മനാമ: കാൽനൂറ്റാണ്ട് നീണ്ട ബഹ്റൈൻ പ്രവാസം അവസാനിപ്പിച്ച് സന്തോഷ് കിടങ്ങന്നൂരും കുടുംബവും യു.കെയിലേക്ക് പോകുന്നു. യാക്കൂബി ഉദ്യോഗസ്ഥനെന്ന നിലയിലും കലാസാംസ്കാരിക, മാധ്യമ മേഖലകളിലെ നിറസാന്നിധ്യമെന്ന നിലയിലും പ്രവാസികൾക്ക് സുപരിചിതനായിരുന്നു പത്തനംതിട്ട ചെങ്ങന്നൂരിനടുത്ത് കിടങ്ങന്നൂർ സ്വദേശിയായ സന്തോഷ്.
1997ലാണ് സന്തോഷ് ബഹ്റൈനിലെത്തിയത്. അന്നുമുതൽ യാക്കൂബിയിലായിരുന്നു ജോലി. യാക്കൂബി മാർക്കറ്റിങ് മാനേജർ എന്നനിലയിൽ പ്രവർത്തിക്കുമ്പോൾതന്നെ ജയ്ഹിന്ദ് ചാനലിലും പ്രവർത്തിച്ചു. പ്രോഗ്രാം ഡയറക്ടർ എന്നനിലയിൽ പ്രവാസികളുടെ വിഷയങ്ങൾ കോർത്തിണക്കി നിരവധി പരിപാടികൾ സംവിധാനം ചെയ്തു.
സന്തോഷ് അവതരിപ്പിച്ച വിഷൻ അറേബ്യ എന്ന പരിപാടി ശ്രദ്ധേയമായിരുന്നു. ഒ.ഐ.സി.സി പ്രവർത്തകൻ എന്നനിലയിലും ജീവകാരുണ്യമേഖലയിലും സജീവമായിരുന്നു. കോവിഡ് കാലത്ത് ഭക്ഷണവും ജോലിയുമില്ലാതെ കഷ്ടപ്പെട്ട നിരവധിപേർക്ക് താമസസ്ഥലത്ത് ഭക്ഷണവും മരുന്നുമെത്തിക്കാൻ കഴിഞ്ഞു.
ആരോഗ്യമന്ത്രാലയത്തിൽ ഉദ്യോഗസ്ഥയായിരുന്ന ഭാര്യ ജൂലിയുടെ സഹായം അന്ന് ഏറെ പ്രയോജനപ്പെട്ടു. ഗാനരചയിതാവ്, സംഗീത സംവിധായകൻ എന്നീ നിലകളിലും സന്തോഷ് ശ്രദ്ധേയനാണ്. നിരവധി ഭക്തിഗാനങ്ങൾക്ക് ജീവൻനൽകി. ‘ജീവനാഥന്റെ സ്പർശനം’ എന്നപേരിൽ അടുത്തിടെ പുറത്തിറങ്ങിയ വിഡിയോ അഭിനന്ദനങ്ങൾ ഏറെ സമ്മാനിച്ചു. നല്ല സൗഹൃദങ്ങൾ സമ്മാനിച്ച ബഹ്റൈൻ പോറ്റമ്മയല്ല, പെറ്റമ്മതന്നെ ആയിരുന്നെന്ന് അദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.