യു.എ.ഇയിലെ പ്രവാസികൾ ലീവിന് പോയി തിരിച്ചു വരുമ്പോൾ വീട്ടിൽ പൊടിച്ചുണ്ടാക്കിയ നാടൻ മസാലപ്പൊടികൾ കൂടി പൊതിഞ്ഞു കൊണ്ട് വരുന്ന പ്രവണതക്ക് അറുതി വരുത്തിയതൊരു വടകരക്കാരനാണ്. വീട്ടിലെ രുചി അന്യമായിരുന്ന പ്രവാസികൾക്ക് ശുദ്ധമായ നാടൻ രുചിക്കൂട്ടുകളുടെ വിരുന്നൊരുക്കിയ ‘ടേസ്റ്റി ഫുഡിന്റെ’ അമരക്കാരൻ മജീദ് പുല്ലഞ്ചേരി.
മരുഭൂമിയിൽ മരുപ്പച്ച തേടി വരുന്ന ഏതൊരു സാധാരണക്കാരനെയും പോലെ തന്നെയാണ് വടകര സ്വദേശി മജീദ് പുല്ലഞ്ചേരിയും പ്രവാസിയാകുന്നത്.ഫ്ലോർ മില്ലിൽ സെയിൽസ്മാനായിട്ടായിരുന്നു തുടക്കം .കുടുംബത്തിന്റെ ഏക അത്താണിയായിരുന്നത് കൊണ്ട് തന്നെ സ്വപ്നങ്ങൾ പലതുണ്ടായിരുന്നു.ഫ്ലോർ മില്ലിലെ രണ്ടു വർഷത്തെ അനുഭവ സമ്പത്തിന്റെ പിൻ ബലത്തിൽ സ്വരുക്കൂട്ടി വെച്ച സമ്പാദ്യവും പ്രിയപ്പെട്ടവരുടെ പിന്തുണയും ഊർജ്ജമാക്കി ഷാർജയിലെ റോളയിൽ മറ്റൊരു ഫ്ലോർമിൽ ആരംഭിക്കുന്നത് അങ്ങനെയാണ്.
ധാന്യങ്ങൾ ,പയറു വർഗ്ഗങ്ങൾ തുടങ്ങിയവയുടെ ഗുണമേന്മയെ കുറിച്ചും മസാലപ്പൊടികളുടെ കൂട്ടിനെക്കുറിച്ചും കൃത്യമായുണ്ടായിരുന്ന അനുഭവജ്ഞാനം മാത്രമായിരുന്നു അന്നത്തെ മുതൽക്കൂട്ട്.എന്നാൽ നാട്ടിലെ മസാലക്കൂട്ടുകളുടെ തനത് രുചി തേടി നടന്ന പ്രവാസികൾക്ക് ഗുണമേന്മയേറിയ ,ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കുന്ന ടേസ്റ്റി ഫുഡ് എന്ന ഫുഡ് ബ്രാൻഡിന്റെ തുടക്കമായിരുന്നു അത്.തുടക്കത്തിൽ ഷാർജ നഗരത്തിലും പരിസരങ്ങളിലുമായിരുന്നു വിപണനം. പൊടിപ്പിച്ച അരിയും ഗോതമ്പും മുളകും മല്ലിയും മഞ്ഞളുമായിരുന്നു വിതരണ വസ്തുക്കൾ. ഗുണ നിലവാരത്തിൽ യാതൊരു വിട്ടു വീഴ്ച്ചയും ചെയ്യാത്ത ഉത്പന്നങ്ങൾ പ്രവാസികൾ ഒന്നാകെ ഏറ്റെടുത്തത്തതോടെ യു.എ.ഇയിലെ മികച്ച ഭക്ഷ്യോത്പന്ന ബ്രാൻഡായി മാറാൻ ടേസ്റ്റിഫുഡിന് പിന്നീട് അധിക സമയം വേണ്ടി വന്നില്ല.
