിരുന്നു അയാളുടെ മനസ്സപ്പോൾ.
ഒന്നരമാസം മോഹൻദാസ് വീണ്ടും ആശുപത്രിയിൽ കഴിഞ്ഞു. അസീസ് അവിടെ പതിവ് സന്ദർശകനായി. പതിയെ മോഹൻദാസിനും കുടുംബത്തിനും ഇടയിലെ പാലമായി അസീസ് മാറി. കണ്ടുകണ്ട് അസീസിനെ മോഹൻദാസ് തിരിച്ചറിഞ്ഞുതുടങ്ങി. പുറം മുറിവുകൾ ഉണങ്ങിയതോടെ ആശുപത്രി വിട്ടു. നാട്ടുകാരനായ സുഹൃത്ത് ആദ്യം കൂടെ കൂട്ടിയെങ്കിലും ഓർമകളെല്ലാം നഷ്ടപ്പെട്ട മോഹൻദാസിന് ഇത് പ്രയാസം സൃഷ്ടിക്കുമെന്ന് മനസ്സിലാക്കിയ അസീസ്, മോഹൻദാസിനെ ഏറ്റെടുത്തു. സ്വന്തം മുറിയിൽ മോഹൻദാസിന് സൗകര്യമൊരുക്കി. മരുന്നും ഭക്ഷണവും നൽകി കൂടെപ്പിറപ്പിനെ പോലെ പരിചരിച്ചു. വൈകാതെ മോഹൻദാസിനെ നാട്ടിൽ വിടാം എന്നായിരുന്നു ചിന്ത. അതിനിടയിലാണ് കോവിഡ് വന്നുകയറിയത്. ലോകം വാതിലുകൾ കൊട്ടിയടച്ചു. അതിർത്തികൾ പൊടുന്നനെ ഒറ്റപ്പെട്ടു. മോഹൻദാസിെൻറ യാത്ര നടന്നില്ല. ഒരു വർഷവും ഏഴുമാസവും മോഹൻദാസ് അസീസിനൊപ്പം നിന്നു. മരുക്കാഴ്ചകൾ മാത്രമായിരുന്നു അക്കാലയളവിൽ അയാളുടെ കൂട്ട്. അതുവരെ താൻ എന്തായിരുന്നു എന്നുപോലും ഓർമയില്ലാത്തവിധം ഭൂതകാലം അയാളിൽനിന്ന് വേർപെട്ടുകിടന്നു.
ആദ്യം അസീസിനെ, പിന്നെ റൂമിലുള്ള മറ്റുള്ളവരെ, അവിടേക്ക് വന്നുപോകുന്നവരെ...അങ്ങനെ ഓർമകളുടെ അറയിൽ ഓരോ മുഖങ്ങൾ അയാൾ പുതുതായി തുന്നിച്ചേർത്തു. മരുഭൂമിക്കക്കരെ നമുക്കൊരു നാടുണ്ടെന്നും അവിടെ ഉറ്റവരുണ്ടെന്നും അസീസ്, മോഹൻദാസിന് പറഞ്ഞുകൊടുത്തു. വീട്ടുകാരുമായി ഫോണിൽ സംസാരിക്കാൻ പ്രേരിപ്പിച്ചു. പിന്നീടൊരു നാൾ വിഡിയോകാൾ ചെയ്യാവുന്ന ഫോൺ മോഹൻദാസിനായി നൽകി. വർഷങ്ങൾക്കുശേഷം മോഹൻദാസ് അതിലൂടെ അച്ഛനെയും അമ്മയെയും കണ്ടു. തെൻറ ലോകം കുറച്ചുകൂടി വലുതാണെന്നും ചിലരൊക്കെ കാത്തിരിപ്പുണ്ടെന്നും മോഹൻദാസ് തിരിച്ചറിഞ്ഞു. ഇക്കാലയളവിലെല്ലാം മോഹൻദാസിനെ അസീസ് ഒരു തൊഴിലിനും വിട്ടില്ല. കുറച്ചുകാലം മുമ്പുവരെ ആരുമല്ലാതിരുന്ന ഈ മനുഷ്യൻ ഇപ്പോൾ തെൻറ ആരോ ആണെന്നയാൾക്കു തോന്നി. മോഹൻദാസിനെ കൈവിടാതെ അസീസ് ചേർത്തുപിടിച്ചു. അപരിചിതരോട് ഇതെെൻറ സഹോദരനാണെന്ന് അസീസ് പറഞ്ഞു. അങ്ങെന അയാൾ മനുഷ്യത്വത്തിെൻറ ആൾരൂപമായി.
