ഇമാറാത്തിന്റെ ആഘോഷദിനങ്ങളിൽ ആകാശത്തിന്റെ കറുത്ത കാൻവാസിൽ തെളിയുന്ന നിറമുള്ള വെളിച്ചത്തിനന്തൊരു ഭംഗിയാണല്ലേ. ക്യാമറ കണ്ണുകൾ കൂർപ്പിച്ച് പിന്നീടൊരിക്കലും സംഭവിക്കാൻ ഇടയില്ലാത്ത ആ വർണ്ണവെളിച്ചത്തെ നിശ്ചലമാക്കി നിർത്തുന്ന ഓരോ ഫോട്ടോകൾക്ക് പിന്നിലും കഴിവുറ്റൊരു ഫോട്ടോഗ്രാഫറുടെ പ്രതിഭ തെളിഞ്ഞു നിൽക്കുന്നത് കാണാം. വെടിക്കെട്ടുകളെ പ്രണയിച്ച് വർഷങ്ങളായി അത്തരം നിശ്ചല ദൃശ്യങ്ങൾ പകർത്തി ആളുകളെ അത്ഭുതപ്പെടുത്തുകയാണ് കമാൽ കാസിം എന്ന മലയാളി ഫോട്ടോഗ്രാഫർ.
ഷാർജ ആസ്ഥാനമായി പുറത്തിറങ്ങുന്ന ഗൾഫ് ടുഡേ ഇംഗ്ലീഷ് ദിനപത്രത്തിൽ രണ്ടു പതിറ്റാണ്ടു കാലമായി ഫോട്ടോജേർണലിസ്റ്റായി ജോലിചെയ്യുന്ന കമാൽ കാസിമിന് ഫോട്ടോഗ്രഫിയിൽ ഏറ്റവും ഇഷ്ടവിഷയവും വെടികെട്ട് തന്നെയാണ്. രണ്ടു പതിറ്റാണ്ടു കാലമായി യു.എ.ഇയിൽ നടന്ന താൻ പകർത്തിയ വെടിക്കെട്ടു ഫോട്ടോകളുടെ ഒരു ശേഖരം തന്നെയുണ്ട് കമാലിന്റെ പക്കൽ.
പൂരങ്ങളുടെ നാടായ തൃശ്ശൂർ ജില്ലയിലെ ചാവക്കാട് സ്വദേശിയാണ് കമാൽ കാസിം. തൃശ്ശൂർ പൂരത്തിൽ നടക്കാറുള്ള വെടിക്കെട്ട് ഫിലിംക്യാമറയിൽ പകർത്തിയാണ് വെടിക്കെട്ട് ഫോട്ടോഗ്രഫിയിലേക്ക് തുടക്കം കുറിക്കുന്നത്. വർണ്ണാഭമായ നിറക്കൂട്ടുകൾകൊണ്ട് ആകാശത്ത് തെളിയുന്ന വർണ്ണവെളിച്ചങ്ങൾക്കപ്പുറം ആ ഒരുനിമിഷത്തിനായി കാത്തിരുന്ന് ചിന്നിചിതറിയ വെളിച്ചപ്പൊട്ടുകൾ ഒത്തുചേർന്ന് മനോഹരമാക്കിയ ആ വർണ്ണനിമിഷത്തെ ഒറ്റക്ലിക്കിൽ പകർത്തുമ്പോൾ തനിക്ക് ലഭിക്കുന്ന മനസുഖം അത്രതന്നെ വലുതാണെന്നും താത്പര്യമുള്ള ജോലി ചെയ്യുമ്പോൾ മനസിന് ലഭിക്കുന്ന സംതൃപ്തിയാണ് പ്രധാനമെന്നും ഓരോ വെടിക്കെട്ട് ഫോട്ടോ പകർത്തുമ്പോഴും താനാ ജോലി ആസ്വദിക്കുകയാണെന്നും കമാൽ കാസിം പറയുന്നു.
