കാമറ കയ്യിൽകിട്ടിയാൽ പൂക്കളും പുഴയും പ്രകൃതിദൃശ്യങ്ങളും തേടിയിറങ്ങുന്ന ഫോട്ടോഗ്രാഫർമാരുടെ പതിവ് വഴിയിൽ നിന്ന് വേറിട്ട് നടക്കുകയാണ് ദുബൈയിൽ ഒരു മലയാളി ഫോട്ടോഗ്രാഫർ. മാനംമുട്ടെ ഉയർന്നു നിൽക്കുന്ന കെട്ടിടങ്ങളുടെ നിർമാണ വിസ്മയങ്ങളും റോഡുകളിലെ കാഴ്ചകളുമൊക്കെ പകർത്തി അത്യുപൂർവ ഫോട്ടോനിമിഷം സമ്മാനിക്കുന്ന ഇദ്ദേഹം കഴിഞ്ഞ 17 വർഷമായി ദുബൈയിലിരുന്ന കാമറക്കാഴ്ചകൾ തീർക്കുകയാണ്. നാം സ്ഥിരമായ കാണുന്ന താമസകേന്ദ്രങ്ങളും റോഡുകളും വാഹനങ്ങളുമെല്ലാം നിഷാറിെൻറ കാമറ ലെൻസിലൂടെ ഫോട്ടോയായി പുറത്തെത്തുമ്പോൾ ആരുമൊന്നു അമ്പരന്നുപോകും. അത്രത്തോളം പൂർണതയും മനോഹാരിതയുമാണ് ആ ചിത്രങ്ങൾക്ക്.
അന്താരാഷ്ട്ര തലത്തിൽ സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തിൽ ആഗോളതലത്തിലുള്ള പതിനായിരത്തോളം ചിത്രങ്ങളെ മറികടന്ന് ജേതാവായ സന്തോഷത്തിലാണ് തൃശൂർ ഞമനേങ്ങാട് സ്വദേശിയായ നിഷാർ. ലോകമെമ്പാടുമുള്ള ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ കോൺക്രീറ്റിറ്റ് ചെലുത്തുന്ന പങ്ക് വെളുപ്പെടുത്തുന്നതിന് ഗ്ലോബൽ സിമൻറ് ആൻഡ് കോൺക്രീറ്റ് അസോസിയേഷൻ (ജി.സി.സി.എ) സംഘടിപ്പിച്ച മത്സരത്തിലാണ് ദുബൈയിൽ നിന്ന് പകർത്തിയ ചിത്രം ഒന്നാംസ്ഥാനത്തെത്തിയത്. ജി.സി.സി.എയുടെ രണ്ടാം വാർഷിക കോൺക്രീറ്റ് ഇൻ ലൈഫ് ആണ് ഗ്ലോബൽ ഫോട്ടോഗ്രാഫി മത്സരമായിരുന്നു ഇത്.
ബുർജ് ഖലീഫക്ക് മുകളിൽ കയറി ശൈഖ് സായിദ് റോഡിലെ ഡിഫൻസ് റൗണ്ട്അബൗട്ട് ഇൻറർസെക്ഷ െൻറ ആകാശദൃശ്യം പകർത്തിയാണ് ഈ നേട്ടം കൈപ്പടിയിലൊതുക്കിയത്. 2020ൽ ഉമ്പ്ര ഇൻറർനാഷണൽ ഗ്രാൻറ് ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ പുരസ്കാരവും നിഷാറിനെ തേടിയെത്തി. ഫോട്ടോഗ്രാഫി ജീവിതത്തിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ വർഷമായിരുന്നു 2019.
കാപിക്സ് അവരാർഡ്, തോഷിബയുടെ എക്സലൻസ് അവാർഡ്, ഷാർജ മീഡിയ സിറ്റിയുടെ റമദാൻ ഫോട്ടോ ഗ്രാഫി പുരസ്കാരം എന്നിവയായിരുന്നു അതിൽ പ്രധാനം. ഷാർജയിൽ നടന്ന അറേബ്യൻ അശ്വമേളയിൽ ഹോഴ്സ് ഫോട്ടോഗ്രാഫി മത്സരത്തിൽ രണ്ടാ സ്ഥാനവും 2019ൽ സ്വന്തമാക്കി. 2018ൽ നടന്ന ഇതേ മത്സരത്തിൽ ഒന്നാം സ്ഥാനവും നേടിയിരുന്നു . ഉമ്പ്ര ഇൻറർനാഷണൽ ഫോട്ടോഗ്രാഫി പുരസ്കാരം, അൽഐൻ സൂ ഫോട്ടോഗ്രാഫി അവാർഡ് എന്നിവയും 2018ൽ നേടി. 2017ൽ അൽഐൻ സൂ ഫോട്ടോഗ്രാഫി മത്സരത്തിൽ മൂന്നാം സ്ഥാനം ഇദ്ദേഹത്തിനായിരുന്നു.
2002ലാണ് ആർട് ഡയറക്ടറായി ദുബൈയിലെ അഡ്വർട്ടൈസിംഗ് കമ്പനിയിലെത്തിയാണ് പ്രവാസജീവിതത്തിന് തുടക്കമിട്ടത്. വിവിധ രാജ്യങ്ങളിൽ സഞ്ചരിച്ച് വ്യത്യസ്ത കാഴ്ചകളും വേറിട്ട ജീവിതങ്ങളും പകർത്തുന്നത് ഇപ്പോഴും തുടരുകയാണ് ഇൗ വടക്കേക്കാട് സ്വദേശി. ഒറ്റ സ്നാപ്പിൽ ഒതുക്കാനാവുന്നതല്ല, കാമറയുമായി ഇദ്ദേഹം നടത്തിയ സഞ്ചാരങ്ങൾ.
മരുഭൂ കാഴ്ചകളും ഒട്ടകജീവിതവും ഒട്ടേറെ തവണ പകർത്തിയ നിഷാർ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് വേറിട്ട ലൈഫ് സ്കെച്ചുകളും ഒപ്പിയെടുത്തിയിട്ടുണ്ട്. ട്രാവൽ, ഫുഡ്, പ്രോഡക്ട് ഫോട്ടോഗ്രാഫിയിലും മികവ് പുലർത്തുന്ന ഇദ്ദേഹം നിരവധി പ്രദർശനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. നിഷയാണ് ഭാര്യ. മക്കൾ: നൈമ, ആഇശ, ഹയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.