ആലുവ: സേവന പ്രവർത്തനങ്ങളിൽ മാതൃകയായി നൗഷാദ് അസോസിയേഷൻ. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നിരവധി സേവന പ്രവർത്തനങ്ങളാണ് നടത്തുന്നത്. സംസ്ഥാനതലത്തിൽ 2018ൽ പാലക്കാട്ടാണ് സംഘടന തുടക്കംകുറിച്ചത്. സൗദി, യു.എ.ഇ, ബഹ്റൈൻ, ഒമാൻ, ഖത്തർ, കുവൈറ്റ് എന്നിവിടങ്ങളിലടക്കം പ്രവർത്തനം സജീവമാണ്.
ജില്ലയിൽ മുന്നൂറോളം അംഗങ്ങളാണുള്ളത്. രക്തദാനം, വിദ്യാഭ്യാസ പുരസ്കാര വിതരണം, അംഗങ്ങളിലെ നിർധനർക്ക് വിദ്യാഭ്യാസ ധനസഹായം, ചികിത്സ സഹായം, വിവാഹ ധനസഹായം, ഭക്ഷ്യക്കിറ്റ് വിതരണം, ചാരിറ്റി സ്ഥാപനങ്ങൾക്കുള്ള സഹായം, ബോധവത്കരണ ക്ലാസുകൾ തുടങ്ങിയവയാണ് പ്രധാന പ്രവത്തനങ്ങൾ. രക്തദാനത്തിന് തയാറുള്ള 300 അംഗങ്ങളെ ഉൾപ്പെടുത്തി ബ്ലഡ് ഡോണേഴ്സ് എറണാകുളം എന്ന ടീമിനെ സജ്ജമാക്കിയിട്ടുണ്ട്.
2020-2022ൽ എട്ടുപേർക്ക് വിവാഹ ധനസഹായം നൽകി. 3,03,736 രൂപയാണ് ഇതിനായി ചെലവഴിച്ചത്. ഒമ്പതുപേർക്കായി 4,45,116 രൂപയുടെ ചികിത്സ സഹായം നൽകി. 29,862 രൂപയുടെ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. വിദ്യാഭ്യാസ സഹായമായി 13,118 രൂപയാണ് നൽകിയത്. 77,150 രൂപയുടെ മറ്റ് സഹായങ്ങളും ഈ കാലയളവിൽ വിവിധയാളുകൾക്ക് നൽകാനായി. നെല്ലിക്കുഴി പീസ് വാലിയിലേക്കും സഹായം നൽകി.
അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ 2020, 2021, 2022 വർഷങ്ങളിൽ ഉപഹാരം നൽകി ആദരിച്ചു. ക്വിസ് മത്സങ്ങൾ, രക്തദാന ബോധവത്കരണ ക്ലാസുകൾ, മോട്ടിവേഷൻ ക്ലാസുകൾ തുടങ്ങിയവ വാട്സ്ആപ് ഗ്രൂപ് വഴി നടത്തിവരുന്നു.
2020ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികളായ നൗഷാദുമാരെ ആദരിച്ചിരുന്നു. 2021, 2022 വർഷങ്ങളിൽ അസോസിയേഷൻ കലണ്ടർ തയാറാക്കി വിതരണം ചെയ്തു. 2021 ഒക്ടോബറിൽ എടത്തല കുഞ്ചാട്ടുകരയിലും 2022 സെപ്റ്റംബർ 25ന് പെരുമ്പാവൂരിലും അംഗങ്ങളുടെ സംഗമം സംഘടിപ്പിച്ചിരുന്നു.
നൗഷാദ് ചെമ്പറക്കിയാണ് പ്രസിഡന്റ്. നൗഷാദ് നെല്ലിക്കുഴി ജനറൽ സെക്രട്ടറിയും നൗഷാദ് മാളികംപീടിക ട്രഷററുമാണ്. നൗഷാദ് പാനായിക്കുളം കൺവീനറായുള്ള പ്രത്യേക സേവന പ്രവർത്തന സംഘവുമുണ്ട്. ഫോൺ: 9605098596.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.