മാളികപ്പുറം മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട ജനാര്‍ദ്ദനന്‍ നമ്പൂതിരിയോടൊപ്പം ഭാര്യ രജനി അന്തര്‍ജനവും, മക്കളായ ശബരിനാഥ്, ഗൗരി എന്നിവരും.

സൗഭാഗ്യ നിമിഷത്തിലും പിതാവി​െൻറ വേര്‍പ്പാടില്‍ മനംനൊന്ത്​ പുതിയ മാളികപ്പുറം മേല്‍ശാന്തി

ജീവിതത്തില്‍ അപൂര്‍വ്വമായി ലഭിക്കുന്ന ഉന്നത സൗഭാഗ്യമാണ് കൈവന്നതെങ്കിലും സന്തോഷത്തില്‍ പങ്കുചേരാന്‍ കഴിയാത്ത അവസ്ഥയിലാണ്​ മാളികപ്പുറം മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട എം.എന്‍.രജികുമാറെന്ന ജനാര്‍ദ്ദനന്‍ നമ്പൂതിരി. പിതാവി​െൻറ വിയോഗം സൃഷ്​ടിച്ച വേദനയിലാണ്​ ഇദ്ദേഹവും കുടുംബവും.

പിതാവ് നീലകണ്ഠന്‍ നമ്പൂതിരി ഒരാഴ്ച മുമ്പാണ് മരണപ്പെട്ടത്. കുടുംബത്തിന് ലഭിച്ച ഈശ്വരാനുഗ്രഹം ആസ്വദിക്കാന്‍ പിതാവില്ലാത്ത ദു:ഖമായിരുന്നു തന്നെ കാണാനെത്തെിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ജനാര്‍ദ്ദനന്‍ നമ്പൂതിരി പങ്കുവെച്ചത്. പിതാവിനും സഹോദരങ്ങള്‍ക്കുമൊപ്പമാണ് ശാന്തി മന്ത്രങ്ങള്‍ പരിശീലിച്ചത്. പിതാവിന്‍െറയും ഗുരുക്കന്മാരുടെയും ദേവിമാരുടെയും പരദേവതകളുടെയും അളവറ്റ അനുഗ്രഹമാണ് മാളികപ്പുറം മേല്‍ശാന്തിയായി പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായതെന്ന് ജനാര്‍ദ്ദനന്‍ നമ്പൂതിരി പറഞ്ഞു. 

അങ്കമാലി വേങ്ങൂര്‍ മൈലക്കൊട്ടത്തുമന പരേതനായ നീലകണ്ഠന്‍ നമ്പൂതിരിയുടെയും പാലാ രാമപുരം മണപ്പിള്ളിമന ഗിരിജ അന്തര്‍ജനത്തിന്‍െറയും മൂന്ന് ആണ്‍മക്കളില്‍ ഇളയവനാണ് ജനാര്‍ദ്ദനന്‍ നമ്പൂതിരി. ഒരു വര്‍ഷം മുമ്പായിരുന്നു മാളികപ്പുറം മേല്‍ശാന്തിയായി പരിഗണിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചിരുന്നത്. തുലാംമാസപ്പിറവി ദിനമായ ശനിയാഴ്ച രാവിലെ നറുക്കെടുപ്പിലൂടെ മേല്‍ശാന്തിയായി തെരഞ്ഞെടുക്കുമെന്നതിനാല്‍ രാവിലെ മുതല്‍ പ്രാര്‍ഥന നിര്‍ഭരമായ മനസോടെ കുടുംബത്തോടൊപ്പം ടെലിവിഷനില്‍ കണ്ണും നട്ടിരിക്കുകയായിരുന്നു ഇദ്ദേഹം.

മാളികപ്പുറത്ത് നടന്ന അഞ്ചാമത് നറുക്കെടുപ്പിലാണ് ജനാര്‍ദ്ദനന്‍ നമ്പൂതിരിയുടെ പേര് വീണത്. തൊട്ടു പിറകെ മാളികപ്പുറം ക്ഷേത്രാധികാരികളും മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട വിവരം അറിയിക്കുകയായിരുന്നു. അതോടെ ഭഗവതിമാരുടെയും പരദേവതകളുടെയും അനുഗ്രഹ കൃപാകടാക്ഷത്തിന് നന്ദി പ്രകാശിപ്പിച്ച് കൊണ്ടുള്ള അതിരറ്റ സന്തോഷത്തിലായിരുന്നു ജനാര്‍ദ്ദനന്‍ നമ്പൂതിരിയും കുടുംബവും. ഒപ്പം നാനാതുറകളില്‍ നിന്ന് അഭിനന്ദന പ്രവാഹവുമത്തെി. കോവിഡ് 19നെത്തെുടര്‍ന്ന് നേരി​ട്ടെത്താൻ സാധിക്കാത്ത ഉറ്റവരും ഉടയവരുമടക്കം പലരും ടെലിഫോണിലൂടെയാണ് അഭിനന്ദനം അറിയിച്ചത്.

പരദേവത ക്ഷേത്രമായ വേങ്ങൂര്‍ ഭഗവതിക്ഷേത്രത്തിലായിരുന്നു തുടക്കം. അതിന് ശേഷം സഹോദരന്‍ സുനില്‍ നമ്പൂതിരിക്കൊപ്പം ശ്രീലങ്കയില്‍ അയ്യപ്പ ക്ഷേത്രത്തിലും ശാന്തിയായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ഗുരുവായൂര്‍ പാര്‍ഥസാരതി ക്ഷേത്രം, കോയമ്പത്തൂര്‍ ശ്രീകൃഷ്ണക്ഷേത്രം, തിരുനാവായ വൈരങ്കോട് ഭഗവതിക്ഷേത്രം, മാണിക്കമംഗലം പട്ടേശ്വരം ഭഗവതിക്ഷേത്രം, ചിറങ്ങര മഹാവിഷ്ണുക്ഷേത്രം, കാലടി പുത്തന്‍കാവ് ഭഗവതിക്ഷേത്രം അടക്കമുള്ള കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളില്‍ മേല്‍ശാന്തിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ മാണിക്കമംഗലം പട്ടേശ്വരം ഭഗവതിക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. തന്ത്രിമാരുടെയും മറ്റും അഭിപ്രായം തേടിയ ശേഷമായിരിക്കും മാളികപ്പുറം മേല്‍ശാന്തിയായി ചുമതലയേല്‍ക്കുകയെന്നും ജനാര്‍ദ്ദനന്‍ നമ്പൂതിരി പറഞ്ഞു.

ഭാര്യ: പെരുമ്പാവൂര്‍ പട്ടിമറ്റം പനയാട്ടമ്പിള്ളിമന കുടുംബാംഗം രജനി അന്തര്‍ജനം. മക്കള്‍: ശബരിനാഥ്, ഗൗരി. ( വിദ്യാര്‍ഥികള്‍ ). സഹോദരങ്ങള്‍: അനില്‍ നമ്പൂതിരി,സുനില്‍ നമ്പൂതിരി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.