ഞാൻ ശ്രാവൺ സുരേഷ്. ഏഴു വയസ്സാണെനിക്ക്. കേരളത്തിൽ ഫുട്ബാളിനെ ഏറെ ഇഷ്ടപ്പെടുന്ന മലപ്പുറം ജില്ലയിലാണ് എന്റെ വീട്. ലയണൽ മെസ്സിയെയും അർജന്റീനയെയും ഒരുപാട് സ്നേഹിക്കുന്ന കുട്ടിയാണ് ഞാൻ. അതുകൊണ്ടുതന്നെ, ലോകകപ്പിൽ അർജന്റീന കളിക്കുന്നതു കാണാൻ ഏറെ ആഗ്രഹിച്ചിരുന്നു. ഖത്തറിൽ ലോകകപ്പ് നടക്കുന്നതിനാൽ പോയി കളി കാണാൻ എളുപ്പമാണെന്ന് പലരും പറഞ്ഞതോടെ ആ ആഗ്രഹം വർധിച്ചു. വീട്ടുകാരോടും കൂട്ടുകാരോടുമൊക്കെ ആ ആഗ്രഹം പങ്കുവെക്കുകയും ചെയ്തു.
ലോകകപ്പിലെ ഒരു കളിയെങ്കിലും നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് അതിയായി ആഗ്രഹിച്ചിരിക്കുമ്പോഴാണ് നവംബറിലെ എന്റെ ഏഴാമത്തെ പിറന്നാൾദിനത്തിൽ അച്ഛന്റെ പ്രിയ സുഹൃത്ത് ഹക്കീംക്ക ഖത്തറിൽനിന്നു നാട്ടിലെത്തിയത്. അന്നുതന്നെ അദ്ദേഹം എന്റെ വീട്ടിൽ അപ്രതീക്ഷിതമായി വന്ന് ഖത്തറിൽനിന്ന് അച്ഛൻ കൊടുത്തയച്ച പിറന്നാൾ സമ്മാനം എനിക്ക് നേരിൽ കൈമാറി. സമ്മാനപ്പൊതി തുറന്നുനോക്കിയ ഞാൻ ശരിക്കും അതിശയിച്ചുപോയി. ലോകകപ്പിൽ കളി കാണാനുള്ള ടിക്കറ്റും ഹയ്യാ കാർഡും ഖത്തറിലേക്കുള്ള വിമാന ടിക്കറ്റുമായിരുന്നു ആ സമ്മാനപ്പൊതിക്കുള്ളിൽ ഉണ്ടായിരുന്നത്.
താമസിക്കുന്ന കൊച്ചു ഗ്രാമമായ ചുള്ളോട്ടുപറമ്പിലെ ഫുട്ബാൾ ആരാധകർ ഖത്തറിലേക്ക് യാത്രയാക്കുന്നതിനു മുമ്പ് യുവധാര ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ നൽകിയ യാത്രയയപ്പും അതുപോലെ, ഞാൻ പഠിക്കുന്ന സെന്റ് പോൾസ് ഇ.എം.എച്ച്.എസ്.എസ് കോഹിനൂർ എന്ന വിദ്യാലയത്തിൽ ലഭിച്ച യാത്രയയപ്പും ജീവിതത്തിലെ അസുലഭ നിമിഷങ്ങളായിരുന്നു.
നവംബർ 21ന് കേരള സംസ്ഥാന സർക്കാറിന്റെ ലഹരി മരുന്നുകൾക്കെതിരെയുള്ള കാമ്പയിനായ ‘വൺ മില്യൺ ഗോൾ’ എന്ന പരിപാടിയുടെ മലപ്പുറം ജില്ലതല ഉദ്ഘാടന വേദിയിൽ കായിക വികസന മന്ത്രി വി. അബ്ദുറഹ്മാൻ സാറിന്റെ കൈകളാൽ ഹയ്യാ കാർഡ് എനിക്ക് അണിയിച്ച് തന്നു. ‘വൺ മില്യൺ ഗോൾ’ ഉദ്ഘാടനമായി മന്ത്രി ഗോളടിച്ചതിനൊപ്പം ഗോളടിക്കാൻ എനിക്കും അവസരം ലഭിച്ചത് മറക്കാനാവാത്ത അനുഭവമായിരുന്നു. നവംബർ 26ന് ശനിയാഴ്ച കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ദോഹയിലേക്കുള്ള യാത്രാദിവസം കസ്റ്റംസ് സൂപ്രണ്ട് പ്രകാശൻ സർ, നിഖിൽ സർ എന്നിവർ എന്നെ സ്വീകരിക്കാനും യാത്രയാക്കാനും കണ്ണൂർ എയർപോർട്ടിൽ ഉണ്ടായിരുന്നത് സന്തോഷകരമായ നിമിഷങ്ങളായിരുന്നു. ദോഹയിൽ ഹമദ് അന്തർദേശീയ വിമാനത്താവളത്തിൽ ഖത്തർ സമന്വയ കൂട്ടായ്മയുടെ നേതാക്കൾ എനിക്ക് സ്വീകരണം നൽകി.
