ദുബൈ: കോഴിക്കോട് പുതിയങ്ങാടി സ്വദേശി നജ്മുദ്ദീൻ എലിസബത്ത് രാജ്ഞിയെ ഒരിക്കൽ പോലും കണ്ടിട്ടില്ല. എന്നാൽ, രാജ്ഞി പുറത്തിറക്കിയ 50ഓളം നാണയങ്ങളും അവരുടെ വാർത്ത കട്ടിങ്ങുകളും പൊന്നുപോലെ സൂക്ഷിച്ചിരിക്കുകയാണ് നജ്മു. 1979ൽ യു.എ.ഇ യൂനിവേഴ്സിറ്റി ഉദ്ഘാടനം ചെയ്യാൻ അവർ ദുബൈയിൽ എത്തിയപ്പോഴുള്ള ഇംഗ്ലീഷ് പത്രത്തിന്റെ കട്ടിങ് മുതൽ നജ്മുവിന്റെ ശേഖരത്തിൽ കാണാം. 1979ലും 2010ലുമാണ് രാജ്ഞി യു.എ.ഇ സന്ദർശിച്ചത്.
1973 മുതൽ 2007 വരെയുള്ള കറൻസികളാണ് നജ്മു ശേഖരിച്ചിരിക്കുന്നത്. 37 രാജ്യങ്ങളിലായി പുറത്തിറങ്ങിയ 50ഓളം കറൻസികളും നാണയങ്ങളുമാണ് അദ്ദേഹത്തിന്റെ പക്കലുള്ളത്. ഇതിൽ പലതിലും രാജ്ഞിയുടെ ചിത്രങ്ങളുണ്ട്. ആകെ പുറത്തിറങ്ങിയവയിൽ 80 ശതമാനവും താൻ കൈക്കലാക്കിയിട്ടുണ്ടെന്ന് നജ്മു പറയുന്നു.
ഇത് മാത്രമല്ല, 70ഓളം രാജ്യങ്ങളുടെ നാണയങ്ങളും കറൻസിയും സ്റ്റാമ്പുമെല്ലാം നജ്മുദ്ദീന്റെ കൈയിലുണ്ട്. ഒരു ഫിൽസ് മുതൽ യു.എ.ഇയിൽ വിവിധ നാളുകളിൽ പുറത്തിറങ്ങിയ നാണയവും കറൻസിയും ശേഖരണത്തിലുണ്ട്. 50ഓളം സ്ഥാപനങ്ങളുടെ പേരിൽ യു.എ.ഇ പുറത്തിറക്കിയ നാണയവും എം.എഫ്. ഹുസൈൻ കൈമാറിയ ചിത്രവും ഓട്ടോഗ്രാഫും കാത്തുസൂക്ഷിക്കുന്നുണ്ട് നജ്മു. യു.എ.ഇയും ഖത്തറും ഒരുമിച്ചിറക്കിയ നാണയങ്ങളുമുണ്ട്. യു.എ.ഇയുടെ 49ാം വാർഷികത്തോടനുബന്ധിച്ച് പ്രദർശനമൊരുക്കിയിരുന്നു.
വാർത്തകൾ വെട്ടിയെടുത്ത് സൂക്ഷിക്കലാണ് അദ്ദേഹത്തിന്റെ മറ്റൊരു ഹോബി. യു.എ.ഇയുടെ വളർച്ചയെ കുറിച്ച് അറിയണമെങ്കിൽ നജ്മുവിന്റെ വാർത്ത കട്ടിങ്ങിലൂടെ കണ്ണോടിച്ചാൽ മതി. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ 50 വർഷത്തെ ഭരണപാടവത്തിന്റെ കട്ടിങ്ങുകൾ ഇവിടെയുണ്ട്. രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ വിയോഗവാർത്തയും സൂക്ഷിച്ചു വെച്ചിട്ടുണ്ട്.
2005ലാണ് നജ്മു യു.എ.ഇയിലെത്തിയത്. ഇതിന് ശേഷമാണ് ശേഖരണം സജീവമാക്കിയത്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന നജ്മു ഇടവേളയിൽ കിട്ടുന്ന സമയമാണ് ഇതിന് ഉപയോഗിക്കുന്നത്. സുഹൃത്തുക്കളാണ് പലപ്പോഴും നാണയങ്ങളെ കുറിച്ച് വിവരം നൽകുന്നത്. ചിലത് പണം നൽകി വാങ്ങും, മറ്റ് ചിലത് വെറുതെ കിട്ടും. കേരളത്തിലെ പകുതി ജില്ലകളുടെ കൂട്ടായ്മകളിലും അംഗമാണ്. അതുവഴിയും ഇത്തരം ശേഖരങ്ങൾ കിട്ടാറുണ്ട്. പഴയ കാലത്തെ അറിവുകൾ പുതുതലമുറക്ക് പറഞ്ഞുകൊടുക്കുക എന്നതാണ് നജ്മുവിന്റെ പ്രധാന ലക്ഷ്യം. ജീവകാരുണ്യ രംഗത്തും സജീവമാണ്. ഭാര്യയും നാല് മക്കളുമടങ്ങുന്നതാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.