ദോഹ: 23ാം വയസ്സിൽ യുവത്വത്തിന്റെ ചോരത്തിളപ്പുമായാണ് തിരുവല്ല സ്വദേശിയായ കെ. വിജയകുമാർ ഖത്തറിലേക്ക് പ്രവാസിയായി ആദ്യമായി പറന്നെത്തുന്നത്. അറേബ്യൻ പെനിൻസുലയിലെ കുഞ്ഞുരാജ്യം വികസനത്തിന്റെ പാതയിലേക്ക് കുതിച്ചുപായാൻ ഒരുങ്ങുന്ന 1990ലായിരുന്നു ആ പ്രവാസത്തിന്റെ തുടക്കം. രണ്ടു ഘട്ടങ്ങളിലായി 25 വർഷത്തോളം നീണ്ട ഖത്തർ ജീവിതത്തോട് യാത്രപറഞ്ഞ് വ്യാഴാഴ്ചയോടെ നാട്ടിലേക്ക് മടങ്ങുമ്പോൾ ഈ തിരുവല്ലക്കാരന്റെ മനസ്സിൽ ഫ്രെയിമിട്ടു സൂക്ഷിക്കാൻ ഒരുപാട് ചിത്രങ്ങളുണ്ട്. ഫോട്ടോഗ്രാഫറാണ് പ്രഫഷനെങ്കിലും കാൽനൂറ്റാണ്ട് പ്രവാസത്തിൽ 18 വർഷവും ഖത്തർ പൊലീസിലെ ഉദ്യോഗസ്ഥനായിരുന്നു. ആ വേഷത്തിൽനിന്നു തന്നെയാണ് പടിയിറക്കവും.
പ്രീഡിഗ്രി പഠനവും ഫോട്ടോഗ്രഫിയിൽ ഡിേപ്ലാമയും പൂർത്തിയാക്കിയ ശേഷം, 1990ൽ ഒരു അഭിമുഖത്തിലൂടെയായിരുന്നു ഖത്തറിലേക്ക് പറക്കുന്നത്. സ്റ്റുഡിയോ ഫോട്ടോഗ്രാഫറായി തുടങ്ങിയ ശേഷം, ഖത്തറിലെ പ്രമുഖ പത്രമായ ദി പെനിൻസുലയിലും അൽ ശർഖിലുമായി ഫോട്ടോഗ്രാഫറായി ജോലി ചെയ്തു. ഇതിനിടയിലാണ് 1990കളുടെ അവസാനം രണ്ടു വർഷം ഖത്തർ പൊലീസിൽ ജോലിയിൽ പ്രവേശിക്കുന്നത്. 1999ൽ ആസ്ട്രേലിയയിലേക്ക് പോയെങ്കിലും ഏഴു വർഷത്തിനു ശേഷം വീണ്ടും ഖത്തറിലെത്തി.
2006ലെ ഏഷ്യൻ ഗെയിംസിന് ഖത്തർ വേദിയായതിനു പിന്നാലെയായിരുന്നു പൊലീസിൽ ഫോട്ടോഗ്രാഫർ കൂടിയായി ജോലിയിൽ വീണ്ടും പ്രവേശിക്കുന്നത്. ഇപ്പോൾ, ലോകകപ്പ് ഫുട്ബാൾ എന്ന മറ്റൊരു ലോകമേളക്ക് രാജ്യം ഏറ്റവും മനോഹരമായ ആതിഥ്യം വഹിച്ചതിനും സാക്ഷ്യംവഹിച്ച് നാട്ടിലേക്ക് മടങ്ങുമ്പോൾ ഏറെ അഭിമാനം കൊള്ളുന്നതായി വിജയകുമാർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. പൊലീസിലെ സേവനം ഒരു പാട് ഓർമകളാണ് സമ്മാനിക്കുന്നത്. ഈ രാജ്യവും ഇവിടത്തെ പൗരന്മാരും നമ്മൾക്ക് നൽകുന്ന സ്നേഹവും കരുതലും മഹത്തരമാണ്.
മൂന്നു ഭരണാധികാരികളുടെ കാലഘട്ടത്തിലൂടെയും ഈ രാജ്യത്തെ കണ്ടു. വികസനത്തിലും ജനങ്ങളുടെ ക്ഷേമത്തിലും, വിദേശിയെന്നോ സ്വദേശിയെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും നൽകുന്ന കരുതലും മാതൃകാപരമാണ്. വിവിധ രാജ്യങ്ങൾ സന്ദർശിച്ചുവെങ്കിലും എനിക്ക് ഏറെ ഇഷ്ടമായത് ഖത്തറാണ്. ഖത്തരി ഉദ്യോഗസ്ഥന്മാരും പൗരന്മാരും മാത്രമല്ല, വിവിധ രാജ്യക്കാരും നൽകുന്ന പരസ്പര സ്നേഹം മാതൃകാപരമാണ്. ഒപ്പം ജോലിചെയ്തിരുന്ന പാകിസ്താൻ പൗരന്മാരുടെയും സ്നേഹം എടുത്തുപറയേണ്ടതാണ്’ -പതിറ്റാണ്ടുകൾ നീണ്ട പ്രവാസത്തോട് വിടപറഞ്ഞ് നാട്ടിലേക്ക് മടങ്ങുമ്പോൾ വിജയകുമാർ വാചാലനാവുന്നു. കേരള സോഷ്യൽ കൾച്ചറൽ അസോസിയേഷൻ ഉൾപ്പെടെ വിവിധ സംഘടനകളിലും ഇന്ത്യൻ കൾച്ചറൽ സെന്റർ പരിപാടികളിലും സജീവമായിരുന്നു വിജയകുമാർ.
പൊലീസിലെ സേവനകാലയളവിൽ മലയാളികൾ ഉൾപ്പെടെ വിവിധ പ്രവാസികൾക്ക് നിയമപരമായ സഹായങ്ങളും ഉപദേശങ്ങളും നൽകാൻ കഴിഞ്ഞതിന്റെ കൂടി അഭിമാനത്തിലാണ് മടക്കമെന്ന് ഇദ്ദേഹം പറയുന്നു. ഫോട്ടോഗ്രാഫറായ ജീവിതത്തിനിടിയിൽ വിജയകുമാറിന്റെ കാമറയിൽ ഖത്തറിന്റെ പലകാലങ്ങൾ പതിഞ്ഞിട്ടുണ്ട്.
പഴയ 124 എം.എം ഫിലിം യാഷിക കാമറയിൽ തുടങ്ങി പുതിയ കാലത്തെ ഡിജിറ്റൽ മികവുള്ള കാമറയിൽ വരെ ഒപ്പിയെടുത്ത ദൃശ്യങ്ങൾ അറബ് രാജ്യത്തിന്റെ ചരിത്രവും കൂടിയാണ് പകർത്തപ്പെടുന്നത്. നാട്ടിൽ ഹയർസെക്കൻഡറി അധ്യാപികയായ രാജി വിജയകുമാറാണ് ഭാര്യ. എൻജിനീയറിങ് വിദ്യാർഥിയായ അദിത് വിജയകുമാറും കാനഡയിൽ ദന്തഡോക്ടറായി പ്രാക്ടീസ് ചെയ്യുന്ന വർഷ വിജയകുമാറും മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.