പാകിസ്താൻ-അഫ്ഗാനിസ്താൻ അതിർത്തി പട്ടണമായ ബന്നുവിൽ നിന്ന് 13 വർഷം മുൻപ് ജോലി തേടി യു.എ.ഇയിലെത്തിയയാളാണ് മതിയുല്ല ഖാൻ. ട്രക്ക് ഡ്രൈവറായിട്ടായിരുന്നു യു.എ.ഇയിലെ അരങ്ങേറ്റം. സൗദി അതിർത്തിയിൽ നിന്ന് ട്രക്കെടുത്ത് യു.എ.ഇയുടെ വിവിധ എമിറേറ്റുകളിലേക്ക് മതിയുല്ല ദിവസവും പാഞ്ഞുകൊണ്ടിരുന്നു.
ദിവസവും 12 മണിക്കൂറിലേറെ ഡ്രൈവിങ്. ആഴ്ചയിൽ നാല് ദിവസമെങ്കിലും ദീർഘ ദൂര ഡ്രൈവിങ്. അതിനിടയിലും മനസിൽ അണയാതെ കിടക്കുന്ന ആഗ്രഹത്തെ മതിയുല്ല ജ്വലിപ്പിച്ചുകൊണ്ടിരുന്നു. ഒരു ക്രിക്കറ്ററാകണം, അതായിരുന്നു അവന്റെ ജീവിത സ്വപ്നം.
ട്രക്കിന് വിശ്രമം നൽകുന്ന ഇടവേളകളിൽ അവൻ ബോളുമെടുത്ത് ക്രിക്കറ്റ് മൈതാനത്തേക്കിറങ്ങി. ഒരു നാൾ തന്റെ സ്വപ്നം പൂവണിയുമെന്ന് ഉറച്ച് വിശ്വസിച്ചു. യു.എ.ഇയുടെ നിരത്തുകളിൽ 130 കിലോമീറ്റർ വേഗതയിൽ പായുന്ന ട്രക്കിന്റെ അതേവേഗതയിൽ മതിയുള്ളയുടെ പന്തുകളും സ്റ്റമ്പുകളെ ലക്ഷ്യമിട്ട് പാഞ്ഞു. ടേപ്പ് ബോളിലായിരുന്നു യു.എ.ഇയിലെ പിച്ചുകളിൽ മതിയുള്ളയുടെ ആറാട്ട്. കച്ചകളിലും പാർക്കിങ് സ്ഥലങ്ങളിലുമെല്ലാം കളിക്കുന്നവർക്കൊപ്പം അവനും ചേർന്നു. യു.എ.ഇയുടെ രാത്രികളിൽ സൗന്ദര്യം വിതറുന്ന ക്രിക്കറ്റ് ടൂർണമെന്റുകളിലേക്കും ഓടിയെത്തി.
വമ്പൻ ടൂർണമെന്റുകളിലും മതിയുള്ളയുടെ പേര് മുഴങ്ങിക്കേട്ടു. അങ്ങിനെയാണ് അബൂദബി ടി-20യിലും ടി-10 ക്രിക്കറ്റിലുമെല്ലാം അവൻ എത്തുന്നത്. ഇവിടെയുള്ള മികച്ച പ്രകടനം ദേശീയ സെലക്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റാനിടയാക്കി. ഈ വഴിയിലൂടെയാണ് അവൻ യു.എ.ഇ ദേശീയ ക്രിക്കറ്റ് ടീമിൽ ഇടംപിടിച്ചത്. ഒടുവിൽ, ട്രക്ക് ഡ്രൈവറുടെ സീറ്റൊഴിഞ്ഞ് പേസ് ബൗളറുടെ റോളേറ്റെടുത്തിരിക്കുകയാണ് മതിയുള്ള.
10 വർഷം നീണ്ട പ്രയത്നത്തിനും കഷ്ടപ്പാടിനും കഠിനാദ്വാനത്തിനുമുള്ള ഫലമാണ് തനിക്ക് ലഭിച്ചതെന്ന് ഉറച്ച് വിശ്വസിക്കുകയാണ് ഈ 30കാരൻ. പാകിസ്താൻ താരങ്ങളായ മുഹമ്മദ് ആമിർ, മുഹമ്മദ് ആസിഫ് എന്നിവരാണ് മതിയുള്ളയുടെ ഹീറോസ്. അവരെ അനുകരിക്കാനാണ് അവന്റെ ശ്രമവും. യു.എ.ഇയുടെ താൽകാലിക പരിശീലകനായ മുൻ പാകിസ്താൻ ഓൾറൗണ്ടർ മുദസ്സർ നാസറാണ് മതിയുള്ളക്ക് അരങ്ങേറ്റ മത്സരത്തിന്റെ കാപ് കൈമാറിയത്. തന്റെ മനസിലെ അപ്പോഴത്തെ വികാരം വിവരണാതീതമാണെന്ന് മതിയുല്ല ഖാൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.