പട്ടാമ്പി: നിരന്തരമായ പത്രവായനയും പുസ്തകങ്ങള്‍ തേടിപ്പിടിച്ച് വായിക്കുന്നതിലുള്ള ഉത്സാഹവുമാണ് സിവില്‍ സർവിസ് നേടാനുള്ള മാര്‍ഗമെന്ന് നാഗാലാന്‍ഡിലെ അര്‍ബന്‍ ഡെവലപ്മെന്റ് ആന്‍ഡ് മുനിസിപ്പല്‍ അഫയേഴ്സ് സെക്രട്ടറി സി. ഷാനവാസ്. എടപ്പലം പി.ടി.എം.വെ ഹയര്‍ സെക്കൻഡറി സ്കൂളില്‍ നടക്കുന്ന നടുവട്ടം ഗവ. ജനത ഹയര്‍സെക്കൻഡറി സ്കൂളിന്റെ എന്‍.എന്‍.എസ് സപ്തദിന ക്യാമ്പില്‍ കരിയര്‍ ഓറിയന്റേഷന്‍ ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലക്കാട് പുത്തൂർ ചാണ്ടൻ കുഴിയിൽ റിട്ട. സ്കൂള്‍ അധ്യാപകരായ ഉമ്മര്‍, ഷെരീഫ ദമ്പതികളുടെ മകനാണ് ഷാനവാസ്. 2012 ബാച്ച് നാഗാലാന്‍ഡ് കാഡറാണ്. തിരുവനന്തപുരം സി.ഇ.ടിയില്‍ നിന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ ബിരുദം നേടിയ ശേഷം നാഗാലാന്‍ഡിലെ വിവിധ ജില്ലകളില്‍ കലക്ടറായി സേവനമനുഷ്ഠിച്ചു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പില്‍ പ്രിന്‍സിപ്പല്‍ ഡയറക്ടറായി മൂന്നു വര്‍ഷം ജോലിചെയ്തിട്ടുണ്ട്. എൻജിനിയറിങ് ബിരുദത്തിനു ശേഷമാണ് ഐ.എ.എസിന് ചേരുന്നത്.
എന്‍.എസ്.എസ് ക്യാമ്പില്‍ ക്ലാസിനുശേഷം എൽ. പ്രവീണ, എ.കെ. ഫാത്തിമ ശൈഖ എന്നീ വിദ്യാർഥികള്‍ അദ്ദേഹവുമായി അഭിമുഖം നടത്തി. വിദ്യാർഥികള്‍ക്കിടയില്‍ സാമൂഹികബോധം വളര്‍ത്തിയെടുക്കാനുതകുന്ന പദ്ധതിയാണ് നാഷണല്‍ സർവിസ് സ്കീം എന്നും സിവില്‍ സർവിസ് പഠനത്തിന് ഇത് ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഷാനവാസിന്റെ ഭാര്യ ഡോ. അന്‍ഷിദ ഡല്‍ഹി എയിംസില്‍ ജോലിചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.