കൊണ്ടോട്ടി: പാട്ടിനൊപ്പം ഹാര്‍മോണിയത്തിന്റെ മധുരസ്വരം ഹൃദയത്തോട, ചേര്‍ത്തുവെച്ച അനുഗ്രഹീത കലാകാരനെയാണ് എൻ.വി. തുറക്കലിന്റെ നിര്യാണത്തോടെ കൊണ്ടോട്ടിക്ക് നഷ്ടമായത്. അരനൂറ്റാണ്ടായി സംഗീതവഴിയില്‍ തുടരുന്ന നാരനാട്ട് വേലായുധന് എന്ന എന്‍.വി. തുറക്കല്‍ ഗായകന്, സംഗീത സംവിധായകന് എന്നീ നിലകളേക്കാളേറെ ഇഷ്ടപ്പെട്ടതും ആസ്വദിച്ചതും ഹാര്‍മോണിസ്റ്റ് എന്ന സ്ഥാനമായിരുന്നു.
1990 ല്‍ കോഴിക്കോട് ആകാശവാണി നിലയത്തിൽ ’ബി’ ഗ്രേഡ് ആര്ട്ടിസ്റ്റായെത്തുന്നതിന് മുമ്പ് തന്നെ എ.വി. മുഹമ്മദ്, പള്ളിക്കല്‍ മൊയ്തീന് തുടങ്ങിയ പ്രമുഖ ഗായകരുടെ ഗാനമേള സംഘത്തില്‍ സ്ഥിരം ഹാര്‍മോണിസ്റ്റായിരുന്നു എന്‍.വി. ഹിന്ദുസ്ഥാനി ശൈലിയിലുള്ള ഹാര്‍മോണിയം വാദനത്തില്‍ അസാമാന്യ പാടവമുള്ള പ്രതിഭ കൂടിയായിരുന്നു അദ്ദേഹം.
സംഗീതവഴിയില്‍ പേരെടുത്ത് തുടങ്ങിയപ്പോള്‍ നരനാട്ട് വേലായുധന് എന്‍.വിയെന്ന ചുരുക്കപേരിലേക്ക് മാറിയപ്പോള്‍ സ്വന്തം നാടായ തുറക്കലിനേയും അദ്ദേഹം ഒപ്പം കൂട്ടി. 1990 കളില്‍ സംസ്ഥാനത്തിനകത്തും പുറത്തും ലക്ഷദ്വീപിലുമൊക്കെ സംഗീത സംഘങ്ങള്‍ക്കൊപ്പം സജീവമായി. ഹാര്‍മോണിയത്തില്‍ വലിയൊരു ശിഷ്യസമ്പത്തിനുടമ കൂടിയാണ് അദ്ദേഹം. അകാലത്തില്‍ പൊലിഞ്ഞ സംവിധായകരായ ടി.എ. റസാഖും സഹോദരന് ടി.എ. ഷാഹിദുമെല്ലാം എന്‍.വിയുടെ ശിഷ്യഗണത്തിലുള്ളവരാണ്.
കൊണ്ടോട്ടിയിലും തുറക്കലിലുമൊക്കെ സജീവമായിരുന്ന നാടക സംഘങ്ങള്‍ക്ക് വേണ്ടി പശ്ചാത്തല സംഗാതമൊരുക്കിയാണ് സംഗീത സംവിധാനരംഗത്തേക്കെത്തുന്നത്. നിരവധി ആല്‍ബം പാട്ടുകള്‍ക്കും എന്‍.വി സംഗീതം പകര്‍ന്നു. 2011ൽ കുട്ടികളുടെ ഫിലിം ഫെസ്റ്റിവലില്‍ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരവും അദ്ദേഹം നേടി. ഫെബ്രുവരി 23ന് മഹാകവി മോയിന്‍കുട്ടി വൈദ്യര് മാപ്പിള കലാ അക്കാദമി എന്‍.വി തുറക്കലിനെ ആദരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.