കോട്ടയം: ഒരുകാലത്ത് യുവതയെ ആവേശം കൊള്ളിച്ച ആൽബമായ'അഴകൊത്ത മൈന'യുടെ പാട്ടെഴുത്തുകാരൻ കോട്ടയം നഗരത്തിലെ തെരുവോരത്തുണ്ട്. അഴകൊത്ത മൈനയിലെ 'മുഹബ്ബത്തിൻ മുന്തിരിത്തേൻ' എന്നുതുടങ്ങുന്ന ഗാനം തത്തിക്കളിച്ച ചുണ്ടുകളും പാടിപ്പതിഞ്ഞ മനസ്സുകളും ഏറെയാണ്. കലയെ കൈവിടാതെ ഉപജീവനത്തിനായി 14 വർഷമായി കെ.കെ. റോഡിലെ നടപ്പാതയിൽ കച്ചവടം ചെയ്യുകയാണ് ഈ പാട്ട് സൃഷ്ടിച്ച ലത്തീഫ് മുല്ലശ്ശേരി എന്ന ചങ്ങനാശ്ശേരിക്കാരൻ.
സംഗീതരചന, സംഗീത സംവിധാനം, കഥാപ്രസംഗം, ടെലിഫിലിം സംവിധാനം, നാടകം, ആൽബം തുടങ്ങിയ മേഖലകളിലെല്ലാം കൈവെച്ചിട്ടുണ്ട് അടിമുടി കലാകാരനായ ഇദ്ദേഹം. ചെറുപ്പംമുതലേ സംഗീതത്തോട് താൽപര്യമുണ്ടായിരുന്നു.
മുസ്ലിം സമുദായത്തിൽപ്പെട്ടവർ കലാരംഗത്തേക്ക് വരാൻ മടിക്കുന്ന അക്കാലത്ത് ലത്തീഫിന് ഹാർമോണിയം വാങ്ങിച്ചുനൽകിയത് ഉമ്മ പറക്കവെട്ടി സാറാമ്മയാണ്. ഉമ്മയും ബാപ്പ അഹമ്മദ്കണ്ണ് റാവുത്തറും മകന് പ്രോത്സാഹനമായി കൂടെനിന്നു. ഉമ്മയുടെ സ്വാധീനമാണ് ഇന്നും തന്റെ പാട്ടുകളിലെന്ന് പറയും ലത്തീഫ്. അഞ്ചാറുവർഷം സംഗീതം അഭ്യസിച്ചു.
1978ൽ സുഹൃത്തായിരുന്ന കാഥികൻ തൃക്കൊടിത്താനം കൃഷ്ണൻകുട്ടിക്കുവേണ്ടി 'കറുത്ത മണവാട്ടി' കഥാപ്രസംഗം എഴുതിയാണ് കലാരംഗത്തേക്കുള്ള കാൽവെപ്പ്. പിന്നീട് വർഗീസ് കുന്നത്തുകുഴിക്കായി 'വിശ്വഗുരു' എന്നതടക്കം പതിനഞ്ചോളം കഥാപ്രസംഗം എഴുതി. 2008ലാണ് 'അഴകൊത്ത മൈന'യിൽ പാട്ടുകൾ എഴുതുന്നത്. സംഗീതവും ചിട്ടപ്പെടുത്തി. ഗായകരായ അഫ്സലും ശ്വേതയുമാണ് പാടിയത്. മലബാറിൻ മുത്തേ (2009), കുളിർമഴയായി (2011), മാപ്പിളപ്പാട്ട് ആൽബങ്ങളായ റംസാൻ, അഹദും സമദും എന്നിവക്കുപുറമെ തമിഴ് ആൽബമായ 'വണക്കം ഉനക്കാകവേ' തുടങ്ങിയവയും അന്നത്തെ ഹിറ്റുകളായിരുന്നു.
അതിനിടെ ഇരുപതോളം അമച്വർ നാടകങ്ങളെഴുതി. അഭിനയിച്ചു. 2019ലാണ് 'തേരോട്ടം' സിനിമയിലെത്തുന്നത്. പ്രദീഷ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത സിനിമയിൽ രണ്ടുപാട്ടുകൾ ചിട്ടപ്പെടുത്തി. 'ദക്ഷിണ'യുടെ രണ്ടാംഭാഗം 'പഞ്ചരത്നങ്ങൾ' പേരിൽ ഉടൻ തുടങ്ങാനിരിക്കുകയാണ്. ഇതെല്ലാം ഇഷ്ടംകൊണ്ട് ചെയ്യുന്നതാണെന്ന് ലത്തീഫ് പറയുന്നു. ജീവിക്കാൻ വേറെ വഴി നോക്കണം. റെജീന ബീവിയാണ് ഭാര്യ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.