അബ്ദുൽ വാജിദ്

ഹമേം ഇൻസാഫ് ചാഹിയെ

സുന്ദർനഗരിയിലെ ഇടുങ്ങിയ ഗലിക്കുള്ളിൽ നിന്ന് ഉപദ്രവിക്കല്ലേയെന്ന് മണിക്കൂറുകളോളം ആ ചെറുപ്പക്കാർ കേണപേക്ഷിച്ചു. പോസ്റ്റിൽ കെട്ടിയിട്ട് അവനെ ചോര തുപ്പുന്നതുവരെ മാറിമാറി ക്രൂരമായി മർദിച്ചു. ‘ഇനിയടിക്കല്ലേ, ഞാൻ മരിച്ചുപോകുമെ’ന്ന് പറഞ്ഞപ്പോൾ കൈയിലെയും കാലിലേയും നഖങ്ങൾ ചൂഴ്ന്നെടുത്തു. മുഖത്ത് ഉൾപ്പെടെ അടിയേറ്റ് അനങ്ങാൻപോലും അവന് സാധിച്ചിരുന്നില്ല. ഒടുവിൽ ആൾക്കൂട്ടം അവനെ റോഡരികിൽ ഉപേക്ഷിച്ചു. അയൽവാസിയായ ഒരു 16 കാരനാണ് റിക്ഷയിൽ കയറ്റി വീട്ടിലെത്തിച്ചത്.

വിശന്നപ്പോൾ ഗണപതി സ്റ്റാളിൽനിന്ന് പണം നൽകാതെ പ്രസാദത്തിനുള്ള നേന്ത്രപ്പഴം കഴിച്ചെന്ന് ആരോപിച്ചാണ് രാജ്യതലസ്ഥാനത്ത് മാനസികവെല്ലുവിളി നേരിടുന്ന 26കാരനായ മുഹമ്മദ് ഇസ്ഹാഖിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയത്. അവൻ ‘ഭയ്യാ’യെന്ന് വിളിക്കുന്ന അയൽവാസികളായിരുന്നു കൊലക്ക് ഉത്തരവാദികൾ. ഉത്തരേന്ത്യയിൽ അലയടിക്കുന്ന വെറുപ്പിന്റെ ഇരയാണ് ഈ മുഹമ്മദ് ഇസ്ഹാഖ് എന്ന ചെറുപ്പക്കാരൻ.

‘അബ്ബാ’യെന്ന് വിളിച്ച് മരണത്തിലേക്ക്

‘അബ്ബാ..., അവർ ഒരു കാരണമില്ലാതെ എന്നെ കെട്ടിയിട്ട് അടിച്ചു’വെന്ന് മാത്രം പറഞ്ഞ് അവൻ എന്റെ കൈകളിൽ കിടന്ന് മരണത്തിലേക്ക് കണ്ണടക്കുകയായിരുന്നു. സംഭവം അറിഞ്ഞ് എത്തിയപ്പോൾ അവൻ വേദനകൊണ്ട് കരയുകയായിരുന്നു. ഒരുഗ്ലാസ് വെള്ളം ചോദിച്ചു, ഞാൻ അവന് വെള്ളം കൊടുത്തു. ഒരുമിനിറ്റ് മാത്രമേ അവൻ എന്നോട് അവസാനമായി സംസാരിച്ചുള്ളൂ.

സുന്ദർനഗരിയിലെ മസ്ജിദിൽ ഇസ്ഹാഖിന്റെ ഖബറടക്കം നടത്തി തിരികെയെത്തിയ പിതാവ് അബ്ദുൽ വാജിദിന്റെ മുഖത്ത് നിസ്സഹായത മാത്രമായിരുന്നു. ‘‘രാവിലെ ആറുമുതൽ മകനെ അവർ മർദിച്ചു. മാനസിക വെല്ലുവിളി നേരിടുന്നതിനാൽ അവർ ചോദിച്ച ചോദ്യങ്ങൾക്ക് മകന് മറുപടി നൽകാൻ സാധിച്ചില്ല. അവൻ ഇന്നേവരെ ഒരിടത്തുനിന്നും ഒന്നും മോഷ്ടിച്ചിട്ടില്ല. ആർക്കും ഒരു ഉപ്ര ദ്രവവും ചെയ്തിട്ടില്ല. പിന്നെയെന്തിനാണ് ആ പാവത്തെ അവർ അടിച്ചുകൊന്നത്. ഞങ്ങൾക്ക് നീതി വേണം പ്രതികളെ തൂക്കിക്കൊല്ലണം’’ -അബ്ദുൽ വാജിദ് പറയുന്നു.