വെടിക്കെട്ടു പ്രദർശനങ്ങൾ ഇമാറാത്തി ദേശിയ അടയാളത്തിന്റെ തന്നെ ഭാഗമായി മാറിയിരിക്കുന്ന ഈ കാലത്ത് വെടിക്കെട്ടില്ലാതെ യു.എ.ഇയിലെ ഒരു ദേശിയ ആഘോഷവും പൂർത്തിയാവില്ല. ഏത് എമിറേറ്റിൽ വെടിക്കെട്ടുണ്ടെന്ന് കേട്ടാലും എല്ലാ ജോലിത്തിരക്കുകളും മാറ്റിവെച്ച് വെടിക്കെട്ട് ഫോട്ടോ പകർത്താൻ കമാൽ അവിടെയുണ്ടാകും. ഞൊടിയിടകൊണ്ട് ആകാശത്ത് തെളിയുന്നതും ഇല്ലാതാകുന്നതുമായ നിമിഷങ്ങൾ ക്യാമറയിൽ പകർത്തുകയെന്നത് ഫോട്ടോഗ്രഫിയിലെ മറ്റുമേഖലകളെ അപേക്ഷിച്ച് വളരെ ശ്രദ്ധയും ക്ഷമയും ആവശ്യമുള്ള ഒന്നാണ്. നിറവും വെളിച്ചവും ദൂരവും എല്ലാം ഒത്തുചേർന്ന അനുയോജ്യമായൊരു സ്ഥലം കണ്ടെത്തുക മുതൽ ക്യാമെറയെല്ലാം സെറ്റുചെയ്തു കേവലം രണ്ടോ മൂന്നോ മിനിറ്റുകൾ മാത്രം വന്നുപോവുന്ന വെളിച്ചങ്ങൾക്കുവേണ്ടിയുള്ള കാത്തിരിപ്പും വെടിക്കെട്ട് ഫോട്ടോകളെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്ഥമാക്കുന്നു.
വെടിക്കെട്ട് ഫോട്ടോപകർത്തുമ്പോഴും സ്നേഹത്തോടെ കമാൽ കാസിമിന് ഒരു പരിഭവമുണ്ട്. മിക്ക എമിറേറ്റിലെയും വെടിക്കെട്ടു സംഘാടകർ ഫോട്ടോ എടുക്കാൻ വിളിക്കാറുണ്ട്. എന്നാൽ, ഈ ചിത്രങ്ങൾ പ്രമുഖ പത്രങ്ങളിൽ അടിച്ചുവരുമ്പോൾ ഫോട്ടോഗ്രാഫറുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ടാവില്ല. തന്റെ വെടികെട്ടുപ്രണയത്തെ കുറിച്ചറിയുന്ന സുഹൃത്തുക്കൾ പത്രത്തിലെ ചിത്രം കണ്ട് വിളിച്ചുപറയുമ്പോൾ, ആ ഫോട്ടോ താനെടുത്തതാണെന്നു പറയാൻകഴിയാത്തതിൽ പലപ്പോഴും ദുഃഖം തോന്നിയിട്ടുണ്ടെന്നും കമാൽ പറയുന്നു.
വെടികെട്ടിനോടുള്ള അതിയായ പ്രണയം കൊണ്ടും വർഷങ്ങളായുള്ള അധ്വാനം കൊണ്ടുമാണ് തനിക്ക് ഇത്രയും മനോഹരമായി ഫോട്ടോകൾ പകർത്താൻ സാധിക്കുന്നതെന്ന് കമാൽ അഭിപ്രായപ്പെടുന്നു. 15 അന്താരാഷ്ട്ര അവാർഡുകളടക്കം 42ഓളം ഫോട്ടോഗ്രാഫി അവാർഡുകൾ ഇതുവരെ കമാലിനെ തേടിയെത്തിയിട്ടുണ്ട്. തുടർച്ചയായി ഏഴ് തവണ ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ ഫോട്ടോഗ്രാഫി അവാർഡ് നേടി. ഇതിൽ നാലു തവണയും വെടിക്കെട്ടായിരുന്നു ഫ്രെയിമിൽ. യു.എ.ഇയിൽ തന്നെ ഫോട്ടോഗ്രാഫിയിൽ ഏറ്റവും കൂടുതൽ അവാർഡുകൾ വാങ്ങിയ ഫോട്ടോഗ്രാഫർമാരിൽ ഒന്നാമതാണ് കമാൽ കാസിം.
ഏകദേശം 32 വർഷമായി ഫോട്ടോഗ്രഫി മേഖലയിലുള്ള കമാൽ, 11 വർഷം ഖത്തറിലായിരുന്നു. ഇപ്പോൾ യു.എ.ഇയിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമാധ്യമായ ഗൾഫ് ടുഡേ, അൽ ഖലീജ് എന്നിവയുടെ ഫോട്ടോജേർണലിസ്റ്റാണ് കമാൽ കാസിം. സുനാമി, ജലക്ഷാമം, ഇന്ത്യ അറബ് സാംസ്കാരിക സൗഹൃദം, മരുഭൂമിയിലെ ജീവിതം, എന്നി വിഷയങ്ങളിലെ കമാലിന്റെ ഫോട്ടോഗ്രാഫി പ്രദർശനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. യു.എ.ഇയിലെ പ്രശസ്തമായ പബ്ലിഷിങ് കമ്പനിയുമായി സഹകരിച്ച് വെടിക്കെട്ട് ഫോട്ടോഗ്രാഫിയെ വിഷയമാക്കി ഇംഗ്ലീഷിൽ സമഗ്രമായ പുസ്തകം തയ്യാറാകുന്നതിന്റെ പണിപ്പുരയിലാണ് കമാൽ കാസിം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.