കോവിഡ് കാലം പലരുടെയും ഉറങ്ങിക്കിടന്ന കഴിവുകളെ പുറത്തെത്തിച്ചിട്ടുണ്ട്. പാട്ടുപാടിയും അഭിനയിച്ചും സാമൂഹിക മാധ്യമങ്ങളിൽ താരങ്ങളായവർ, വരച്ചും പെയിന്‍റ് ചെയ്തും ശ്രദ്ധേയരായവർ...അങ്ങനെ പലനിലക്കും പലരും കൈയടി നേടി. ദുബൈയിൽ പ്രവാസിയായ കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ മുഹമ്മദ് കൂത്താളി തന്‍റെ സർഗ വൈഭവം വീണ്ടും പൊടിതട്ടിയെടുത്തതും കൊറോണക്കാലത്താണ്. കുട്ടിക്കാലം മുതൽ വരക്കുന്നയാളായിരുന്നു അദ്ദേഹം. കോളേജ് തലത്തിൽ ചിത്രരചനയിൽ സമ്മാനങ്ങൾ നേടിയിട്ടുമുണ്ട്. എന്നാൽ അന്നൊന്നും സ്വന്തം പ്രതിഭയെ വളർത്താനും പ്രോൽസാഹിപ്പിക്കാനും കൂടുതൽ വഴികളുണ്ടായില്ല.
ആഗ്രഹം ഉണ്ടായിരുന്നെങ്കിലും പല പ്രതികൂല സാഹചര്യങ്ങളും കാരണം പ്രൊഫഷണൽ ആയി ചിത്രകല അഭ്യസിക്കാൻ കഴിഞ്ഞില്ല. ജീവിതാന്വേഷണങ്ങൾ പ്രവാസത്തിലേക്ക് പറിച്ചുനട്ടതോടെ കുട്ടിക്കാലത്തെ മോഹങ്ങൾ തീർത്തും മറന്നു. ആദ്യം ബഹ്റൈനിലായിരുന്നു പ്രവാസിയായി എത്തിയത്. പിന്നീട് 1997ൽ ദുബൈയിൽ പ്രവാസം ആരംഭിച്ചു. എട്ടു വർഷക്കാലം ഒരു ടൈപ്പിങ് സെന്‍ററിലാണ് പ്രവർത്തിച്ചത്. പിന്നീട് ദുബൈയിൽ ഇന്റർനെറ്റ് സിറ്റിയിൽ ടീകോം എന്ന സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചു. കഴിഞ്ഞ 18വർഷമായി അവിടെത്തന്നെയാണ് തൊഴിലെടുക്കുന്നത്.
മുപ്പതു വർഷത്തോളം നീണ്ട പ്രവാസത്തിനിടയിലാണ് ചെറുപ്പത്തിലെ കഴിവിനെ പൊടിതട്ടിയെടുക്കാൻ കോവിഡ് നിമിത്തം പോലെ വന്നുചേർന്നത്. ചിത്രരചന തുടങ്ങുക മാത്രമല്ല, കോവിഡിന്‍റെ രൂക്ഷ കാലത്ത് 2020 ഒക്ടോബർ മുതൽ ദുബൈ ഖിസൈസിൽ പ്രവർത്തിക്കുന്ന ആർട് കലാ ഫൈൻ ആർട്സ് എന്ന സ്ഥാപനത്തിൽ ചിത്രകല അഭ്യസിക്കാൻ തുടങ്ങി. അക്രിലിക് പെയിന്റിങ്, ഓയിൽ പെയിന്റിങ് എന്നിവയിൽ രണ്ട് വർഷം പഠനം പൂർത്തിയാക്കി ദുബൈയിലെ സ്വകാര്യ വിദ്യഭ്യാസ വകുപ്പായ കെ.എച്ച്.ഡി.എ അംഗീകാരമുള്ള സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കി. നിരവധി ചിത്രങ്ങൾ ഇപ്പോൾ തന്നെ വരക്കുകയും അഭിനന്ദനങ്ങൾ കരസ്ഥമാക്കാനും മുഹമ്മദിന് സാധിച്ചു. മോഹൻ പൊൻചിത്ര എന്ന കലാകാരന്‍റെ കീഴിലാണ് ചിത്രരചന അഭ്യസിച്ചത്.
ജോലിക്കിടയിൽ കിട്ടുന്ന ഒഴിവു ദിവസങ്ങളാണ് വരക്കാനും പഠനത്തിനും ഉപയോഗിക്കുന്നത്. സമീപകാലത്ത് വരച്ച ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ ചിത്രവും അറബ് സംസ്കാരം സൂചിപ്പിക്കുന്ന ഓറിയന്റൽ പിക്ചററും ഇമാറാത്തികളടക്കം കണ്ടവരെല്ലാം വലിയ വിസ്മയമാണ് പ്രകടിപ്പിച്ചത്. കഴിഞ്ഞ വർഷം ദുബൈ അമിറ്റി സ്കൂളിൽ നടന്ന ലോകത്തെ 100കലാകാരൻമാരുടെ 700ചിത്രങ്ങളുടെ പ്രദർശനത്തിൽ 7ചിത്രങ്ങൾ മുഹമ്മദിന്‍റേതായിരുന്നു.
കൂടുതൽ മികവുറ്റ ചിത്രങ്ങൾ, പ്രത്യേകിച്ച് അബ്ട്രക്റ്റ്, മോഡേൺ ആർട്ടിൽ, വരക്കണമെന്ന സ്വപ്നമാണിപ്പോഴുള്ളത്. അറബ് ലോകം വിഷയമാകുന്ന ഓറിയന്‍റൽ ചിക്ചറുകളുടെ ഒരു പ്രദർശനം ഒരുക്കണമെന്ന ആഗ്രവുമുണ്ട്. പ്രവാസലോകത്ത് ഇത്തരം ചിത്രങ്ങൾക്ക് ധാരാളം കാഴ്ചക്കാരുണ്ടാകുമെന്ന പ്രതീക്ഷയാണുള്ളത്. പ്രായം അമ്പത് പിന്നിട്ടെങ്കിലും ചിത്രരചനയിൽ ഒരു യുവാവിന്‍റെ മെയ്വഴക്കത്തോടെയാണ് ഇടപെടലുകൾ തുടരുന്നത്. ഭാര്യയും മൂന്ന് മക്കളുമടങ്ങളുന്നതാണ് കുടുംബം. മക്കളിൽ രണ്ടുപേർക്ക് മുഹമ്മദിന്‍റെ ചിത്രരചനാവൈഭവം പകർന്നുകിട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.