‘പിന്നിൽ വിദ്വേഷം’

വർഗീയ വിദ്വേഷം കൊണ്ടാണ് തന്റെ സഹോദരനെ കൊലപ്പെടുത്തിയതെന്ന് ഇസ്ഹാഖിന്റെ മൂത്ത സഹോദരി ഇമ്രാന പറയുന്നു. ഒരു പഴം കഴിച്ചതിന് ആരെങ്കിലും ഒരാളെ കൊല്ലുമോ? അതും മാനസിക വെല്ലുവിളി നേരിടുന്നയാളെ. വിദ്വേഷമാണ് അവനെ ഇല്ലാതാക്കിയത്. അവർ മർദിക്കുമ്പോൾ അവൻ വെള്ളം ചോദിക്കുന്നത് ഞങ്ങൾ ഒരു വിഡിയോയിൽ കണ്ടു, പക്ഷേ, ആരും അവന് ഒരുതുള്ളി വെള്ളംപോലും കൊടുത്തില്ല.

ആ ദൃശ്യങ്ങൾ ഞങ്ങളുടെ മനസ്സ് മരവിപ്പിച്ചു. ആളുകൾക്ക് എങ്ങനെയാണ് ഇത്രയും ക്രൂരത കാട്ടാൻ സാധിക്കുക. ഈ ചെറിയ വീട്ടിലാണ് ഞങ്ങൾ താമസിക്കുന്നത്. അസുഖംമൂലം 2003ൽ ഞങ്ങളുടെ ഉമ്മ മരിച്ചു. പഴങ്ങൾ വിറ്റാണ് ഉപ്പ ഞങ്ങളെ വളർത്തിയത്. മാനസിക പ്രശ്നങ്ങൾ ഉള്ളതിനാൽ ഇസ്ഹാഖിനെ ഞങ്ങൾ പ്രത്യേകമായി ശ്രദ്ധിച്ചിരുന്നു. ഇസ്ഹാഖിന്റെ ചേതനയറ്റ ശരീരം ഒരിക്കലും ഞങ്ങളുടെ മനസ്സിൽനിന്ന് മായില്ല. അവർ സഹോദരനോട് ചെയ്തത് ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് മറ്റൊരു സഹോദരി സമീറ പറയുന്നു.

 

ആരെങ്കിലും ഒരാൾ അവനെ രക്ഷപ്പെടുത്താൻ ശ്രമിച്ചിരുന്നെങ്കിൽ അവൻ ഇന്നും ഞങ്ങൾക്കൊപ്പമുണ്ടാകുമായിരുന്നു. അവനെ കെട്ടിയിട്ട് അടിച്ച പോസ്റ്റ് കാണുമ്പോൾ അറിയാതെ കണ്ണുനിറയും. ദരിദ്രരായതുകൊണ്ടാണ് ഞങ്ങൾക്ക​ുവേണ്ടി ശബ്ദമുയർത്താൻ ആരുമില്ലാത്തതെന്നും സമീറ കൂട്ടിച്ചേർത്തു.

‘ഒരുമ തകർക്കാൻ ശ്രമം’

ഈദിലും ദീപാവലിയിലും ഞങ്ങൾ ഭക്ഷണം പങ്കിടുന്നു. ഇടുങ്ങിയ ഈ ഗലിയിൽ സ്നേഹത്തോടെയാണ് കഴിഞ്ഞിരുന്നത്. അതിനെ തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി സംശയമുണ്ടെന്നും അയൽവാസി ദേവി പറയുന്നു. ദേവിയുടെ അഭിപ്രായത്തോട് അടുത്ത കടയുടമ മുഹമ്മദ് മതീനും യോജിക്കുന്നു. അതൊരു മതപരമായ ചടങ്ങായിരുന്നു.

ഇസ്ഹാഖ് അവിടെനിന്ന് ഒരു പഴം എടുത്ത് കഴിച്ചത് ഇത്രവലിയ കുറ്റമാണോ? പ്രസാദം എല്ലാവർക്കും വേണ്ടിയുള്ളതല്ലേ?. മോഷ്ടിച്ചിരുന്നെങ്കിൽ അവനെ പൊലീസിൽ ഏൽപിക്കാമായിരുന്നു... അവർക്ക് വേണ്ടത് പണമല്ല, നീതിയാണ്. ഒരു രാഷ്ട്രീയ പാർട്ടിയും അവരെ സന്ദർശിക്കുകയോ എന്തെങ്കിലും സഹായം വാഗ്ദാനം ചെയ്യുകയോ ചെയ്തിട്ടില്ലെന്നും മതീൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - Muhammad Ishaq- death- new delhi - india - crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.