സ്വയം ആസ്വദിക്കുമ്പോൾ തന്നെ മറ്റുള്ളവർക്കു കൂടി ആസ്വാദനവും സന്തോഷവും നൽകുമ്പോഴാണ് ഒരു ഏതൊരു കലയും അർഥവത്താകുന്നത്. ഇവിടെയിതാ തന്റെ കലാവാസനകളിലൂടെ മറ്റുളളർക്ക് സന്തോഷം പകരുകയാണ് പ്രവാസിയായ ഒരു കലാകാരൻ. തന്റെ കണ്മുന്നിലൂടെ കടന്ന്പോകുന്നവരെ നിമിഷ നേരം കൊണ്ട് വരച്ച് അവര്‍ക്ക് തന്നെ സമ്മാനമായി നല്കി വിസ്മയം സൃഷ്ടിക്കുകയാണ് ഇസ്സുദ്ധീന്‍ എന്ന കലാകാരന്. പൊലീസുകാരന്, ചായക്കടയിലെ തൊഴിലാളി വരെ തന്റെ മുന്നിലൂടെ കടന്ന്പോകുന്നവരുടെ മുഖഭാവങ്ങൾ നിമിഷ നേരം കൊണ്ട് കാൻവാസിലേക്ക് പകർത്താൻ ഇസ്സുദ്ധീന്‍ കഴിയും.
മെട്രോ സ്റ്റേഷനില്‍ ഇരിക്കവേ സമീപത്ത് കർമനിരതരായി നിൽക്കുന്ന ദുബൈ പൊലീസിനെയും സ്കൂള്‍ പരിസരത്ത് ഗതാഗതം നിയന്ത്രിക്കുന്ന ഷാര്‍ജ പൊലീസിനെയും നിമിഷ നേരം കൊണ്ട് പകർത്തിയ ശേഷം അത് അവർക്ക് സമ്മാനമായി ഇസ്സുദ്ദീന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. മുന്‍പ് കണ്ട് പരിചയം പോലുമില്ലാത്ത സമൂഹത്തിലെ നാനാ തുറയിലുള്ളവര്‍ക്ക് ആകസ്മികമായി അവരുടെ ചിത്രം വരച്ച് നല്കി മുഖത്ത് ആശ്ചര്യത്തിന്റെ ചെറു പുഞ്ചിരി വിടര്‍ത്തിയ സംഭവങ്ങള്‍ നിരവധിയാണ്.
ചെറുപ്പത്തിലേ പിതാവ് മരണപ്പെട്ട് പിന്നീടുള്ള അനാഥാലയത്തിലെ ജീവിത കാലത്ത് തനിക്ക് മറ്റുള്ളവരില്‍ നിന്നും ലഭിച്ചിരുന്ന സമ്മാനങ്ങള്‍ എത്രമാത്രം സന്തോഷം തന്നില്‍ ഉണ്ടാക്കിയിരുന്നോ ആ സന്തോഷം മറ്റുള്ളവരില്‍ കാണാന്‍ തന്റെ ചെറിയ പ്രവംത്തി കൊണ്ട് കഴിയുന്നുണ്ടെന്ന ആത്മ സംതൃപ്തിയിലാണ് ഈ യുവാവ്.
ഉമ്മയുടെ പക്കല്‍നിന്ന് ലഭിച്ച പരിശീലനങ്ങലാണ് മലപ്പുറം വണ്ടൂര്‍ സ്വദേശി ഇസ്സുദ്ധീന്‍ എന്ന ഇസ്സുവിനെ ചിത്ര രചനയിലേക്ക് കൈപിടിച്ചു നടത്തുന്നത്. പഠനം പൂര്‍ത്തിയാക്കിയ ശേഷം ഫൈന്‍ ആര്‍ട്സ് കോളജില്‍ ചേര്‍ന്ന് ആധികാരികമായി ചിത്ര രചന പഠിച്ചു. ജീവിധോപാധി തേടിയാണ് ഇസ്സു പ്രവാസ ലോകത്ത് എത്തുന്നത്. ഷാര്‍ജ ഇന്ത്യ ഇന്റര്‍നാഷണല്‍ സ്കൂളിലെ ആര്‍ട്ട് അധ്യാപകനാണിപ്പോള്‍ ഇദ്ദേഹം. ഇസ്സുദ്ദീൻ സ്കൂളിലെത്തിയതോടെ സ്കൂള്‍ പരിസരവും ആകെ മാറിക്കഴിഞ്ഞു. സ്കൂളിന്റെ ചുവരുകള്‍ക്ക് വർണങ്ങൾ വാരിവിതറി ജീവന് തുടിക്കുന്ന ചിത്രങ്ങള്‍ വരച്ചതോടെ കുട്ടികൾക്കും അധ്യാപകർക്കും നവ്യാനുഭവമായി മാറുകയാണ് സ്കൂൾ ദിനങ്ങൾ. നിരവധി ചുമര് ചിത്രങ്ങളാണ് ഈ കലാകാരന് ഇവിടെ അണിയിച്ചൊരുക്കിയിരിക്കുന്നത്.
യു.എ.ഇയുടെ ബഹിരാകാശ യാത്രികനും പിന്നീട് യുവജനകാര്യ വകുപ്പ് മന്ത്രിയുമായി തീര്‍ന്ന സുല്‍ത്താന്‍ അല്‍ നിയാദിയുടെ വശ്യ മനോഹര ചിത്രം അടക്കം നിരവധി ചിത്രങ്ങളാണ് സ്കൂള്‍ ചുമരില്‍ ഇദ്ദേഹത്തിന്റെ കരവിരുതിലൂടെ ഇടം പിടിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് ആര്‍ട്ട് വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചും ഇസ്സുദ്ധീന്‍ സജീവമാണ്. കാലിഗ്രാഫിയിലും ചുമര്‍ചിത്ര രചനയിലും കഴിവ് തെളിയിച്ചിട്ടുണ്ട് കാരന്തൂര്‍ മര്കസിലെ പൂര്‍വ്വ വിദ്യാര്‍ഥി കൂടിയായ ഇസ്സുദ്ധീന്‍. ഈ മേഖലയില്‍ തന്റേതായ വഴിയിലൂടെ ഇനിയും മുന്നോട്ട് പോകണമെന്നാണ് ആഗ്രഹമെന്ന് ഈ യുവാവ് പറയുന്നു.`
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.