കോട്ടക്കല്‍: ജീവിതശൈലീ രോഗങ്ങള്‍ക്ക് പരിഹാരം കണ്ടെത്താൻ ആയുർവേദം പഠിക്കാനിറങ്ങിയിരിക്കുകയാണ് പോർചുഗലിലെ ഡോക്ടറായ ക്ലോഡിയസ് നസാബി. അഞ്ച് വര്‍ഷം മുമ്പാണ് ഇദ്ദേഹം കോട്ടക്കല്‍ ആയുർവേദ കോളജിൽ പഠനമാരംഭിച്ചത്. അലോപ്പതിയില്‍ നീണ്ട 25 വര്‍ഷത്തെ ചികിത്സ പരിചയമുണ്ട് നസാബിക്ക്.
ഇനി അറിയേണ്ടത് ആയുർവേദത്തിന്റെ അനന്ത സാധ്യതകളും ചികിത്സ രീതികളുമാണ്. സ്വന്തം നാട്ടിലെ അലോപ്പതി ഡോക്ടറില്‍നിന്നാണ് ‘മഹര്‍ഷി ആയുര്‍വേദ’ ചികിത്സ കാണുന്നതും മനസ്സിലാക്കുന്നതും. ഇതോടെ ആയുര്‍വേദത്തെ അടുത്തറിയാന്‍ പഞ്ചകർമയില്‍ പഠനം തുടങ്ങി. തുടര്‍ന്ന് ജര്‍മന്‍ ഡ്യൂസ് ബെര്‍ഗ് യൂനിവേഴ്സിറ്റി വഴി അഞ്ച് വര്‍ഷം മുമ്പ് കോട്ടക്കല്‍ വൈദ്യരത്നം പി.എസ്. വാര്യര്‍ ആയുർവേദ കോളജിലെത്തി. തുടര്‍പഠനത്തിന്റെ ഭാഗമായി ഇപ്പോള്‍ മൂന്നാമത്തെ വരവാണിത്.
പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഒരുപാട് പേര് ആയുര്‍വേദത്തെ ഇഷ്ടപ്പെടുന്നുണ്ടെന്നും ഇന്ത്യന്‍ ചികിത്സയും ജർമന്‍ ചികിത്സകളും കൂടിച്ചേരുന്ന സംയോജിത ചികിത്സ പദ്ധതിയാണ് ലക്ഷ്യമിടുന്നതെന്നും ക്ലോഡിയസ് നസാബി പറയുന്നു. ആയുർവേദ കോളജ് വികസിപ്പിച്ചെടുത്ത ‘വേങ്ങര മോഡല്‍’ കോവിഡ് പ്രതിരോധ നടപടികളും ഓട്ടിസം ചികിത്സകളിലെ ‘അഗസ്ത്യ’ പ്രോട്ടോകോളും അന്തര്‍ദേശീയ നിലവാരത്തിൽതന്നെ അറിയപ്പെടുന്നുണ്ട്.
ഇതിന്റെ ശാസ്ത്രീയ വശങ്ങളില് ഡോക്ടര്‍ ആകൃഷ്ടനായിരുന്നു. കോളജ് ശിശുരോഗ വിഭാഗം മേധാവിയും ഗുരുനാഥനുമായ ഡോ. കെ.എസ്. ദിനേശുമായി പ്രത്യേക പരിഗണന നല്കുന്ന കുട്ടികളുടെ ചികിത്സ രീതികള്‍ ഇദ്ദേഹം സ്വായത്തമാക്കി കഴിഞ്ഞു. മർമ ചികിത്സ, സസ്യങ്ങളെക്കുറിച്ചുള്ള പഠനം, രസശാസ്ത്രം എന്നിവ അറിയാനും ഡോ. ശശികുമാറുമായുള്ള കൂടിക്കാഴ്ചയുമാണ് വരവിലെ പ്രധാന ലക്ഷ്യങ്ങള്‍.
യൂറോപ്യന്‍ രാജ്യങ്ങളില്‍ ആയുർവേദത്തിന് പ്രചാരം ലഭിക്കുന്ന സാഹചര്യത്തില്‍ പോര്‍ച്ചുഗല്‍ കേന്ദ്രീകരിച്ചുള്ള ഡോക്ടറുടെ ആയുർവേദ ചികിത്സകേന്ദ്രം പുതിയ ഗവേഷണ പദ്ധതികള്‍ക്ക് രൂപം കൊടുക്കുമെന്ന് ഡോ. കെ.എസ്. ദിനേശ് പറയുന്നു. ഒരു മാസം മുമ്പ് കേരളത്തിലെത്തിയ ഡോക്ടര്‍ താന്‍ പഠിച്ച അലോപ്പതിക്ക് ഒപ്പം ആയുര്‍വേദവും സ്വായത്തമാക്കി മാർച്ച് 31ന് തിരിച്ചുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.