കുട്ടിയായ എനിക്ക് ഈ ലോകകപ്പ് വലിയ അതിശയങ്ങളാണ് നൽകിയത്. എന്റെ ജീവിതത്തിലെ മറക്കാനാകാത്തതും മനസ്സിൽ സൂക്ഷിക്കാവുന്നതുമായ വളരെയധികം സന്തോഷനിമിഷങ്ങൾ അത് നൽകി. കഴിഞ്ഞ ഏപ്രിൽ, മേയ് മാസങ്ങളിൽ ഖത്തറിലേക്കുള്ള ആദ്യയാത്രയിൽ തന്നെ ഞാനാവശ്യപ്പെട്ടതനുസരിച്ച് ലോകകപ്പ് നടക്കുന്ന എട്ട് സ്റ്റേഡിയങ്ങളും നേരിൽ പോയി കാണാനുള്ള അതിയായ ആഗ്രഹം അച്ഛൻ സാധിപ്പിച്ചുതന്നിരുന്നു. അതിനു പിന്നാലെയായിരുന്നു കളി കാണാനുള്ള ആവേശയാത്ര.
ഒരാഴ്ചയേ ഞാൻ ഖത്തറിൽ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, ഒരായുസ്സ് മുഴുവൻ ഓർക്കാനും താലോലിക്കാനുമുള്ള അനുഭവങ്ങളാണ് ഖത്തർ നൽകിയത്. എവിടെയും ഉത്സവമയം. ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ സെനഗാളും എക്വഡോറും തമ്മിലുള്ള വാശിയേറിയ മത്സരം നേരിൽ കണ്ടു.
ഓരോ ദിവസവും ഓരോ ഫാൻസോണിൽ നിന്നും വ്യത്യസ്തങ്ങളായ കളികൾ കണ്ടു. വിവിധ കലാപരിപാടികൾ, മെട്രോ യാത്രകൾ, സൂഖ് വാഖിഫ്, ലുസൈൽ, ഫ്ലാഗ് പ്ലാസ, ആഡംബര കപ്പലുകൾ തുടങ്ങി പല കാഴ്ചകളും കണ്ടു. പല രാജ്യക്കാരെയും ഒന്നിച്ച് കാണാൻ പറ്റി. കാണികളും ഏറ്റുപറഞ്ഞുകൊണ്ടിരുന്ന ‘മെട്രോ ദിസ് വേ’ എന്നത് മറക്കാനാവാത്തതായിരുന്നു. അവർക്കൊപ്പം പലപ്പോഴും ഞാനും അതേറ്റു പറഞ്ഞു. ഇപ്പോഴും അതെന്റെ മനസ്സിലുണ്ട്. അതുപോലെ മറക്കാനാകാത്ത ഒരുപാട് അനുഭവങ്ങളാണ് ഖത്തർ നൽകിയത്.
അർജന്റീന ആരാധകനായ എനിക്ക് അവരുടെ കളി നേരിൽ കാണാൻ കഴിഞ്ഞില്ലെങ്കിലും അൽബിദ ഫാൻ സോണിലെ വലിയ സ്ക്രീനിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആരാധകർക്കൊപ്പം മത്സരങ്ങൾ കാണാൻ കഴിഞ്ഞത് വലിയ സന്തോഷം നൽകി. ഒട്ടേറെ കാഴ്ചകൾ നേരിൽ കണ്ട ഒരാഴ്ച പെട്ടെന്നവസാനിച്ചപോലെയാണ് തോന്നിയത്. നന്ദി ഖത്തർ രാജാവിനും, ഖത്തർ എന്ന രാജ്യത്തിനും. ഒപ്പം ലോകകപ്പ് കളി കാണണം എന്ന എന്റെ ആഗ്രഹം സാധിപ്പിച്ചുതന്ന പ്രിയപ്പെട്ട അച്ഛനും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.