റിയാദ്: മിമിക്രിയിലും നാടകത്തിലും ശബ്ദാനുകരണത്തിന്റെയും വേഷപ്പകർച്ചകളുടെയും നിരവധി മുഹൂർത്തങ്ങൾ പിന്നിട്ട പ്രമോദ് തട്ടകം എന്ന പ്രവാസി കലാകാരൻ 'മൈ ഹൂം മൂസ' എന്ന സുരേഷ് ഗോപി ചിത്രത്തിൽ അതിഥി താരമായി എത്തിയ സന്തോഷത്തിലാണ്. അന്തരിച്ച ക്യാപ്റ്റൻ രാജു എന്ന മഹാനടന്റെ രൂപസാദൃശ്യമാണ് ഈ ചിത്രത്തിൽ അഭിനയിക്കാൻ അവസരമൊരുക്കിയത്. 2000ത്തോളം എൻട്രികളിൽനിന്നാണ് പ്രമോദ് കുമാർ തിരഞ്ഞെടുക്കപ്പെട്ടത്. കേരള മിമിക്രി സംഘടനയായ 'മാ'യിലെ കൂട്ടുകാർ നിർബന്ധിച്ചാണ് ഫോട്ടോ അയച്ചത്.
ക്യാപ്റ്റൻ രാജു എന്ന സെലിബ്രിറ്റിയായിട്ടാണ് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. ആവനാഴി എന്ന സിനിമയുടെ നൂറാം ദിവസമാഘോഷിക്കുന്ന വേദി ജനക്കൂട്ടത്തിന്റെ തള്ളിക്കയറ്റം മൂലം തകർന്നുവീഴുന്നതും ഒരുപാട് പേർക്ക് പരിക്കേൽക്കുന്നതുമായ രംഗമാണ് സിനിമയിലുള്ളത്. കൊടുങ്ങല്ലൂർ വെച്ചായിരുന്നു ഷൂട്ടിങ്. കോസ്റ്റ്യൂമിൽ വന്നപ്പോൾ ക്യാപ്റ്റൻ രാജു എന്ന പ്രതിഭയെ ജനങ്ങൾ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് മനസ്സിലായെന്ന് പ്രമോദ് പറയുന്നു. സംവിധായകൻ ജിബു ജേക്കബ്, നിർമാതാക്കളായ ഡോ. സി.ജെ. റോയ്, തോമസ് തിരുവല്ല, തിരക്കഥാകൃത്ത് രൂബേഷ് റൈൻ എന്നിവരോട് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോഴിക്കോട് സ്വദേശിയായ പ്രമോദ് ദീർഘകാലമായി റിയാദിൽ പ്രവാസിയാണ്. അമച്വർ-പ്രഫഷനൽ നാടകസംഘങ്ങൾ, മിമിക്രി ട്രൂപ്പുകൾ, റേഡിയോ നാടകങ്ങൾ, ഓർക്കസ്ട്രകൾ എന്നിവയുടെയൊക്കെ ഭാഗമായ പ്രമോദ് അവതാരകനുമാണ്. ആകാശവാണിയിൽ ഖാൻ കാവിലിനോടൊപ്പം യുവവാണിയിൽ പ്രവർത്തിച്ചു. ആഹ്വാൻ സെബാസ്റ്റ്യൻ, ജോയ് മാത്യു എന്നിവരോടൊപ്പം കലാരംഗത്ത് പ്രവർത്തിക്കാനും അവസരം ലഭിച്ചു. കൊല്ലം നർമ, കാലിക്കറ്റ് സിറ്റി ബേഡ്സ്, ജോക്സൻ കേരള, സൂപ്പർ ജോക്സ് തുടങ്ങിയ മിമിക്രി വേദികളിലൂടെയാണ് ശബ്ദാനുകരണ രംഗത്ത് നാട്ടിൽ പ്രവർത്തിച്ചത്. ഇതിന് മുമ്പും രണ്ടുമൂന്ന് തവണ സിനിമയിൽ മുഖം കാണിച്ചിട്ടുണ്ട്.
22 വർഷമായി പ്രവാസിയായ പ്രമോദ് റിയാദിൽ സോളാർ അറേബ്യ കമ്പനി ലിമിറ്റഡിൽ 15 വർഷമായി പ്രോജക്ട് ആൻഡ് ടെക്നിക്കൽ മാനേജറായി ജോലി ചെയ്യുന്നു. നാടക ഗുരുക്കന്മാരായ ജയൻ തിരുമന, മനോജ് നാരായണൻ, ജയപ്രകാശ് കൂളൂര്, സുരേഷ് ബാബു ശ്രീസ്ഥ തുടങ്ങിയവരുടെ മർഗനിർദേശങ്ങളാണ് തന്റെ ശക്തിയെന്നും പ്രമോദ് തട്ടകം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.