മനാമ: വ്യത്യസ്ത കലാപരിപാടികളും പൂക്കളവും സദ്യവട്ടങ്ങളുമായി പ്രവാസികളുടെ ഓണം വാരാന്ത്യ അവധി ദിനങ്ങളിലും തുടരുകയാണ്. മണലാരണ്യത്തിലാണെങ്കിലും ഓണം ആഘോഷിക്കുമ്പോൾ പ്രവാസിക്ക് പൂക്കളം നിർബന്ധമാണ്. പൂക്കളം ഒരുക്കുക ചെലവുള്ള കാര്യമാണിവിടെ.
പൂക്കളമിട്ടാലും ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാൽ അത് വാടിക്കഴിയുമ്പോൾ ചെറിയൊരു വിഷമം ഉണ്ടാകാറുണ്ട്. ഇവിടെയാണ് എംബ്രോയ്ഡറി വർക്കിലൂടെ 'മൂവ് കളം' എന്ന പൂക്കളമൊരുക്കി ബ്ലസി രാജേഷ് വ്യത്യസ്തയാകുന്നത്. ഒറ്റനോട്ടത്തിൽ കണ്ടാൽ ഒറിജിനൽ പൂക്കളമെന്നു തോന്നിപ്പിക്കുന്ന തരത്തിൽ മനോഹരമായ പൂക്കളമാണ് അവർ കൃത്രിമമായി ഉണ്ടാക്കിയെടുത്തത്. മടക്കിവെക്കാനും കഴുകി ഉണക്കി അടുത്ത ഓണക്കാലത്തേക്ക് എടുത്തുവെക്കാനും പറ്റും.
പച്ച ഇലയിൽ എംബ്രോയ്ഡറി ചെയ്ത ഓണസദ്യയാണ് മറ്റൊരു കൗതുകം. വീട്ടിനുള്ളിലെ അലങ്കാരച്ചെടിയുടെ ഇലയിൽ നെയ്ത സദ്യ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സിലും ഇടംനേടിയിരുന്നു. അവിയലും തോരനും പച്ചടിയും ഉപ്പേരിയും പഴവും പപ്പടവും ചോറും സാമ്പാറും ഒക്കെ എംബ്രോയ്ഡറി നൂൽകൊണ്ട് തുന്നിയെടുത്തതാണ്.
കോവിഡ് കാലത്താണ് 'ഇഴകൾ' എന്ന ആശയം മനസ്സിലേക്ക് കടന്നുവന്നത്. കളർ പെയിന്റിങ്ങുകൾ ചെയ്തുകൊണ്ടിരിക്കെ വ്യത്യസ്തമായ രീതിയിൽ എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് ഇങ്ങനെയൊരു ആശയത്തിലേക്കെത്തിച്ചത്.
ഇപ്പോൾ ആവശ്യക്കാർക്ക്, അവരുടെ ചിത്രങ്ങൾ എംബ്രോയ്ഡറി വർക്കിലൂടെ ചെയ്തുകൊടുക്കുന്നുണ്ട്. ജോലിസമയം കഴിഞ്ഞ് കിട്ടുന്ന ഇടവേളകളിൽ മറ്റൊരു വരുമാനമാർഗമായാണ് ബ്ലസി ഇതിനെ കാണുന്നത്.
ഓണപ്പൂക്കളവും സദ്യയും കണ്ട് കാനഡയിൽനിന്നുവരെ ഓർഡർ ലഭിച്ചതായി അവർ പറയുന്നു. ബഹ്റൈനിൽ തന്നെയാണ് ബ്ലസി ജനിച്ചതും വളർന്നതുമെല്ലാം. തൃശൂർ സ്വദേശികളായ അച്ഛനും അമ്മയും ഇവിടെയുണ്ട്. ഭർത്താവ് രാജേഷും ഒരു മകളുമടങ്ങുന്നതാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.