ഒന്നര വർഷം പൊടുന്നനെ കടന്നുപോയി. മോഹൻദാസിൽ വലിയ മാറ്റങ്ങൾ ഉണ്ടായില്ല. ഓർമകളിലേക്കുള്ള വാതിലുകൾ അയാളിൽ അടഞ്ഞുതന്നെ കിടന്നു. വീട്ടിലെ കാര്യങ്ങൾ ഇതിലേറെ കഷ്ടമായിരുന്നു. വരുമാനം നിലച്ചതോടെ ഭക്ഷണം വാങ്ങാൻകൂടി പാങ്ങില്ലാതെ ആ കുടുംബം െഞരുങ്ങി. വീട് ജപ്തി ഭീഷണിയിലായി. ഇതറിഞ്ഞ അസീസ് പണം സംഘടിപ്പിച്ചു നൽകി ജപ്തി ഒഴിവാക്കി. അപകടസമയത്ത് മോഹൻദാസിെൻറ വിസ കാലാവധി തീർന്നിരുന്നു. അറുപതിനായിരം രൂപ ഫൈൻ പിന്നാലെയെത്തി. അസീസ് ഈ വിഷയത്തിലും ഇടപെട്ടു. കാസർകോട്ടുകാരൻ എം.എം. നാസറിനൊപ്പം എംബസി കയറിയിറങ്ങി. മോഹൻദാസിനെ അധികൃതർക്കുമുന്നിൽ ഹാജരാക്കി വിവരങ്ങൾ ബോധ്യപ്പെടുത്തി. ഇതോടെ പിഴ ഒഴിവായിക്കിട്ടി. രേഖകളെല്ലാം ശരിയാക്കി നാട്ടിലേക്ക് മടങ്ങാൻ അനുമതി ലഭിച്ചു. ഫെബ്രുവരി 15ന് മോഹൻദാസിനെയും കൂട്ടി അസീസ് നാട്ടിലെത്തി. കോവിഡ് മഹാമാരിയുടെ നിഴൽ അപ്പോഴും ബാക്കിയുണ്ടായിരുന്നു. ക്വാറൻറീൻ നിർബന്ധം.
പരിമിത സൗകര്യങ്ങളുള്ള പാലക്കാട്ടെ വീട്ടിലേക്ക് മോഹൻദാസിനെ വിടാൻ അസീസ് ഒരുക്കമായിരുന്നില്ല. മലപ്പുറം തിരുനാവായയിലെ സ്വന്തം വീട്ടിൽ മോഹൻദാസിനും അസീസ് ക്വാറൻറീൻ സൗകര്യം ഒരുക്കി. മുകൾനിലയിൽ ഒരു മുറിയിൽ അസീസും മറ്റൊന്നിൽ മോഹൻദാസും താമസമാക്കി. അവിടെ നിന്നാൽ വയലും തോടും കാണാം, അതിനുമപ്പുറം കുതിച്ചോടുന്ന തീവണ്ടിയുടെ സൈറൺ കേൾക്കാം. നാട്ടിലെ കാഴ്ചകൾ കൗതുകത്തോടെ മോഹൻദാസ് നോക്കിനിന്നു. എല്ലാം പുതിയ കാഴ്ചകളും അനുഭവങ്ങളുമായിരുന്നു അയാൾക്ക്. നീണ്ടുപോകുന്ന തെങ്ങിലേക്ക് നോക്കി അയാളൊരിക്കൽ ചോദിച്ചു-അതിലെന്തു പഴമാണ്! തെങ്ങിനെയും തേങ്ങയെയും നാടിനെയും കുറിച്ച് അന്നൊരുപാട് പറഞ്ഞുകൊടുക്കേണ്ടിവന്നു അസീസിന്. ഒരാഴ്ച കഴിഞ്ഞ് കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റിവ് ആയതോടെ മോഹൻദാസിനെ ബന്ധുക്കൾക്ക് കൂടെവിടാൻ അസീസ് ഒരുങ്ങി. അതിനായി അവരെ വീട്ടിലേക്ക് വിളിച്ചുവരുത്തി.
വികാരനിർഭരമായ നിമിഷങ്ങൾക്കൊടുവിൽ അസീസിൽനിന്ന് വേർപെട്ട് മോഹൻദാസ് ബന്ധുക്കൾക്കൊപ്പം പോയി. ദിവസങ്ങൾ പിന്നെയും കഴിഞ്ഞു. പാലക്കാട്ടെ വീട്ടിൽ പഴയ ജീവിതത്തിലേക്ക് തിരികെ വരാനുള്ള പരിശ്രമത്തിലാണ് മോഹൻദാസിപ്പോൾ. നാടും പരിസരവും മോഹൻദാസിനെ ഓർമകളിലേക്ക് തിരികെക്കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് വീട്ടുകാർ. ഇല്ലെങ്കിൽ, സ്നേഹവാത്സല്യങ്ങൾക്കൊണ്ട് അവനിൽ പുതിയ ഓർമകൾ തുന്നിയെടുക്കണം. മോഹൻദാസിനെ ബന്ധുക്കളെ ഏൽപിച്ചതിനുപിറകെ അസീസ് കാളിയാടൻ അബൂദബിയിലേക്ക് മടങ്ങി. ഇടക്കയാൾ മോഹൻദാസിനെ ഒാർക്കും. മടങ്ങുംമുമ്പ് അങ്ങനൊരു ദിനത്തിൽ അസീസ് കുടുംബവുമൊത്ത് പാലക്കാട്ടെത്തിയിരുന്നു. ഒരുമിച്ച് ഏറെ സമയം ചെലവിട്ടാണ് അന്നവർ പിരിഞ്ഞത്. ശേഷമയാൾ തെൻറ കർമമണ്ഡലത്തിലേക്ക് തിരികെയെത്തി. മരുഭൂമിയിൽ ആലംബമില്ലാതെ അലയുന്നവർക്കായി അയാൾക്കിനിയും ഓടിയെത്തേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.