.ഉപഭോക്താക്കളുടെ താല്പര്യങ്ങൾക്കനുസൃതമായി പുതിയ ഉത്പന്നങ്ങൾ കൂടി ഉൾപ്പെടുത്തി ബിസിനസ് വളർത്തുകയായിരുന്നു അടുത്ത ലക്ഷ്യം . പ്രാതൽ വിഭവങ്ങൾ മുതൽ വെളിച്ചെണ്ണ, വിവിധ തരം ധാന്യവർഗങ്ങൾ, മസാലപ്പൊടികൾ, മില്ലറ്റുകൾ, ഗുണമേന്മയേറിയ ഡ്രൈ ഫ്രൂട്സുകൾ, നട്സുകൾ, അച്ചാറുകൾ തുടങ്ങി വിവിധ ശ്രേണികളിലായി ടേസ്റ്റിഫുഡിന്റെ മുന്നൂറിൽ പരം ഉത്പന്നങ്ങൾ ഇന്ന് വിപണയിൽ ലഭ്യമാണ്. .യു.എ.ഇയിൽ വിപണി കീഴടക്കിയ ശേഷമാണ് ടേസ്റ്റി ഫുഡ് ഒമാനിലും ഇന്ത്യയിലും സാന്നിധ്യമറിയിച്ചത്. മൂന്നു രാജ്യങ്ങളിലും ലഭിച്ച മികച്ച പ്രതികരണത്തിന്റെ പിൻബലത്തിൽ ടേസ്റ്റി ഫുഡ് ഉത്പന്നങ്ങൾ ഇതര ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് .
നാട്ടിൽ ബിസിനസ് ആരംഭിച്ച് വിജയിച്ച ശേഷം മാത്രം യു. എ. ഇ പോലുള്ള ഇതര രാജ്യങ്ങളിൽ ചുവടുറപ്പിക്കാറുള്ള സാധാരണ മലയാളി സംരംഭകരിൽ നിന്നും വ്യത്യസ്തനായിരുന്നു മജീദ് പുല്ലഞ്ചേരി.യുഎഇ വിപണി കീഴടക്കിയതിനു ശേഷമാണ് ഇന്ത്യയിൽ ആദ്യ പാക്കിങ് യൂണിറ്റ് ആരംഭിക്കുന്നത് .മഞ്ചേരിക്കടുത്ത് എളങ്കൂരിൽ ആരംഭിച്ച ഫുഡ് ഫാക്ടറിയിൽ നിന്നാണ് ഇപ്പോൾ യു എ ഇ അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് കേരളീയ തനിമയേറുന്ന ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത്.
അതി നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് സംസ്കരിച്ച്, യാതൊരു വിധ മായവും കലർത്താതെ വൃത്തിയായി പാക്ക് ചെയ്യുന്ന ഗുണമേന്മയേറിയ ഭക്ഷ്യോൽപ്പന്നങ്ങളാണ് ടേസ്റ്റി ഫുഡിന്റെ മുഖമുദ്ര. മലയാളി ഉപഭോക്താക്കൾക്ക് പുറമെ യു.എ.ഇ, ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക, ഫിലിപ്പൈൻ, സിറിയ, തുർക്കി തുടങ്ങിയ വിദേശികളും ടേസ്റ്റിഫുഡിന്റെ ഉപഭോകൃത പട്ടികയിൽ ഇടം നേടിയവരാണ്. ഇന്ന് യൂറോപ്പിൽ യു.കെയിലും ആസ്ട്രേലിലയിലും ടേസ്റ്റിഫുഡ് ഉത്പന്നങ്ങൾ വിപണി കീഴടക്കിക്കഴിഞ്ഞു.
ഓരോ വർഷവും വിപണിയിലെ ഡിമാന്റും ആവശ്യകതയും അറിഞ്ഞുള്ള ഉത്പന്നങ്ങളാണ് ടേസ്റ്റിഫുഡ് പുറത്തിറക്കുന്നത്. മന്തി, മജ്ബൂസ് തുടങ്ങിയ വിഭവങ്ങൾ തയ്യാറാക്കുന്നതിനുള്ള പ്രത്യേക മസാലക്കൂട്ടുകളുടെ ഉത്പാദനവും ഉടൻ തുടങ്ങും. മൂന്ന് പതിറ്റാണ്ടുകാലം കേരളത്തിലും പ്രവാസ ലോകത്തും രുചിപ്പെരുമ സമ്മാനിച്ച ടേസ്റ്റിഫുഡിൽ ഉപഭോക്താക്കൾ അർപ്പിച്ച വിശ്വാസം എക്കാലവും കാത്തു സൂക്ഷിക്കുമെന്ന ഉറച്ച തീരുമാനമാണ് വിജയ വഴിയിൽ മജീദ് പുല്ലഞ്ചേരിയെ മുന്നോട്ടുനയിക്കുന്ന പ്രധാന ഘടകം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.