വേങ്ങര: മലബാറിന്റെ വീരപുത്രൻ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ വിയോഗത്തിന് നവംബർ 23ന് 78 വർഷം പൂർത്തിയാകുമ്പോൾ അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്ന അബ്ദുറഹ്മാൻ നഗർ ഗ്രാമപഞ്ചായത്തിന്റെ ഓർമകളിൽ ഇന്നും ആ നേതൃശബ്ദമുണ്ട്. 1963 ഡിസംബർ നാലിനാണ് അബ്ദുറഹ്മാൻ നഗർ പഞ്ചായത്തിലേക്ക് ആദ്യ തെരഞ്ഞെടുപ്പ് നടന്നത്. 1956ൽ കേരളം നിലവിൽ വരുന്ന കാലഘട്ടം വരെ ഈ ഗ്രാമം മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. മദിരാശി നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ, ഈ ഗ്രാമവാസികൾ കോട്ടക്കൽ ഫർക്കയിലായിരുന്നു ഉൾപ്പെട്ടിരുന്നത്. മണ്ഡലങ്ങൾ വീണ്ടും വിഭജിക്കപ്പെട്ടതോടെ തിരൂരങ്ങാടി മണ്ഡലത്തിലായി.
കോൺഗ്രസ് പ്രസ്ഥാനത്തിന് ഏറെ വേരുകളുള്ള നാടായിരുന്നു കൊടുവായൂർ. സ്വാതന്ത്ര്യസമര നായകൻ അബ്ദുറഹ്മാൻ സാഹിബിന്റെയും സഹപ്രവർത്തകരുടെയും പ്രവർത്തന മേഖല കൂടിയായിരുന്നു പ്രദേശം. ഗ്രാമത്തിന് പേര് നൽകുമ്പോൾ എന്ത് പേര് സ്വീകരിക്കണമെന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെങ്കിലും കോൺഗ്രസും മുസ്ലിം ലീഗും പഞ്ചായത്തിന്റെ പേര് മാറ്റണമെന്ന കാര്യത്തിൽ ഒരേ അഭിപ്രായക്കാരായിരുന്നു. കൊടുവായൂരിലെ കോൺഗ്രസ് നേതാവും അബ്ദുറഹ്മാൻ നഗറിലെ പ്രഥമ പ്രസിഡന്റുമായിരുന്ന വി. അഹമ്മദ് ആസാദ് ഈ ആവശ്യത്തിനായി ഉറച്ചുനിന്നു. പേര് അബ്ദുറഹ്മാൻ സാഹിബിന്റേതായിരിക്കണമെന്ന ആവശ്യം ആസാദ് കോൺഗ്രസ് കമ്മിറ്റിയിൽ ഉന്നയിക്കുകയും പ്രദേശ് കോൺഗ്രസ് കമ്മിറ്റിയെക്കൊണ്ട് ഈ പേര് അംഗീകരിപ്പിക്കുകയും ചെയ്തു.
1962ലാണ് കൊടുവായൂരിന്റെ പേര് അബ്ദുറഹ്മാൻ നഗർ എന്നാക്കി വിജ്ഞാപനം പുറപ്പെടുവിച്ചത്. തുടർന്ന് വി.കെ. പടി പോസ്റ്റ് ഓഫിസ് അബ്ദുറഹ്മാൻ നഗർ പോസ്റ്റ് ഓഫിസാക്കി. 1969 വരെ വില്ലേജിന്റെ പേര് കൊടുവായൂർ എന്നുതന്നെ നിലനിന്നു. 1969ലെ സർക്കാറാണ് അബ്ദുറഹ്മാൻ നഗർ വില്ലേജ് എന്നാക്കിയത്. അബ്ദുറഹ്മാൻ നഗർ എന്നത് മനഃപൂർവമോ അല്ലാതെയോ എ.ആർ നഗർ എന്ന ചുരുക്കപ്പേരിലേക്ക് മാറുന്നതിലുള്ള അമർഷവും നാട്ടുകാർ മറച്ചുവെക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.