ദുബൈ: 51ാം ദേശീയദിനം ആഘോഷിക്കുന്ന പ്രിയപ്പെട്ട പോറ്റമ്മ നാടിന്റെ സുപ്രധാന ലാൻഡ്മാർക്കുകൾ ഓടികണ്ട് പ്രവാസി മലയാളിയുടെ ആദരം. 141 കി. മീറ്റർ ദൂരം 18 മണിക്കൂറെടുത്ത് ഓടിയാണ് സതീഷ് ഗോപിനാഥ് എന്ന, 13 വർഷമായി യു.എ.ഇയിൽ പ്രവാസിയായ ഇടുക്കി തൊടുപുഴ സ്വദേശി വ്യത്യസ്തമായ രീതിയിൽ ആദരമർപ്പിച്ചത്.
റാസൽ ഖോറിൽ നിന്നാണ് സതീഷ് ഓട്ടം തുടങ്ങിയത്. ദുബൈ ക്രീക്ക് ഹാർബർ മുതൽ മുഹമ്മദ് ബിൻ റാശിദ് സിറ്റി വരെയുള്ള സുപ്രധാന സ്ഥലങ്ങളാണ് കായിക പ്രേമിയായ ഇദ്ദേഹം ഓടിതീർത്തത്. ഫെസ്റ്റിവൽ സിറ്റി, ബിസിനസ് ബേ ബ്രിഡ്ജ് വഴി കടന്നുപോയ ഒറ്റയാൾ യാത്ര, ദേര ക്ലോക്ക് ടവറും ഇൻഫിനിറ്റി ബ്രിഡ്ജും ദുബൈ മാളും ബുർജ് ഖലീഫയും പാം ജുമൈറയും പിന്നിട്ടാണ് അവസാനിപ്പിച്ചത്. 51ാമത് ദേശീയദിനം ആഘോഷിക്കുന്ന സാഹചര്യത്തിലാണ് യു.എ.ഇയോട് സ്നേഹം പ്രകടിപ്പിക്കുന്നതിന് 51 സ്ഥലങ്ങൾ കടന്നുപോകുന്ന യാത്ര തീരുമാനിച്ചത്. ദുബൈയിൽ നടക്കുന്ന പ്രധാന ഫിറ്റ്നസ് ഈവന്റുകളിലെല്ലാം സജീവ സാന്നിധ്യമാണ് സതീഷ്.
ദുബൈ ഫിറ്റ്നസ് ചലഞ്ചിൽ പങ്കെടുക്കുകയും നീന്തൽ, സൈക്ലിങ്, റണ്ണിങ് എന്നിവ ഉൾപ്പെടുന്ന അയേൺമാൻ 140.6, അയേൺമാൻ 70.3, ഡുവാത്ലൺ എന്നിവ പലതവണ പൂർത്തീകരിച്ചിട്ടുമുണ്ട്. ദുബൈ ഹോൾഡിങ് അസറ്റ് മാനേജ്മെന്റിലെ സെക്യൂരിറ്റി ടെക്നിക്കൽ വിഭാഗത്തിൽ സീനിയർ എക്സിക്യൂട്ടിവാണ് ഇദ്ദേഹം. കേരള റൈഡേഴ്സ് യു.എ.ഇ ക്ലബിന്റെ ഭാഗമായ ഇദ്ദേഹം കോച്ച് മോഹൻദാസിന് കീഴിലാണ് പരിശീലിക്കുന്നത്. ഭാര്യ അശ്വതിക്കും മക്കളായ നിള, നിരഞ്ജൻ എന്നിവർക്കും ഒപ്പമാണ് ദുബൈയിൽ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.