കുന്ദമംഗലം: കാൽപന്ത് കളിയുടെ ആവേശം മലയാളിയോളം ആവാഹിച്ചവർ ആരുണ്ട്? പ്രത്യേകിച്ച് മലബാറുകാർ. അവർക്കത് കളിയോ, കലയോ, ഭ്രാന്തോ മാത്രമായിരുന്നില്ല സ്വന്തം ആത്മാവ് തന്നെയായിരുന്നു. ലോകം മൊത്തം ഖത്തറിലേക്കൊഴുകുമ്പോൾ ആതിഥേയനായി സ്റ്റേഡിയത്തിൽ ഒരു മലയാളിയുണ്ട്. ലോകകപ്പ് സ്റ്റേഡിയത്തിൽ ബ്രോഡ്കാസ്റ്റിങ്, മൊബൈൽ നെറ്റ് വർക്ക് തടസ്സമില്ലാതെ ആളുകൾക്ക് ലഭിക്കാൻ ചുക്കാൻപിടിക്കുന്ന ഒരു കോഴിക്കോട്ടുകാരൻ. കുന്ദമംഗലം സ്വദേശിയായ ഉബൈദ് ഇയ്യാറാമ്പിൽ.
ഒരുനിമിഷം നമ്മുടെ മൊബൈൽ നെറ്റ് വർക്ക് നിശ്ചലമായാൽ നമ്മുടെ ദേഷ്യവും സങ്കടവും ഒരുപാടാണ്. പതിനായിരങ്ങൾ ഒരേസമയം ഒരുമിച്ച് കൂടുമ്പോൾ അതിനൊരു തടസ്സവുമില്ലാതെയിരിക്കാൻ തിരശ്ശീലക്ക് പിന്നിൽ പ്രവർത്തിക്കുന്നവരാണ് ഉബൈദും സംഘവും.
ഖത്തറിൽ ദോഹയിലെ അൽ തുമാമ സ്റ്റേഡിയത്തിലെ വോഡഫോൺ വെന്യൂ മാനേജറാണ് ഉബൈദ്. ലോകകപ്പ് മത്സരങ്ങൾ നടക്കുമ്പോൾ ഒരേസമയം സ്റ്റേഡിയത്തിനകത്തും പുറത്തുമായി ലക്ഷത്തോളം ആളുകൾ ഒരുമിച്ച് കൂടുമ്പോൾ മൊബൈൽ നെറ്റ് വർക്കിന് ഒരു പോരായ്മയും ഇല്ലാതെ സുഗമമാക്കും ഉബൈദും സംഘവും. കൂടാതെ പല രാജ്യങ്ങളുടെയും ചാനലുകളുടെ ലൈവ് ബ്രോഡ്കസ്റ്റിങ്ങിന് എല്ലാ പിന്തുണയും നൽകുന്നത് ഉബൈദിന്റെ നേതൃത്വത്തിലുള്ള ടെക്‌നിക്കൽ ടീം ആണ്.
ഒരേസമയം ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള 25ലേറെ വരുന്ന സംഘമാണ് നെറ്റ് വർക്ക് കവറേജ്, മോണിറ്ററിങ് അടക്കം ചെയ്യുന്നത്. കഴിഞ്ഞ ഏഴുവർഷത്തിലേറെയായി ഉബൈദിന്റെ നേതൃത്വത്തിൽ അൽ തുമാമ സ്റ്റേഡിയത്തിൽ ടെക്‌നിക്കൽ ടീം ലോകകപ്പിനുവേണ്ടി ഒരുങ്ങുകയായിരുന്നു.
മത്സരം നടക്കുമ്പോൾതന്നെ മിക്കവാറും കാണികൾ സമൂഹമാധ്യമത്തിൽ ഇടപെടുകയും ലൈവായി വിഡിയോ എടുക്കുകയും ചെയ്യുമെന്നും മൊബൈൽ നെറ്റ് വർക്കിന് ഒരു തടസ്സവുമില്ലാതെ എല്ലാം കൃത്യമായി നിയന്ത്രിക്കാൻ കഴിയുന്നുണ്ടെന്നും ഉബൈദ് പറയുന്നു. ലോകകപ്പ് വേദി ലഭിച്ചതുമുതൽ വർഷങ്ങളായി ഖത്തർ കൃത്യമായ സംഘാടനമാണ് സമഗ്ര മേഖലയിലും നടത്തുന്നത്.
ലോകകപ്പിൽ തന്റെ ഇഷ്ട ടീമുകളുടെ മത്സരങ്ങൾ നേരിട്ട് കാണാനായതിലുള്ള സന്തോഷത്തിലും സമാപനമത്സരംവരെ ഏൽപിക്കപ്പെട്ട ജോലി കൃത്യമായി ചെയ്യാൻ കഴിയുമെന്നുമുള്ള ആത്മവിശ്വാസത്തിലുമാണ് ഉബൈദ്. ഉബൈദിന്റെ ഭാര്യ അക്കീല ഫർഷത്തും മക്കൾ ഇഫ ഫാത്തിമ, ഇഹാൻ അലി എന്നിവരുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.