കൊട്ടിയം: പാച്ചൻ പിച്ച െവച്ചതേ ‘വരയിലും കുറിയിലുമാണ്’. ഒടുവിൽ തലവര മാറ്റിയതും ചിരി നിറഞ്ഞ വരകളാണ്. നാൽപതാണ്ട് പിന്നിടുന്ന രചനാവൈഭവം പ്രകാശ് പരമേശ്വരൻ എന്ന കലാകാരനെ മാത്രമല്ല കൊട്ടിയം എന്ന നാടിന്റെ പേരു കൂടി മലയാളക്കരയാകെ വരച്ചുകാട്ടും. പാച്ചൻ കൊട്ടിയം എന്ന പേരിൽ അറിയപ്പെടുന്ന പ്രകാശ് പരമേശ്വരൻ എന്ന കാർട്ടൂണിസ്റ്റിന്റെ കലാസപര്യ അച്ചടി ദൃശ്യമാധ്യമങ്ങളിലൂടെ മാലോകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും വളരുകയാണ്.
വരകൾ കൊണ്ട് വിസ്മയം തീർത്ത കൊട്ടിയം പാച്ചന്റെ നാലുപതിറ്റാണ്ട് മുമ്പുള്ള ഒരു കാർട്ടൂണാണ് പിൽക്കാലത്ത് ആനകൾക്ക് വാലിൽ റിഫ്ലക്ടർ ഘടിപ്പിക്കണമെന്ന സർക്കാർ ഉത്തരവിന് കാരണമാക്കിയത്. നാലുപതിറ്റാണ്ടിനിടയിൽ വര കയറിയിറങ്ങാത്ത മേഖലകളില്ല. ഭരണകർത്താക്കളും രാഷ്ട്രീയ-പൊതുപ്രവർത്തനരംഗത്ത് പ്രവർത്തിക്കുന്നവരും കാർട്ടൂൺ, കാരിക്കേച്ചർ കഥാപാത്രങ്ങളായിട്ടുണ്ട്. 1982 ആഗസ്റ്റ് 29നാണ് ആദ്യ കാർട്ടൂൺ അച്ചടിച്ചുവരുന്നത്. അത് ഹിറ്റായതോടെ പാച്ചനും ഹിറ്റായി. കൊല്ലത്തുനിന്ന് പുറത്തിറങ്ങിയിരുന്ന മധുരം വാരികയിലെ പേനാക്കടയിലൂടെയായിരുന്നു തുടക്കം.
കൊട്ടിയം സി.എഫ് ഹൈസ്കൂളിലും കൊല്ലം ശ്രീനാരായണ കോളജിലും പഠിക്കുമ്പോൾതന്നെ വരയോട് അടുപ്പം ഉണ്ടായിരുന്നെങ്കിലും പൂർണതോതിൽ വര തുടങ്ങിയത് കൊട്ടിയം എൻ.എസ്.എസ് കോളജിൽ പഠിക്കുമ്പോഴായിരുന്നു. കാർട്ടൂൺ, കാരിക്കേച്ചർ, ഫോട്ടോഗ്രഫി എന്നിവയിൽ ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
എം.ടി. വാസുദേവൻ നായരുടെ നോവലുകളിലെ കഥാപാത്രങ്ങളെ ആസ്പദമാക്കി വരച്ച നിർമാല്യം കാരിക്കേച്ചറിന് കേരള ചിത്രകല പരിഷത്തിന്റെ വർണമേളം പുരസ്കാരം ലഭിച്ചിരുന്നു. സംവിധായകൻ പി.എ. ബക്കർ സ്മാരക ഫോട്ടോഗ്രഫി അവാർഡ്, കേരള സ്റ്റേറ്റ് റിസോഴ്സ് സെൻറർ പോസ്റ്റർ ഡിസൈൻ അവാർഡ്, ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ അവാർഡ് എന്നിങ്ങനെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ആനയെ കഥാപാത്രമായി ഏറ്റവും കൂടുതൽ കാർട്ടൂണുകൾ വരച്ചതിന് ഇന്ത്യ ബുക്ക് ഓഫ് വേൾഡ് െറേക്കാഡും സ്വന്തമാക്കി.
കാർട്ടൂണുകൾക്കുപുറമെ ഡോക്യുമെന്ററികളുടെയും ഷോർട്ട് ഫിലിമുകളുടെയും രചനയും സംവിധാനവും നിർവഹിച്ചിട്ടുണ്ട്. കേരള കാർട്ടൂൺ അക്കാദമിയുടെയും കൊട്ടിയം ഫെസ്റ്റ് ഫൈൻ ആർട്സ് സൊസൈറ്റിയുടെയും സെക്രട്ടറിയായിരുന്നു. കൊട്ടിയത്തെ സ്വകാര്യ സ്കൂളിൽ ചിത്രകല അധ്യാപകനായ അദ്ദേഹത്തിന് നല്ലൊരു ശിഷ്യഗണം തന്നെയുണ്ട്. വരകളിലൂടെ വിസ്മയം തീർക്കുന്ന കൊട്ടിയം തട്ടാരുവിളവീട്ടിൽ പാച്ചൻ കൊട്ടിയം വരച്ച കാർട്ടൂണുകളും കാരിക്കേച്ചറുകളും ആൽബമാക്കി സൂക്ഷിച്ചിട്ടുണ്ട്.
നാട്ടിലെ മുതിർന്നവരിൽനിന്ന് വിവരങ്ങൾ ശേഖരിച്ച് പാച്ചൻ വരച്ച ‘1950 ലെ കൊട്ടിയം’ എന്ന ചിത്രത്തിന് വളരെയെറെ അംഗീകാരമാണ് ലഭിച്ചത്. പുതുതലമുറക്ക് പഴയ കൊട്ടിയത്തിന്റെ രൂപം മനസ്സിലാക്കാൻ ഇതിലൂടെ കഴിഞ്ഞു. എവിടെയായാലും തന്നൊടൊപ്പം നാടും വേണമെന്നതിനാലാണ് പാച്ചനെന്ന തൂലികാനാമത്തിനൊപ്പം കൊട്ടിയം കൂടി ചേർത്ത് പാച്ചൻ കൊട്ടിയം എന്നാക്കിയത്. ഭാര്യയുടെയും മകന്റെയും മരുമകളുടെയും പ്രോത്സാഹനവും പിന്തുണയും വരകളുടെ ലോകത്ത് കരുത്തായി ഇദ്ദേഹത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.