ബാലരാമപുരം: 13000 മീറ്റർ കൈത്തറി നൂലിൽ 130 ഗ്രാമുള്ള ദേശീയപതാക നെയ്തെടുത്ത് സ്വപ്നം യാഥാർഥ്യമാക്കുകയാണ് ഗാന്ധിയൻ ബി. അയ്യപ്പൻ. ഒറ്റത്തുണിയിൽ ദേശീയ പതാക നെയ്തെടുക്കാമെന്ന പതിറ്റാണ്ടുകളായുള്ള ആഗ്രഹം സഫലമായതിന്‍റെ ആഹ്ലാദത്തിലാണ് 72 വയസ്സുകാരനായ ബാലരാമപുരം രാമപുരം ഇടവഴിത്തല രവീണ ഭവനിൽ അയ്യപ്പൻ.
സുരേഷ്ഗോപി വഴി അയ്യപ്പൻ നെയ്തെടുത്ത ദേശീയപതാക കഴിഞ്ഞ ഡിസംബറിൽ പ്രധാനമന്ത്രിക്ക് നൽകിയിരുന്നു. ആറുവർഷത്തെ നിരന്തര പ്രയത്നത്തിലൂടെയാണ് ദേശീയ പാതാക നിർമാണത്തിനുള്ള നെയ്ത്ത് തറി രൂപപ്പെടുത്തിയെടുത്തത്. ആറുദിവസം കൊണ്ടാണ് മുപ്പത് ഇഞ്ച് വീതിയിൽ 45 ഇഞ്ച് നീളത്തിലും പതാക നിർമിച്ചത്.
ഒരാഴ്ച മുമ്പ് ഇതിന്‍റെ നിർമാണം പൂർത്തിയാക്കി. പതാകയുടെ നിർമാണ ചെലവ് എഴായിരം രൂപയോളം വേണ്ടിവരുന്നെന്നാണ് അയ്യപ്പൻ പറയുന്നത്. ഒമ്പതാം വയസ്സിൽ തുടങ്ങിയതാണ് ഗാന്ധിയനായ അയ്യപ്പന്‍റെ കൈത്തറി വസ്ത്ര നെയ്ത്ത്. അശോകചക്രം നൂലിൽ ആലേഖനം ചെയ്തിരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. സർക്കാർ അംഗീകാരം നൽകുകയാണെങ്കിൽ വ്യവസായിക അടിസ്ഥാനത്തിൽ നിർമിക്കുമെന്ന് അയ്യപ്പൻ പറയുന്നു.
തടിയിലും മുളയിൽ നിർമിച്ച അച്ച്, അതിനനുയോജ്യമായ രീതിയിൽ നിർമ്മിച്ച് മുളയിൽ തന്നെ നെയ്യുന്നതിനുള്ള ഓടങ്ങൾ തുടങ്ങിയവയാണ് ഉപയോഗിക്കുന്നത്. മുളയിൽ നിർമിച്ചെടുത്തിരിക്കുന്ന ഓടങ്ങളിൽ ഓരോ നിറത്തിന്‍റെയും നൂൽ പാവിലൂടെ കൈ കൊണ്ട് കോർത്തെടുക്കുകയാണ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.